ആടുഫാമിൽ ഉഷാറായി, ആമിനയുടെ ജീവിതം
text_fieldsതൊടുപുഴ: കോവിഡും ലോക്ഡൗണും ജീവിതം വഴിമുട്ടിച്ചപ്പോൾ ആമിന പകച്ചുനിന്നില്ല. മുന്നിൽ പുതിയ സാധ്യതകൾ തുറക്കുകയായിരുന്നു. അങ്ങനെയാണ് 'മൂന്നാർ ഗോട്ട് ഫാമു'മായി 'ആട്ജീവിതം' തുടങ്ങിയത്. 2020ൽ 20 ആടിൽ തുടങ്ങിയ ഫാമിൽ ആടുകളുടെ എണ്ണം നൂറുകടന്നപ്പോൾ മികച്ച സംരംഭകയെന്ന അംഗീകാരവും ആമിനയെത്തേടിയെത്തി.
ശാന്തൻപാറ തൊട്ടിക്കാനം ജമീല മൻസിലിൽ മുഹമ്മദ് യൂസുഫിെൻറ ഭാര്യ ആമിനയുടെ ജീവിതം ഇപ്പോൾ ആടുകളാൽ തീർത്ത വിജയഗാഥയാണ്. നാല് തലമുറകളായി ആമിനയുടെ കുടുംബത്തിന് ആട് വളർത്തലുണ്ട്. പിതാവ് പീർ മുഹമ്മദ് വാങ്ങി നൽകിയ രണ്ട് ആട്ടിൻ കുഞ്ഞുങ്ങളുമായി ആമിനയും ആ പാതയിലേക്കിറങ്ങി.
ഭർത്താവ് മുഹമ്മദ് യൂസുഫ് ട്രാവൽ ഏജൻസി ഉടമയാണ്. ലോക്ഡൗണായതോടെ ഭർത്താവിെൻറ വരുമാനം കുറഞ്ഞു. കുടുംബം പട്ടിണിയിലേക്ക് നീങ്ങുമെന്നായപ്പോഴാണ് മറ്റൊരു ഉപജീവന മാർഗത്തെക്കുറിച്ച് ആലോചിച്ചത്. ബാങ്ക് വായ്പയെടുത്ത് 10 സെന്‍റിൽ എട്ടുലക്ഷം രൂപ ചെലവിൽ ഹൈടെക് ആട് ഫാം നിർമിച്ചു.
മണ്ണുത്തിയിൽനിന്ന് എത്തിച്ച 20 മലബാറി ആടുകളുമായായിരുന്നു തുടക്കം. സമീപം പാട്ടത്തിനെടുത്ത മൂന്നേക്കറിൽ തീറ്റപ്പുൽ കൃഷിയും ആരംഭിച്ചു. ഭർത്താവ് മുഹമ്മദ് യൂസുഫും മക്കളായ നൂറുൽ റീശ്മാനും അബു അമ്മാറും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ആമിനയുടെ കഠിനാധ്വാനം കൂടിയായപ്പോൾ ഫാം വൻ വിജയമായി. ആടുകളുടെ എണ്ണം നൂറ് കടന്നു.
ഇതിൽ 60 എണ്ണത്തിനെ ഇതിനകം വിറ്റു. ഹൈറേഞ്ചിെൻറ കാലാവസ്ഥക്ക് അനുയോജ്യമായ മലബാറി ഇനത്തിൽപെട്ടതാണ് എല്ലാം. ഫാം നിലവിൽ ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയിലേക്ക് എത്തി. പ്രതിമാസം 20,000 രൂപയിലധികം ചെലവുണ്ട്. തുടർന്ന് പ്രതിവർഷം മൂന്നുമുതൽ അഞ്ചുലക്ഷം വരെ ലാഭം പ്രതീക്ഷിക്കുന്നതായി ആമിനയും ഭർത്താവും പറഞ്ഞു.
ഒരു പ്രസവത്തിൽ രണ്ടുമുതൽ നാലുവരെ കുഞ്ഞുങ്ങളെ ലഭിക്കും. പുല്ല്, കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, ധാതുക്കൾ തുടങ്ങിയവയാണ് തീറ്റയായി നൽകുന്നത്. മാതൃക ഫാം ആയും ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ മികച്ച സംരംഭകയായും ആമിന ഇതിനകം അംഗീകാരങ്ങൾ നേടി. ഫാം വിപുലീകരിക്കാനും വിൽപന തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കാനും ദമ്പതികൾക്ക് പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.