പെൺകരുത്തിന്റെയും പെൺപോരാട്ടത്തിന്റെയും ദിനം
text_fieldsസഞ്ജു സാനു (പ്രവാസി മിത്ര സെക്രട്ടറി)
കുട്ടിക്കാലത്ത് തനിച്ച് യാത്രചെയ്യാൻ പേടിയായിരുന്നു. ആരുടെയെങ്കിലും കൂടെ മാത്രമായിരുന്നു യാത്രകൾ. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനോ ഒന്ന് അണിഞ്ഞൊരുങ്ങാനോ എന്തിന് അയലത്തെ വീട്ടിലെ ചേട്ടനോട് മിണ്ടാൻ പോലും പറ്റില്ലായിരുന്നു. ആൺ സുഹൃത്തുക്കളോട് കൂട്ടുകൂടിയാൽ കണ്ണ് മഞ്ഞളിക്കുന്ന വീട്ടുകാരെയും നാട്ടുകാരെയുമെല്ലാം അമ്പരപ്പിച്ചായിരുന്നു എന്റെ ബിരുദം ഞാൻ പൂർത്തിയാക്കിയത്. ഒരുകൂട്ടം ആൺകുട്ടികൾക്കിടയിൽ ഞാനൊരു പെൺ തരി. സ്വന്തമായി ഒരു വരുമാനം ആവശ്യമാണെന്ന് തോന്നിയ സമയം, കിട്ടിയ ജോലിക്കു കയറി തുടക്കം കുറിച്ചു. കുടുംബവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാൻ നന്നേ പാടുപെട്ടു. വീടുവിട്ടു ജോലി ചെയ്യേണ്ടതിനെപ്പറ്റി ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥ. കോട്ടയം ജില്ലയിൽ മാത്രം ജീവിക്കേണ്ടിവരേണ്ടിയിരുന്ന ഞാൻ ഇന്ന് രണ്ട് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
എതിർപ്പുകളെ പൊൻവാളുകൾ കൊണ്ട് നേരിട്ട് എനിക്കു വേണ്ടി എന്റെ സ്വപ്നങ്ങൾക്കുവേണ്ടി ഞാൻ പോരാടി. നമ്മൾ മറ്റുള്ളവർക്കു വേണ്ടി മാത്രം ജീവിച്ചാൽ പോരാ, നമുക്കുവേണ്ടി കൂടി ജീവിക്കണം എന്ന ചിന്തയായിരുന്നു എനിക്ക്. എന്നിരുന്നാലും ചില കാര്യങ്ങളിൽ ഇപ്പോഴും അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ തന്നെയാണ്. ഒരു രാജ്യത്തിന്റെ നിയന്ത്രണം മുതൽ ആകാശവും ഭൂമിയും കടന്നുള്ള സ്ത്രീസ്പർശം പറന്നുയരുമ്പോൾ നിശ്ചലമായ മിഴികൾ ഇന്നും ഈറനണിഞ്ഞുകൊണ്ടിരിക്കാൻ വർഷംതോറും വനിതദിനം ആഘോഷിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴും നമ്മുടെ സഹോദരിമാർ ചൂഷണത്തിന് ഇരയായി സ്വപ്നങ്ങൾ തകർന്ന് പ്രതീക്ഷയുടെ വെളിച്ചം കാത്ത് ഇരുട്ടിൽ കഴിയുന്നുണ്ടാകും.
ഷാനിഫ ലത്തീഫ്
പ്രസിഡന്റ് കെ.എം.സി.സി
വനിതാ വിങ് കോഴിക്കോട് ജില്ല കമ്മിറ്റി
ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തിന്റെ ഓർമപ്പെടുത്തലായി ഈ ദിനത്തെ നമുക്ക് കാണാം. അതേസമയം, ചരിത്രത്തിലുടനീളം സ്ത്രീകൾ നേടിയ ശ്രദ്ധേയമായ പുരോഗതിയും വിലയേറിയതാണ്. ഇന്ദിര ഗാന്ധി എന്ന ഉരുക്കു വനിത ഇന്ത്യൻ പ്രധാനമന്ത്രിയായതു മുതൽ നമ്മുടെ നേട്ടങ്ങൾ തുടക്കമായിരുന്നു. അതിനുമുമ്പ് സ്വാതന്ത്ര്യസമര കാലഘട്ടത്തിലും സ്ത്രീകളുടെ മുന്നേറ്റം എടുത്തുപറയേണ്ടതുതന്നെയാണ്.
കൂടാതെ സ്ത്രീ പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് കേരളത്തിലെ പഞ്ചായത്ത് മുനിസിപ്പൽ കോർപറേഷൻ സ്ത്രീ സമൂഹം ഭരിച്ചുകൊണ്ടിരിക്കുന്ന കാഴ്ച വളരെ സന്തോഷകരമാണ്. പ്രവാസി ഭൂമികയിൽ പോലും സ്ത്രീകളുടെ ശക്തി വിളിച്ചോതുന്ന വിധത്തിൽ സംഘടനകൾ നിരവധിയാണ്. കെ.എം.സി.സി പോലുള്ള പ്രവാസി സംഘടനകളിലും കെട്ടുറപ്പുള്ള കമ്മിറ്റികൾ നിരവധിയാണ്. അതിന്റെ ഒരു പ്രതിനിധിയാണ് ഞാനും. അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഉത്ഭവം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിലും അമേരിക്കയിലും ഉടനീളം സ്ത്രീകളുടെ പ്രസ്ഥാനങ്ങൾ ശക്തിപ്രാപിച്ച കാലത്താണ്.
തുല്യനീതിക്ക് വേണ്ടിയുള്ള സ്ത്രീകളുടെ നിരന്തരമായ സഹനത്തിന്റേയും സമരത്തിന്റേയും നേടിയെടുക്കലുകളുടേയും ഓർമപ്പെടുത്തലാണ് ഓരോ വനിതദിനവും. കാലങ്ങൾക്കു മുമ്പ് സ്ത്രീകൾക്ക് ജീവിക്കാനുള്ള അവകാശങ്ങൾ നേടിക്കൊടുത്ത മതമാണ് ഇസ്ലാം. മുഹമ്മദ് നബിയുടെ വരവിനു മുമ്പ് ഇന്ന് ആ സമൂഹത്തിൽ നിലനിന്നിരുന്ന ഒരു അനാചാരമായിരുന്നു ഒരു സ്ത്രീ പ്രസവിക്കുന്ന കുഞ്ഞ് പെണ്ണായിരുന്നെങ്കിൽ ആ കുഞ്ഞിനെ ജീവനോടുകൂടി കുഴിച്ചുമൂടുക എന്നത്. എന്നാൽ അതിന് വിരാമംകുറിച്ചതും സ്ത്രീകൾക്കും ജീവിക്കാനുള്ള അവകാശം നേടിക്കൊടുത്തതും ഇസ്ലാമും മുഹമ്മദ് നബിയുമാണ്. ഇന്ന് ഇസ്ലാമിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ല എന്ന് കൊട്ടിഗ്ഘോഷിക്കുന്നവർക്കുള്ള ഒരു മറുപടി കൂടിയാണ് ഈ ഉദാഹരണം.
ഉമ്മു അമ്മാർ. മനാമ
അടിച്ചമർത്തലിന്റെയും അസമത്വത്തിന്റെയും ഇടങ്ങളിൽ നിന്നും തുല്യനീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും അനന്തമായ വിഹായസ്സിലേക്ക് പറക്കാനുള്ള പ്രചോദനമാകട്ടെ ഓരോ വനിത ദിനവും. കുറ്റപ്പെടുത്തലിന്റെയും അരികുവത്കരണത്തിന്റെയും പായ്ച്ചേറിലമർന്നുപോയി നെടുവീർപ്പിടുന്ന സ്ത്രീജന്മങ്ങൾക്ക് ഉയിർത്തെഴുന്നേല്പിനുതകുന്നതാകണം ഈ വനിത ദിനം. തങ്ങളുടെ അവകാശങ്ങൾക്കായി ധീരമായ സമരപോരാട്ടങ്ങൾ നടത്തിയ ചരിത്രത്തിലെ എല്ലാ സ്ത്രീകളുടെയും ഓർമദിനം കൂടിയാണിത്.
ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ എല്ലാ മേഖലകളിലും വനിതകൾ അതുല്യമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തുള്ള മുഴുവൻ വനിതകളുടെയും ജീവിതം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നടത്തിയ പോരാട്ട യാത്രയുടെ ഓർമപ്പെടുത്തലും കൂടിയാണ് നമ്മിലേക്കെത്തുന്ന ഓരോ വനിത ദിനവും.
കേവലമായ ആശംസകൾ പരസ്പരം കൈമാറാനുള്ള ഒരു ദിനമെന്നതിനപ്പുറം ഏറെ മാനങ്ങളും അർഥതലങ്ങളും ഉണ്ട് ഈ ദിനത്തിന്. ഓരോ വനിത ദിനവും സ്ത്രീത്വത്തിന്റെ ആഘോഷദിനമാണ്. പെൺകരുത്തിന്റെയും പെൺ പോരാട്ടത്തിന്റെയും ഉജ്ജ്വലമായ ഒരു ദിവസം. ഭരണകൂടവും സ്ത്രീകളോട് കാണിക്കുന്നത് നീതിനിഷേധവും അതിക്രമവും തന്നെയാണ്. ഭരണപ്രാതിനിധ്യത്തിലും സാമൂഹിക സമത്വത്തിലും ഇന്നും പലയിടത്തും സ്ത്രീകൾ വലിയ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു. മുഖ്യധാരയിലേക്ക് സ്ത്രീകളെ കൊണ്ടുവരാൻ നിർമിക്കപ്പെട്ട നിയമങ്ങൾ പോലും അട്ടിമറിക്കപ്പെടുകയാണ്. ഏത് യുദ്ധക്കെടുതികളും ആദ്യമായി നേരിട്ട് ബാധിക്കുക സ്ത്രീകളെ തന്നെയാണ്. ഇതാണ് നാം ഗസ്സയിലും യുെക്രയ്നിലും കണ്ടുകൊണ്ടിരിക്കുന്നത്.
ക്രിയാത്മകമായി പ്രതികരിക്കുക എന്നതാണ് വനിതകൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള ഒന്നാമത്തെ പരിഹാരം. പലരും ഇതിനു തയാറാകാത്തതാണ് പല പ്രശ്നങ്ങളുടെയും മൂലകാരണം. ഒരു നോ പറച്ചിലിലൂടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. വീട്ടിലും നാട്ടിലും നടന്നുകൊണ്ടിരിക്കുന്ന വർധിച്ചു വരുന്ന സ്ത്രീപീഡനങ്ങൾ ഈ വനിത ദിനത്തിൽ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. ഇതിനെ തടയാൻ നിരവധി നിയമങ്ങൾ ലോകത്തെല്ലായിടത്തും നിലവിലുണ്ടെങ്കിലും പലതും പ്രായോഗികമായി നടപ്പാക്കപ്പെടുന്നില്ല എന്നതാണ് വസ്തുത.
ചാനലുകൾക്കും സിനിമകൾക്കും കർശനമായ നിയന്ത്രണം കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്കൂൾ-കോളജ് പാഠ്യ കരിക്കുലത്തിൽ ധാർമിക ബോധം വളർത്താനുതകുന്ന പരിഷ്കരണങ്ങൾ അടിയന്തരമായി നടപ്പാക്കണം. പൊതുഇടങ്ങളിലെ വസ്ത്രധാരണം സംബന്ധിച്ച നിയമങ്ങളും ആവശ്യമാണ്. ഈ രീതിയിൽ ഭരണകൂടവും സമൂഹവും മാറ്റത്തിന് തയാറായാൽ വനിതകൾക്ക് കൂടുതൽ ഉയരാനും വളരാനും കഴിയും.
സമീറ നൗഷാദ്, പ്രസിഡന്റ്, ഫ്രൻഡ്സ് വനിത വിഭാഗം
ലോകത്തെവിടെയും നടന്ന നവോത്ഥാന പോരാട്ടങ്ങളിൽ പുരുഷന്മാരെ പോലെ സ്ത്രീ സമൂഹവും ശക്തമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. സമകാലിക സാഹചര്യത്തിലെ മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങളിലും വനിതകൾ ശ്രദ്ധേയമായ പങ്കാളിത്തമാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. ‘നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങൾ’എന്നപേരിൽ സാക്ഷരത മിഷൻ ഒരു പുസ്തകംതന്നെ പുറത്തിറക്കിയിട്ടുണ്ട്. കുട്ടിമാളു അമ്മയും അറക്കൽ ബീവിയും അക്കാമ്മ ചെറിയാനും സുശീല ഗോപാലനും ജസ്റ്റിസ് ഫാത്തിമ ബീവിയും കെ.ആർ. ഗൗരിയമ്മയും കമല സുറയ്യയും മന്ദാകിനിയും അജിതയുമൊക്കെ കേരളീയ നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധേയരായ വനിത സാന്നിധ്യങ്ങളാണ്.
നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ദിനേനയെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതും ഏറെ ആശങ്കയുളവാക്കുന്നുണ്ട്. സ്ത്രീസംവരണം പോലും അട്ടിമറിക്കപ്പെടുന്നു. സംരക്ഷകരാവേണ്ടവര്‍ തന്നെ സംഹാരത്തിനും നേതൃത്വം കൊടുക്കുന്നു. സ്ത്രീകൾക്കെതിരിലുള്ള കുറ്റകൃത്യങ്ങളുടെ ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസവും നിയമങ്ങളിലെ പഴുതുകളും അക്രമങ്ങളുടെ നിരക്ക് വർധിക്കാനുള്ള കാര്യങ്ങളിൽ ഒന്നാണ്. ആത്മപ്രതിരോധത്തിന്റെ സുശക്തമായ കവചം തീര്‍ത്ത് ആത്മാഭിമാനത്തോടെ മുന്നോട്ട് പോകാന്‍ സ്ത്രീകള്‍ക്ക് സാധിക്കണം. ശാരീരികവും മാനസികവുമായ ശാക്തീകരണം സാധ്യമാക്കാനും തൊഴിലിടങ്ങളിലെ അസമത്വം ഇല്ലാതാക്കാനും വിവേചനങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാനും കൂട്ടായ പോരാട്ടം അനിവാര്യമാണ്.
വീട്ടിലായാലും പൊതുസമൂഹത്തിലായാലും പെണ്‍കുട്ടികളും സ്ത്രീകളും ബഹുമാനവും ആദരവും അര്‍ഹിക്കുന്നവരാണ്. മേല്‍ക്കോയ്മയല്ല, തുല്യതയും നീതിയും അവകാശമാണെന്നത് സ്ത്രീകള്‍ തന്നെയാണ് തിരിച്ചറിയേണ്ടത്. സ്ത്രീ സംരക്ഷണ നിയമങ്ങള്‍ കേവലം വാഗ്ദാനങ്ങളായി ചുരുങ്ങാതിരിക്കാൻ അധികാരികൾ നിതാന്ത ജാഗ്രത പുലർത്തണം. എല്ലാവര്ക്കും ഹൃദ്യമായ വനിത ദിനാശംസകൾ നേരുന്നു.
ഷെമിലി പി.ജോൺ
സ്ത്രീകൾക്ക് വേണ്ടി ഒരു ദിവസം എന്ന ചിന്താഗതിയോട് അത്ര യോജിപ്പില്ല. എന്നിരുന്നാലും ലോകത്തിലെ മുഴുവൻ സ്ത്രീകളെയും താരതമ്യപ്പെടുത്തുമ്പോൾ സമൂഹം ഇനിയും മാറാനുണ്ട് എന്ന കാരണം കൊണ്ടു മാത്രം ആശംസകൾ. ഇന്നത്തെ സാഹചര്യം നോക്കിയാൽ സ്ത്രീ സമൂഹം സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ള അതിനായി ആഗ്രഹമുള്ള, സ്വന്തം അവകാശങ്ങളെ തിരിച്ചറിയാൻ കെൽപുള്ളവരാണെന്ന് അഭിമാനത്തോടെയും ബഹുമാനത്തോടെയും പറയാൻ പറ്റും. ഇതുതന്നെയാണ് സ്ത്രീ സമത്വത്തിന്റെ കാതലും. സ്നേഹവും, ബുദ്ധിയും, അതിലേറെ ദൃഢനിശ്ചയവുമുള്ള എന്റെ സഹോദരങ്ങൾക്ക് സന്തോഷം, സ്നേഹം.
ഷിജിന ആഷിക്, ആക്ടിങ് പ്രസിഡന്റ്, പ്രവാസി വെൽഫെയർ
സമൂഹത്തിന്റെ പാതിയായ സ്ത്രീയുടെ പ്രാതിനിധ്യവും ഇടപെടലുകളും ഇല്ലാതെ സമൂഹത്തിനു മുന്നോട്ടുപോകാനാവില്ല. അത് പ്രകൃതിനിയമമാണ്. സാമൂഹിക നിർമാണ പ്രക്രിയയിൽ വ്യത്യസ്തമായ റോളുകൾ ഉള്ളവരാണ് സ്ത്രീകൾ. അവർ അത് യഥാക്രമം നിർവഹിക്കപ്പെടുമ്പോൾ മാത്രമേ ലോകക്രമം സുഗമമായി മുന്നോട്ടുപോവുകയുള്ളൂ.
സ്ത്രീയെ രണ്ടാം തരക്കാരായി അടിച്ചമർത്തലുകൾക്കു വിധേയരാക്കുന്ന സമൂഹങ്ങളെ നമുക്ക് പുരാതനകാലം മുതൽ ആധുനിക കാലത്തു വരെ കാണാൻ കഴിയും. അപ്പോഴെല്ലാം സാമൂഹിക പരിഷ്കർത്താക്കൾ ഈ നിലപാടുകൾക്കെതിരെ പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ നിന്നൊക്കെ ഉരുത്തിരിഞ്ഞുവന്നതാണ് ആധുനിക യുഗത്തിലെ സ്ത്രീ സമുദ്ധാരണ പ്രവർത്തനങ്ങളും പ്രസ്ഥാനങ്ങളും.
എന്നാൽ, നിയമങ്ങൾകൊണ്ടോ മറ്റു നിലയിലുള്ള മുന്നേറ്റങ്ങൾ കൊണ്ടോ നേടിയെടുക്കേണ്ട ഒരു സംഗതിയല്ല സ്ത്രീ സ്വാതന്ത്ര്യം. പുരുഷൻ സ്ത്രീക്കു കൊടുക്കേണ്ട ഔദാര്യവുമല്ല. അത് സ്വയം മനസ്സിലാക്കി നമ്മുടെ മനസ്സിനെ പരിവർത്തനത്തിനു വിധേയമാക്കാനും കൂടുതൽ ഉൾക്കരുത്തുള്ളവരാകാനും സ്ത്രീക്ക് കഴിയണം.
കുടുംബത്തെ സുരക്ഷിതത്വത്തിന്റെയും ശാന്തിയുടെയും സങ്കേതങ്ങളാക്കാനും മധുരമൂറുന്ന പരിലാളനയിലൂടെയും യാഥാർഥ്യത്തിൽ ഊന്നിയ ജാഗ്രതയോടെയും ആരോഗ്യകരമായ സമൂഹത്തിന് കുടുംബത്തിൽനിന്ന് വാർത്തെടുക്കാൻ കഴിയുന്ന സ്ത്രീക്ക് അവളുടെ അമ്മയെന്ന പദവിയിൽനിന്ന് പൊതുസമൂഹത്തിനൊപ്പം, പുരുഷനൊപ്പം നിന്നുകൊണ്ട് ശക്തമായ രീതിയിൽ ലോകത്തിനായി പ്രവർത്തിക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.