ആദിലയെ കണ്ടുപഠിക്കാം; പഠനത്തിനൊപ്പം പത്ര വിതരണവും...
text_fieldsമൂവാറ്റുപുഴ: പഠനത്തിനൊപ്പം പത്രവിതരണത്തിനും സമയം കണ്ടെത്തുകയാണ് ആദില. സാധാരണ കുട്ടികൾ സ്കൂൾ അവധിക്കാലത്ത് ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോഴും ആദില എന്ന പ്ലസ് ടു വിദ്യാർഥിനി പഠനത്തിനൊപ്പം പത്രവിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പത്രവരിസംഖ്യ പിരിക്കുന്നതിലും ഈ മിടുക്കി സമയം കണ്ടെത്തുന്നുണ്ട്. മാധ്യമമടക്കമുള്ള പത്രങ്ങളുടെ പായിപ്ര ഏജന്റ് ചെറുവട്ടൂർ പൂവത്തുംചുവട്ടിൽ അബ്ദുൽ സലാമിന്റെ മകളാണ് ആദില.
പുലർച്ച നാലിന് പിതാവിനൊപ്പം പായിപ്ര കവലയിൽ എത്തി പത്രങ്ങൾ എണ്ണിത്തിട്ടപ്പെടുത്തും. അഞ്ചരയോടെയാണ് വിതരണത്തിന് പുറപ്പെടുന്നത്. പായിപ്ര, ചെറുവട്ടൂർ തുടങ്ങിയ മേഖലകളിലെ പത്രവിതരണത്തിനുശേഷം ഏഴരയോടെ വീട്ടിലെത്തും. പത്രവിതരണത്തിന് ആളെ കിട്ടാനില്ലാത്ത ഈ കാലത്ത് പിതാവിന്റെ ബദ്ധപ്പാട് കണ്ടാണ് ആദില ഈ രംഗത്തെത്തിയത്. പിന്നെ ഇതൊരു ഹരമായി.
പുലർച്ച എഴുന്നേൽക്കാമെന്നതിനുപുറമെ പിതാവിനെ തന്നാലാകുംവിധം സഹായിക്കാമെന്നതും ഈ രംഗത്ത് സജീവമാകാൻ കാരണമായി. പഠിക്കാൻ മിടുക്കിയായ ആദില പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ്. ഫുൾ എ പ്ലസ് നേടിയാണ് എസ്.എസ്.എൽ.സി പാസായത്. പ്ലസ് ടു പരീക്ഷയിലും ഫുൾ എ പ്ലസ് നേടുമെന്ന ആത്മവിശ്വാസത്തിലാണ്. ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിലും പങ്കെടുത്തു. ബി.എസ്സി നഴ്സിങ് പാസായി ആരോഗ്യരംഗത്ത് സജീവമാകാനാണ് ആഗ്രഹം. മകൾക്ക് പിന്തുണയുമായി മാതാവ് ഐഷാബീഗവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.