ട്രാക്കിലെ സുൽത്താന അംന അൽ ഖുബൈസി
text_fieldsകാറോട്ട മത്സരങ്ങളിൽ പലതും പുരുഷ കേന്ദ്രീകൃതമാണ്. സ്ത്രീകൾക്ക് കഴിയില്ല എന്ന മിഥ്യാധാരണയിൽ അവരെ മാറ്റിനിർത്തപ്പെട്ട മേഖലയാണിത്. ഈ ചട്ടക്കൂടുകളെല്ലാം പൊളിച്ചെഴുതുകയാണ് ഇമാറാത്തി വനിതയായ അംന അൽ ഖുബൈസി. ആദ്യത്തെ ഇമാറാത്തി എഫ്-3 ഡ്രൈവറായ അംന ഫോർമുല -4 റേസിൽ വിജയിച്ച ആദ്യത്തെ അറബ് വനിതയായിരിക്കുകയാണ്. ഒറ്റ സീറ്റുള്ള ഇലക്ട്രിക് കാറുകൾ മത്സരിക്കുന്ന ഫോർമുല-ഇ ടെസ്റ്റിൽ മത്സരിച്ച ആദ്യ അറബ് വനിത കൂടിയാണ് ഈ 22കാരി.
അംനക്ക് കാർ റേസിങ് എന്നാൽ കുടുംബകാര്യമാണ്. യു.എ.ഇയിലെ മോട്ടോർ സ്പോർട്സ് താരം ഖാലിദ് അൽ ഖുബൈസിയുടെ മകളാണ്. 14ാം വയസിൽ പിതാവിന് പിന്നാലെ ട്രാക്കിലിറങ്ങിയ അംന എട്ട് വർഷത്തിനിടെ സ്വന്തമാക്കിയത് ആരും കൊതിക്കുന്ന നേട്ടങ്ങളാണ്. 2015 ൽ പോർച്ചുഗലിൽ നടന്ന ആർ.എം.സി ഗ്രാൻഡ് ഫൈനലിൽ പങ്കെടുക്കുമ്പോൾ ഒരു അന്താരാഷ്ട്ര മോട്ടോർസ്പോർട്ട് ഇവന്‍റിൽ യു.എ.ഇയെ പ്രതിനിധീകരിക്കുന്ന ആദ്യ ഇമാറാത്തി വനിതാ ഡ്രൈവറായി. പുരുഷൻമാർക്കൊപ്പം മത്സരിക്കാൻ സന്നദ്ധയായി മുന്നോട്ടുവന്ന അംനയെ പക്ഷെ ട്രാക്കിൽ നിന്ന് അകറ്റിനിർത്തപ്പെട്ടു.
2017ലെ ജി.സി.സി ഡ്രൈവേഴ്സ് അക്കാദമി കോംപറ്റീഷനിൽ വിജയിച്ച ആദ്യ വനിതയാകുമ്പോൾ അംനയുടെ പ്രായം 17 മാത്രം. 2018ൽ ഇറ്റാലിയൻ എഫ് ഫോർ ചാമ്പ്യൻഷിപ്പിലും മുന്നിലെത്തി. 2019ൽ ഫോർമുല 4 യു.എ.ഇ റേസിൽ കിരീടം. ‘വനിതകളാണ് ഭാവി’ എന്ന തലക്കെട്ടിൽ നടന്ന ഗ്ലോബൽ സ്പീക്കർ സീരീസിൽ അറബ് വനിതകളെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു.
ഇമാറാത്തി പൈലറ്റ് സൽമ അൽ ബലൂഷിക്കും ഫാഷൻ ഇൻഫ്ലുവൻസർ റാനിയ ഹമ്മദിനുമൊപ്പമായിരുന്നു അംനയും ഇടംപിടിച്ചത്. പരിപാടിയിലെ ഏറ്റവും പ്രായം കുറഞ്ഞയാളും അംനയായിരുന്നു. ഫ്രാൻസിലെ പ്രശസ്തമായ ലെ മാൻസ് റേസിൽ 24 മണിക്കൂർ പൂർത്തിയാക്കിയ ആദ്യ ഇമാറാത്തി എന്ന നേട്ടവും സ്വന്തമാക്കി.
കുഞ്ഞുനാളിൽ താൽപര്യം ജിംനാസ്റ്റിക്സിനോടായിരുന്നു. വേൾഡ് ചാമ്പ്യൻ ഷോൺ ജോൺസണായിരുന്നു ഹീറോ. സഹോദരി ഹംദ അൽ ഖുബൈസിയും ഈ വഴിയിൽ തന്നെയാണ് ആദ്യ നാളുകളിലെ പരാജയങ്ങളിൽ സോഷ്യൽ മീഡിയ വഴി ലഭിച്ച നെഗറ്റീവ് അഭിപ്രായങ്ങൾ തന്നെ തളർത്തിയിരുന്നെന്നും എന്നാൽ, റേസിങ് സമയങ്ങളിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതോടെയാണ് ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞതെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ 137k ഫോളോവേഴ്സുള്ള താരമായി അംന വളർന്നതാണ് അംനയുടെ ചരിത്രം.
റേസിങിന് ശാരീരിക ക്ഷമത അനിവാര്യമാണെന്നും ഇതിനായി പ്രത്യേക ഫിറ്റ്നസ് പരിശീലനം നടത്തുന്നുണ്ടെന്നും അംന പറയുന്നു. കരുത്തുറ്റ കാലുകളും കൈകളും നിർബന്ധമാണ്. റേസിങ് അക്കാദമി തുറക്കുക എന്നതാണ് അംനയുടെ സ്വപ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.