പ്രയാസകരമായ പ്രവാസം മറികടന്ന് ഷീബ നാടണഞ്ഞു
text_fieldsകുവൈത്ത് സിറ്റി: അസുഖവും പാസ്പോർട്ട് കൈയിലില്ലാത്തതുകൊണ്ടും നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെട്ട സ്ത്രീയെ പ്രവാസി വെൽഫെയർ കുവൈത്ത് ഇടപെട്ട് നാട്ടിലെത്തിച്ചു. കൊല്ലം സ്വദേശി ഷീബ ഷാജുകുമാറിനാണ് പ്രവാസി വെൽഫെയർ കുവൈത്ത് സഹായകമായത്. ഹൃദ്രോഗസംബന്ധമായ പ്രയാസങ്ങൾ അലട്ടിയിരുന്ന ഷീബയുടെ പ്രയാസങ്ങൾ പ്രവാസി വെൽഫെയർ കുവൈത്ത് പത്തനംതിട്ട ജില്ല പ്രസിഡന്റ് ഗീത പ്രശാന്ത്, ടീം വെൽഫെയർ കോഴിക്കോട് ജില്ല വനിതാക്ഷേമം കൺവീനർ മറിയക്കുട്ടി എന്നിവരിലൂടെയാണ് ടീം വെൽഫെയർ അറിയുന്നത്.
തുടർന്ന് പ്രവാസി വെൽഫെയർ അബ്ബാസിയ യൂനിറ്റ് പ്രസിഡന്റ് നസീറിന്റെ നേതൃത്വത്തിൽ ടീം വെൽഫെയർ പ്രവർത്തകർ ഷീബയെ സന്ദർശിച്ചു. നാട്ടിൽ പോകണമെന്നും മക്കളെ കാണണമെന്നും അവർ അറിയിച്ചു. എന്നാൽ, അതിന് പല തടസ്സങ്ങളുമുണ്ടായിരുന്നു. രോഗവും ജോലിക്കു പോകാൻ കഴിയാഞ്ഞതുകൊണ്ടും ഏഴുവർഷമായി നാട്ടിൽ പോകാൻപോലും കഴിയാതെ സാമ്പത്തികപ്രയാസത്തിലായിരുന്നു ഷീബ. നിത്യച്ചെലവിനായി പാസ്പോർട്ട് പണയംവെച്ച് കുറച്ചു പണം വ്യക്തിയിൽനിന്നു പലിശക്ക് വാങ്ങിയിരുന്നു. ഇത് തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല.
ടീം വെൽഫെയർ പാസ്പോർട്ട് പണയംവെച്ച വ്യക്തിയുമായി നിരന്തരം ബന്ധപ്പെട്ട് രണ്ടു വർഷത്തോളമുള്ള പലിശ ഒഴിവാക്കി. ഷീബ വാങ്ങിയ തുകയും സ്വരൂപിച്ചുനൽകി പാസ്പോർട്ട് വീണ്ടെടുത്തു. എന്നാൽ, ഇതിനിടെ ഷീബയുടെ വിസ കാലാവധി കഴിഞ്ഞിട്ട് രണ്ടു മാസത്തിലധികമായിരുന്നു. തുടർന്ന് ഷീബയുടെ രോഗാവസ്ഥയും എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കണം എന്നുള്ള വിവരവും ടീം വെൽഫെയർ സ്പോൺസറെ ധരിപ്പിച്ചു. മനസ്സലിഞ്ഞ സ്പോൺസർ കറാമയുടെ പകുതി അടക്കാൻ സന്നദ്ധനായി. ബാക്കി തുക ടീം വെൽഫെയർ ഏറ്റെടുത്തു വിസപ്രശ്നം പരിഹരിച്ചു.
വിമാനയാത്ര ടിക്കറ്റിനുള്ള 170 ദീനാറും സുമനസ്സുകൾ, കനിവ് ചാരിറ്റി വിങ് എന്നിവയുടെ സഹായത്താൽ ടീം വെൽഫെയർ കണ്ടെത്തി യാത്രയാക്കി. ടീം വെൽഫെയർ അംഗങ്ങളായ സി. ഫവാസ്, എം.കെ. നജീബ് എന്നിവർ ഷീബക്ക് സഹായവുമായി നാട്ടിലേക്കുള്ള യാത്രയിൽ കൂടെയുണ്ടായിരുന്നു. നെടുമ്പാശ്ശേരിയിൽനിന്നു ജന്മദേശമായ കൊല്ലത്തേക്കുള്ള ട്രെയിൻ ടിക്കറ്റും വഴിച്ചെലവിനായി 2000 രൂപയും നൽകിയാണ് പ്രവാസി വെൽഫെയർ കുവൈത്ത് ഷീബയെ യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.