കലഹം ഗൗനിക്കാതെ അധ്യക്ഷയായി; തിളങ്ങി ഇന്ദു ടീച്ചർ...
text_fieldsആലപ്പുഴ: സി.പി.എമ്മിൽ അത്ര പതിവില്ലാത്ത പ്രത്യക്ഷകോലാഹലങ്ങൾ തീർത്തും വകവെക്കാതെയാണ് ആലപ്പുഴ നഗരസഭ അധ്യക്ഷ സ്ഥാനത്ത് സൗമ്യരാജ് ഉപവിഷ്ടയായത്. പാർട്ടിയിൽ സീനിയറായ വനിതക്കായി തെരുവിൽ നടന്ന പ്രകടനംപോലും അവഗണിച്ച് സൗമ്യരാജ് എന്ന ഇന്ദു ടീച്ചർ ഭരണം ഏറ്റെടുക്കുമ്പോൾ നല്ല പ്രതീക്ഷകൾ പാർട്ടിയിൽ കൂടുതൽ പേർക്കും ഉണ്ടായിരുന്നില്ല. മുതിർന്ന സി.പി.എം നേതാക്കളിൽ ചിലരുടെ നോമിനിയെന്നതും വ്യക്തിതിളക്കവും തുണക്കുകയായിരുന്നു ഇവരെ. ഭരണനേട്ടം കൊണ്ട് വിമർശകരെ നിശ്ശബ്ദമാക്കുന്നതിലും ജനത്തിന്റെ കൈയടി നേടുന്നതിലും ഇവർ വിജയിച്ചതായാണ് വിലയിരുത്തൽ.
പാർട്ടിയും പിന്നെ ജി. സുധാകരൻ സാറുമാണ് നേട്ടത്തിന്റെ ചാലകശക്തിയെന്ന് തുറന്നു പറയുന്നു അവർ. റോൾമോഡൽ സുധാകരൻ സാർ തന്നെ. അേദ്ദഹത്തിന്റെ വ്യക്തിപ്രഭാവം സമ്മതിക്കാതെ വയ്യ. അദ്ദേഹമാണ് പൊതുപ്രവർത്തകയാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്.
അധ്യാപികയുടെ ദിനചര്യകളിൽനിന്ന് മാറി മുഴുവൻ സമയ പൊതുപ്രവർത്തകയാകുകയും ജനസേവനം നെഞ്ചിലേറ്റുകയും ചെയ്തതോടെയാണ് നഗരസഭ തലപ്പത്ത് വിജയിക്കാനായത്. രാജ്യത്തെ ശ്രദ്ധേയമായ നഗരസഭകളുടെ മുൻനിരയിലേക്ക് ഉയർന്നുവെന്ന അഭിമാനനേട്ടം കൈവരിച്ചാണ് ആലപ്പുഴ നഗരസഭ 2022നോട് വിട പറയുന്നത്. ഒരു ലക്ഷം മുതൽ മൂന്നുലക്ഷംവരെ ജനസംഖ്യയുള്ള രാജ്യത്തെ 1850 നഗരങ്ങളുമായി മത്സരിച്ചാണ്, കേന്ദ്രസർക്കാറിന്റെ സ്വച്ഛ് ഭാരത് പുരസ്കാരവും സ്വച്ഛ് സർവേക്ഷനിൽ കേരളത്തിൽ ഒന്നാം സ്ഥാനവും നേടിയത്.
അഭിമാന പദ്ധതിയായ നിർമലഭവനം നിർമലനഗരം, അഴകോടെ ആലപ്പുഴ, നഗരമാലിന്യത്തെ വികേന്ദ്രീകൃത സംസ്കരണ മാർഗങ്ങളിലൂടെ സംസ്കരിച്ച് ജൈവവളമാക്കി കൃഷിക്ക് ഉപയുക്തമാക്കുന്ന രീതി, മാലിന്യനിക്ഷേപമില്ലാത്ത വൃത്തിയുള്ള പാതയോരങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ശുചീകരണം, സമ്പൂർണശുചിത്വ പദവിയിലേക്കുയരുന്ന നഗരം എന്നിങ്ങനെ നിരവധി പദ്ധതികളാണ് നഗരസഭയെ ഈ പുരസ്കാരനേട്ടത്തിന് അർഹമാക്കിയത്.
വികസനത്തിലും ശുചിത്വത്തിലും ജൈവകൃഷിയിലും നൂറുമേനി മികവുമായാണ് നഗരസഭ 2023നെ വരവേൽക്കുന്നത്. ‘സ്നേഹപൂർവം പാലിയേറ്റിവ് കെയർ’ എന്ന പേരിൽ പാലിയേറ്റിവ് രംഗത്ത് നടത്തുന്ന പ്രവർത്തനം വാർഡുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി നഗരസഭതല കമ്മിറ്റി രൂപവത്കരിച്ചു കഴിഞ്ഞു. ഫുഡ്-ആർട്ട് സ്ട്രീറ്റ് ‘അഴകോടെ ആലപ്പുഴ-ഈവനിങ് ഫുഡ് -ആർട്ട് സ്ട്രീറ്റ് -നൈറ്റ് ലൈഫ് പദ്ധതിക്ക് തുടക്കം കുറിച്ചു. നഗരസഭ സിവിൽ സ്റ്റേഷൻ വാർഡിലെ ലൈറ്റ്ഹൗസിന് സമീപത്തുനിന്ന് തെക്കോട്ട് എഫ്.സി.ഐ ഗോഡൗണിന് മുന്നിലൂടെയുള്ള എലിഫന്റ് ഗേറ്റ് റോഡ് വൈകീട്ട് അഞ്ചുമുതൽ 12 വരെ ഫുഡ് ആർട്ട് സ്ട്രീറ്റാക്കി മാറ്റാൻ തീരുമാനിച്ചു.
ലൈഫ് ഭവനപദ്ധതിയിൽ ആകെ എട്ട് ഡി.പി.ആർ മുഖാന്തരം നഗരസഭക്ക് 4352 വീടുകൾക്ക് അംഗീകാരം ലഭിക്കുകയും ഇതിൽ കരാർവെച്ച് 3464 വീടുകൾക്ക് ഒന്നാം ഗഡു നൽകുകയും ചെയ്തു. വാസയോഗ്യമായ രീതിയിൽ 2500 വീടുകൾ നിർമാണം പൂർത്തിയാക്കി 2020ലെ നഗരസഭ ഇടതു ഭരണസമിതി അധികാരമേറ്റശേഷം 958 വീടുകൾ പൂർത്തീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.