തെരുവരങ്ങിൽ വേഷമില്ലാതെ സൂസൻ രാജ്
text_fieldsതിരുവനന്തപുരം: അരങ്ങിലെ വെളിച്ചമില്ല, പകരം കത്തിയാളുന്ന ഉച്ചവെയിൽ വെളിച്ചം. രംഗവിതാനമായി ആകെയുള്ളത് നാലായി മടക്കിവെക്കാവുന്ന റോഡുവക്കിലെ മരത്തട്ട്. അതു മറയ്ക്കാൻ കറുത്ത പ്ലാസ്റ്റിക് ഷീറ്റും... ഈ രംഗവേദിയിലേത് നാടകമല്ല, പച്ചയായ ജീവിതക്കാഴ്ച. കഥാപാത്രങ്ങൾക്ക് ആത്മാവ് നൽകി അരങ്ങിൽ നിറഞ്ഞാടിയ സൂസൻ രാജ് ജീവിതാവസ്ഥകളുടെ നിസ്സഹായതകളിൽ ചമയങ്ങളഴിച്ച് തെരുവിൽ ഭാഗ്യം വിൽക്കുകയാണ്.
അമച്വർ വേദികളിലും കെ.പി.എ.സി അടക്കം നിരവധി പ്രഫഷനൽ ട്രൂപ്പുകളിലുമായി നാലായിരത്തോളം നാടകങ്ങളിൽ വേഷമിട്ടെങ്കിലും ഈ 63 കാരി ഇപ്പോൾ തമ്പാനൂർ അരിസ്റ്റോ ജങ്ഷനിൽ ലോട്ടറി വിറ്റാണ് ഉപജീവനം കണ്ടെത്തുന്നത്. അവസാന നാടകട്രൂപ്പായ കെ.പി.എ.സിയിൽനിന്ന് ആരോഗ്യപ്രശ്നങ്ങൾമൂലം 2005ൽ പടിയിറങ്ങി. പിന്നീട് മരുന്നിനും മറ്റുമുള്ള വക കണ്ടെത്താൻ പല ജോലികളും ചെയ്തു.
എട്ടു വയസ്സുള്ളപ്പോൾ നാടകത്തിലെത്തിയ സൂസൻ ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സി.എ. പോൾ, പൂജപ്പുര രവി എന്നിവർക്കൊപ്പമാണ് അഭിനയിച്ച് തുടങ്ങിയത്. കലാനിലയമായിരുന്നു ആദ്യ വേദി.
15ാം വയസ്സിൽ വിവാഹം. മൂത്ത മകനെ പ്രസവിച്ച് 55ാം ദിവസം ഒരു കൈയിൽ തൊട്ടിലും തുണിയും മറുകൈയിൽ നാടകവേഷവുമായി വീണ്ടും തട്ടിലേക്ക്. 1000 ഓളം അമച്വർ നാടകങ്ങൾക്ക് ശേഷമാണ് പ്രഫഷനൽ വേദികളിലെത്തുന്നത്. 10 വർഷം മുമ്പ് ഭർത്താവ് മരിച്ചു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞതിനാൽ ആഴ്ചയിൽ 500 രൂപ മരുന്നിന് വേണം. ഇതിനായാണ് ഒടുക്കം ലോട്ടറി വിൽപനക്കാരിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.