പരീക്ഷഹാളില്‍നിന്ന് വിവാഹ വേദിയിലെത്തി അബിന
text_fieldsപാങ്ങോട്: പരീക്ഷ ഹാളില്‍നിന്നും കല്യാണ മണ്ഡപത്തിലെത്തി പുതുജീവിതത്തിലേക്ക്. അബിനക്ക് എന്നെന്നും ഓര്‍ക്കാനുള്ള ഇരട്ട അനുഭവം സമ്മാനിച്ചദിനമായി മാറി 2022 മേയ് 18. രാവിലെ 10ന് പാങ്ങോട് മന്നാനിയ്യ കോളജില്‍ നടന്ന കേരള യൂനിവേഴ്സിറ്റി ബി.കോം വൈവവോസി പരീക്ഷക്ക് വിവാഹ വേഷത്തില്‍ എത്തുകയും പരീക്ഷ കഴിഞ്ഞ് അര മണിക്കൂറിനുള്ളല്‍ വിവാഹ വേദിയായ കാഞ്ഞിരത്തുംമൂട് എം.ജി ഹാളിലെത്തി ചടയമംഗലം പോരേടം നൈജാസ് മഹലില്‍ നൗഷാദിന്റെയും ഷീജയുടെയും മകന് നൈജാസിന്റെ ജീവിത പങ്കാളിയായി മാറുകയുമായിരുന്നു. വ്യാഴാഴ്ചയാണ് പരീക്ഷ നടക്കേണ്ടിയിരുന്നത്. യൂനിവേഴ്സിറ്റി പരീക്ഷ ഒരാഴ്ചത്തേക്ക് നീട്ടിയത് കാരണം കല്യാണവും പരീക്ഷയും ഒരേ ദിവസമായി.
എന്നാല്‍, പരീക്ഷയും വിവാഹവും ഒരേ ദിവസമായതിന്റെ ആശങ്കയൊന്നുമില്ലാതെ പിതാവായ കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട് അബിന മന്‍സിലില്‍ സഫറുല്ല, മാതാവ് നബീസത്ത് എന്നിവരും അടുത്ത ബന്ധുക്കളില്‍ ചിലരുമൊന്നിച്ചാണ് അബിന കോളജിലെത്തിയത്. അബിനയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിവസത്തില്‍ പരീക്ഷയുംകൂടി ഒത്തു വന്നത് ഒരു തരത്തിലും ബുദ്ധിമുട്ടായി തോന്നാതിരിക്കാന്‍ കോളജ് അധികൃതരും പ്രത്യേകം ശ്രദ്ധ പുലര്‍ത്തി.
ആദ്യംതന്നെ പരീക്ഷക്ക് അവസരം നൽകാന് കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി. നസീറും കോമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ആര്. സുമയും സൂപ്രണ്ട് കടയ്ക്കല്‍ ജുനൈദും പ്രത്യേകം താൽപര്യം കാണിച്ചു. മന്നാനിയ്യ കോളജ് പൂര്‍വ വിദ്യാർഥിയും ഇപ്പോള്‍ ഗവ. വിമൻസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറുമായ ഷാജഹാനായിരുന്നു വൈവവോസി നടത്തിയത്. ആറ്റിങ്ങൽ ഗവ. കോളജ് അസോസിയേറ്റ് പ്രഫസര്‍ സുനില്‍ കുമാറായിരുന്നു ചീഫ് എക്സാമിനര്‍. പരീക്ഷ കഴിഞ്ഞിറങ്ങിയ അബിനയെ പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സോടെ അനുഗ്രഹിച്ചണ് എക്സാമിനര്‍മാരും അധ്യാപകരും സഹപാഠികളും വിവാഹവേദിയിലേക്ക് യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.