രാജാജി നഗറിന് ഇത് സ്നേഹസമ്മാനം
text_fieldsതിരുവനന്തപുരം: 52ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിന്‍റെ തിളക്കത്തിലാണ് രാജാജി നഗർ കോളനി. ഫ്ലാറ്റ് നമ്പർ ബി-മൂന്നിൽ ഇന്ന് ഇവർക്കൊരു നടിയുണ്ട്, സംസ്ഥാനത്തെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ സ്നേഹ അനുവാണ് ഇപ്പോൾ ഇവിടെ താരം.
കോർപറേഷൻ സ്വീപ്പർ ജീവനക്കാരനായ കെ.എൻ. അനുവിന്‍റെയും എം.എസ്. നിഷയുടെയും മകളായ സ്നേഹ, ഖയസ് മിലൻ സംവിധാനം ചെയ്ത 'തല' എന്ന ചിത്രത്തിലെ മല്ലു എന്ന കഥാപാത്രത്തിലൂടെയാണ് പുരസ്കാരത്തിലേക്ക് നടന്നുകയറിയത്. കോട്ടൺഹിൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
ചേരിപ്രദേശത്ത് ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ അരക്ഷിതാവസ്ഥയും അതിജീവനവുമൊക്കെയാണ് ഈ കൊച്ചുചിത്രത്തിലെ പ്രമേയം. രാജാജിനഗറിലുള്ള പത്തോളം കുട്ടികളും ഈ ചിത്രത്തിൽ വേഷമിട്ടു. സിനിമയുടെ ഏറിയ ഭാഗവും ചിത്രീകരിച്ചിരിക്കുന്നതും ഇതേ കോളനിയിലാണ്. 2017ലായിരുന്നു ഓഡിഷൻ. ചിത്രീകരണം വൈകി. ലോക്ഡൗണിൽ ചിത്രീകരണം നിർത്തി.
മാസങ്ങളുടെ ഇടവേളകളെടുത്താണ് സ്നേഹയുടെ സീനുകളെടുത്തത്. നർത്തകിയാകാനാണ് സ്നേഹയുടെ ആഗ്രഹം. ശാസ്ത്രീയമായി നൃത്തം പഠിച്ചിട്ടില്ല. വീട്ടിൽ മൊബൈലും ടെലിവിഷനും വഴിയാണ് നൃത്തം പഠിക്കുന്നത്. സംവിധായകനും നടനുമായ പത്മകുമാർ സംവിധാനം ചെയ്ത രൂപാന്തരം എന്ന ഷോർട്ട് ഫിലിമിലാണ് അരങ്ങേറ്റം. അതിലെ അഭിനയത്തിന് ഗോവ ചലച്ചിത്രമേളയിൽ പ്രശംസ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.