വിദ്യാർഥിയുടെ നഷ്ടസ്വപ്നങ്ങൾക്ക് വീണ്ടും വർണം പകർന്ന് പൊലീസ്
text_fieldsഅജ്മാന്: തീപിടിത്തം ഭാവിസ്വപ്നങ്ങളിൽ കരിനിഴല്‍ വീഴ്ത്തിയ വിദ്യാർഥിനിക്ക് അജ്മാൻ പൊലീസിന്റെ കൈത്താങ്ങ്. അറബ് വംശജയായ ഹല എന്ന വിദ്യാർഥിക്കാണ് പൊലീസിന്റെ ഇടപെടലിൽ തുടർ വിദ്യാഭ്യാസം സാധ്യമായത്. അജ്മാൻ റാഷിദിയ ഏരിയയിലെ വൺ ടവറിലെ താമസക്കാരായിരുന്നു ഹലയും കുടുംബവും. ഇക്കഴിഞ്ഞ ജൂൺ 27നുണ്ടായ തീപിടിത്തത്തിൽ ഹലയുടെ ബിരുദ സർട്ടിഫിക്കറ്റുകളും നശിച്ചുപോയിരുന്നു. സംഭവ സ്ഥലം പരിശോധിക്കുന്നതിനിടെയാണ് ഇക്കാര്യം അഗ്നിശമനസേന സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തീപിടിച്ച ഒരു ഫ്ലാറ്റിനുള്ളില്‍ കരിഞ്ഞ പൂക്കളുടെ അവശിഷ്ടങ്ങൾ, പാർട്ടി അലങ്കാരങ്ങൾ, കത്തിക്കരിഞ്ഞ ബിരുദ സർട്ടിഫിക്കറ്റ് എന്നിവ കണ്ടെത്തുകയായിരുന്നു.
ഹലയുടെ ബിരുദ നേട്ടം ആഘോഷിക്കാനുള്ള തയാറെടുപ്പിലായിരുന്നു കുടുംബം. ഇതറിഞ്ഞ ഉദ്യോഗസ്ഥർ കുടുംബത്തിന് നഷ്പ്പെട്ട സന്തോഷവും ആഹ്ലാദവും തിരികെ കൊണ്ടുവരാൻ പദ്ധതി തയാറാക്കുകയായിരുന്നു. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റിനു പകരം അധികൃതരുമായി ബന്ധപ്പെട്ട് പുതിയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി. തുടർന്ന് ഈ വിവരം അറിയിക്കാതെ ഹലയെയും കുടുംബത്തെയും അജ്മാനിലെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
പൊലീസ് സ്റ്റേഷനിലെത്തിയ കുടുംബത്തെ കെട്ടിടത്തില്‍ അഗ്നിശമന വിഭാഗം കണ്ട കാഴ്ചകളുടെ ദൃശ്യങ്ങള്‍ ആദ്യം പൊലീസ് പ്രദര്‍ശിപ്പിച്ചു. പിന്നാലെ ഹലക്ക് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റിനുപകരം പുതിയ സര്‍ട്ടിഫിക്കറ്റും ഒപ്പം സമ്മാനങ്ങളും നല്കി സർപ്രൈസ് ഗ്രാജ്വേഷൻ പാർട്ടി ഒരുക്കുകയുമായിരുന്നു. പൊലീസ് സ്റ്റേഷനിൽ നടന്ന ആഘോഷത്തിൽ അജ്മാൻ പൊലീസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല സെയ്ഫ് അൽ മത്രൂഷിയും പങ്കെടുത്തു.
ഹൃദയംഗമമായ അഭിനന്ദന വാക്കുകളോടെ പൊലീസ് ഓപറേഷൻസ് ഡയറക്ടർ ഹലയെ ആദരിച്ചു. അജ്മാൻ പൊലീസിനോട് കുടുംബം തങ്ങളുടെ നന്ദി രേഖപ്പെടുത്തി. 32 നിലകളുള്ള ടവറിന്റെ 16ാം നിലയില്‍ നിന്നാണ് തീപിടിച്ചത്. അഗ്നിശമന സേനയുടെ സമയോചിത ഇടപെടലിലാണ് തീ നിയന്ത്രണ വിധേയമായത്. അപകടത്തെത്തുടർന്ന് മാറ്റിത്താമസിപ്പിച്ച കുടുംബങ്ങളെ പൊലീസ് തിരികെയെത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.