വിദ്യാർഥികാലത്തേക്ക് ‘തിരികെ’ നടന്ന് ഐഷാബി ടീച്ചർ
text_fieldsകൊടുങ്ങല്ലൂർ: സ്കൂൾ വിദ്യാർഥി കാലത്തിന്റെ കളിരസങ്ങളിലേക്ക് തിരികെ നടന്ന് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഐഷാബി ടീച്ചർ (77). കുടുംബശ്രീയുടെ ‘തിരികെ’യിലൂടെയാണ് ഇവർ വീണ്ടും സ്കൂളിന്റെ പടികയറിയെത്തിയത്.
സ്കർട്ടും ഷർട്ടും ധരിച്ച് മുടി മെടഞ്ഞ് റിബൺ കെട്ടി കഴുത്തിൽ വാട്ടർബോട്ടിലും കൈയിൽ പുസ്തകം വഹിക്കുന്ന അലൂമിനിയം പെട്ടിയും പിടിച്ച് ചുറുചുറുക്കോടെയാണ് ഇവർ സ്കൂളിലേക്ക് കടന്നുവന്നത്. ശ്രീനാരായണപുരം ആമണ്ടൂരിൽ താമസിക്കുന്ന ഐഷാബി ടീച്ചർ പഞ്ചായത്തിലെ 14ാം വാർഡിലെ ‘കനവ്’ അയൽക്കൂട്ട അംഗമായാണ് ശാന്തിപുരം എം.എ.ആർ.എം സ്കൂളിലെത്തിയത്.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അധ്യാപികയായി നൽകിയ സേവനം പരിഗണിച്ച് കേന്ദ്ര സർക്കാറിന്റെ സിൽവർ സ്റ്റാർ അവാർഡ് കരസ്ഥമാക്കിയ ഇവർ ഏതാനും വർഷം മുമ്പ് നൃത്തത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. മികച്ച ജൈവ കർഷകക്കുള്ള പഞ്ചായത്തുതല അവാർഡ് രണ്ടുതവണ സ്വന്തമാക്കി.
വളരെക്കാലമായി രംഗശ്രീയിൽ പ്രവർത്തിച്ചുവരുന്നു. കുടുംബശ്രീയുടെ ‘അരങ്ങ്’ മെഗാ തിരുവാതിര, നാടകം, ക്രിയേറ്റിവ് അസ്മാബിയൻസ് നൃത്ത ഗ്രൂപ് തുടങ്ങി എല്ലാ മേഖലയിലും ടീച്ചർ സജീവ സാന്നിധ്യമാണ്. മകൾ ജാസ്മിൻ കാവ്യയും കഴിഞ്ഞ വർഷം അധ്യാപന ജീവിതത്തിൽനിന്ന് പടിയിറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.