അമ്മിണി കായലിൽനിന്ന് വാരിയെടുക്കുന്നത് ജീവിതം
text_fieldsജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ വേമ്പനാട് കായലിനോട് മല്ലടിക്കുകയാണ് പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് മുണ്ടുതറ അമ്മിണിയെന്ന 54 കാരി. 15 വയസ്സ് മുതൽ അമ്മ കറുമ്പിക്കൊപ്പം തുടങ്ങിയതാണ് കായലിലെ കക്ക വാരൽ. അന്ന് അമ്മയെ സഹായിക്കാനായിരുന്നെങ്കിൽ ഇന്ന് അമ്മിണി കായലിൽ മുങ്ങിത്തപ്പുന്നത് ഉപജീവനത്തിന് ചില്ലിക്കാശ് ലക്ഷ്യമിട്ടാണ്.
പെരുമ്പളത്തേക്ക് വിവാഹം കഴിച്ച് അയച്ചെങ്കിലും രണ്ടരവർഷത്തെ കയ്പ് നിറഞ്ഞ ജീവിതാനുഭവങ്ങൾക്ക് ശേഷം ഇളയ സഹോദരനോടൊപ്പം മുണ്ടുതറയിൽ ഏക മകൾ ലാലിമോളുമായി താമസിക്കുകയാണ്. വീട് പണിയാനും മകളെ കെട്ടിച്ചയക്കാനും പെടാപ്പാട് പെടുകയാണ് അമ്മിണി.
മഞ്ഞും മഴയും വെയിലും വകവെക്കാതെ ദിനേന രാവിലെ അഞ്ചരക്ക് വഞ്ചിയുമായി വേമ്പനാട്ട് കായലിന്റെ ഓളങ്ങളെ കീറിമുറിച്ച് ആഴക്കായലിലേക്ക് തുഴഞ്ഞെത്തും. സഹോദരൻ വാങ്ങി നൽകിയ വഞ്ചിയും യന്ത്രവുമായതോടെ തുഴയലിന് ആശ്വാസമായി.
കക്കകളുമായി പതിനൊന്നര മണിയാകുമ്പോൾ കരയിലെത്തും. പിടിച്ച കക്കകൾ പുഴുങ്ങി തൊണ്ടുകൾ വേർപെടുത്തി പിന്നീട് വീടുവീടാന്തരം കയറിയിറങ്ങിയുള്ള വിൽപനയാണ്. പതിവായി എത്തുന്നതിനാൽ അമ്മിണിയേയും കാത്ത് ധാരാളം വീട്ടുകാർ ഇരിക്കുന്നുണ്ടാകും.
എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്ക് സന്ധ്യ മയങ്ങും. കക്കയുടെ ലഭ്യതക്കുറവും കായൽ മലിനീകരണവും കാരണം പലരും ഈ തൊഴിൽ ഉപേക്ഷിക്കുമ്പോൾ അമ്മിണി ജീവിതത്തോട് ചേർത്ത് നിർത്തുകയാണ് ഈ തൊഴിലിനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.