‘ജീവനുമായുള്ള’ ഓട്ടത്തിലാണ് ദീപമോൾ
text_fieldsഒരുപാടു പേർക്ക് പുതുജീവൻ നൽകി ദീപമോളുടെ ഓട്ടത്തിന് ഈ വനിത ദിനത്തിൽ ഒരുവർഷം. കഴിഞ്ഞ വനിത ദിനത്തിലാണ് കോട്ടയം മേമുറി പാലപ്പറമ്പിൽ വീട്ടിൽ ദീപമോൾ ആംബുലൻസ് പൈലറ്റ് സീറ്റിലെത്തിയത്. സംസ്ഥാന സർക്കാറിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലെ ആദ്യ വനിത ഡ്രൈവറാണ് ഇവർ.‘ഡ്രൈവിങ് ഏറെ ഇഷ്ടമാണ്. അതിനൊപ്പം നമ്മുടെ കൈകളിലൂടെ ഒരു ജീവൻ ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ വേറെയെന്തു സന്തോഷം വേണം’ ഒരു വർഷത്തെ അനുഭവങ്ങൾ ചെറു വാചകത്തിലൊതുക്കി മനസ്സ് നിറഞ്ഞ് ദീപ പറയുന്നു.
വാഹനങ്ങളോടുള്ള ഭ്രമമാണ് ദീപയെ ഡ്രൈവിങ്ങിലേക്ക് അടുപ്പിച്ചത്. സൈക്കിളിലും ടൂവീലറിലും തുടങ്ങി ടിപ്പറും ബസുമൊക്കെ ഓടിച്ചു. 2008ലാണ് ഡ്രൈവിങ് ലൈസൻസെടുത്തത്. 2009ൽ ഭർത്താവിന്റെ പിന്തുണയോടെ ഹെവി ലൈസൻസും കരസ്ഥമാക്കി. ആംബുലൻസ് പൈലറ്റാവാനുള്ള അവസരം സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ‘ആദ്യമൊക്കെ രക്തം കാണുമ്പോൾ മനസ്സിൽ നിൽക്കുമായിരുന്നു. ഇപ്പോഴതെല്ലാം മാറി. വാഹനത്തിലുള്ളത് ഒരു ജീവനാണെന്നു മാത്രം ഓർക്കും. എത്രയും പെട്ടെന്ന് ഡോക്ടറുടെ കൈകളിലേക്കെത്തിക്കാനാവും ശ്രമം. ഓടിപ്പാഞ്ഞെത്തിച്ചിട്ടും ജീവൻ നഷ്ടപ്പെട്ടു എന്നറിയുമ്പോൾ വല്ലാത്ത സങ്കടമാണ്’.
അടുത്തിടെ കോട്ടയത്ത് മേൽപാലത്തിൽനിന്നു ചാടിയ യുവാവിനെ ആശുപത്രിയിലെത്തിച്ചിരുന്നു. റെയിൽപാളത്തിലൂടെ ഏറെ നടന്നാണ് വാഹനത്തിൽ എത്തിക്കാനായത്. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവാവ് വെള്ളം ചോദിച്ചെങ്കിലും തലക്ക് പരിക്കേറ്റതിനാൽ കൊടുക്കാൻ കഴിഞ്ഞില്ല. ഗുരുതരമാണെന്നു കരുതിയതുമില്ല. രാത്രി ആൾ മരിച്ചപ്പോൾ വിഷമം തോന്നി. നിസ്സാര കാര്യങ്ങൾക്ക് ആംബുലൻസ് വിളിക്കുന്നവരുണ്ട്.
ചെല്ലുമ്പോഴായിരിക്കും അറിയുക. അത്തരക്കാർ കാരണം ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. ജില്ല ജനറൽ ആശുപത്രിയിലും ഈരാറ്റുപേട്ട പി.എച്ച്.സിയിലുമായാണ് ദീപയുടെ ജോലി. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് സമയം. ജോലിക്കിടെ തന്റെ സ്വപ്നയാത്രകൾക്കും സമയം കണ്ടെത്തുന്നുണ്ട്. കാത്തുകാത്തിരുന്ന് കഴിഞ്ഞ വർഷം അഗസ്ത്യാർകൂടം ട്രക്കിങ്ങിനുപോയി. ഓഫ് റോഡ് യാത്രകളും നടത്തുന്നു. നിരവധി പെൺകുട്ടികൾ ആംബുലൻസ് ഡ്രൈവിങ് മേഖലയിലേക്കു കടന്നുവരണമെന്ന് ആഗ്രഹം പറയാറുണ്ട്.
എന്നാൽ, വീട്ടുകാർക്ക് താൽപര്യമില്ലാത്തതിനാൽ ആരും തയാറാവുന്നില്ല. സ്ത്രീയായതിന്റെ പേരിൽ ഈ മേഖലയിൽ വിവേചനം അനുഭവിച്ചിട്ടില്ല. ഭർത്താവ് മോഹനനും മകൻ ദീപക്കും നൽകുന്ന പിന്തുണയാണ് ജോലിയിലെ കരുത്ത്. 108 ആംബുലൻസിൽ തന്നെ തുടരണമെന്നാണ് ദീപയുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.