കരുതലിന്റെ കാവൽ മാലാഖ
text_fieldsഭൂമിയിലെ മാലാഖമാരെന്നാണ് നഴ്സുമാരെ വിശേഷിപ്പിക്കാറ്. രോഗാവസ്ഥയിൽ കിടക്കുമ്പോൾ ചിരിക്കുന്ന മുഖവുമായെത്തി ശുശ്രൂഷിക്കുന്ന കരുതലിന്റെ കാവൽ മാലാഖമാർക്ക് ആസ്റ്റർ നൽകുന്ന ആഗോള നഴ്സിങ്ങ് അവാർഡിന്റെ അന്തിമ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ജാസ്മിൻ ഷറഫ് എന്ന പത്തനംതിട്ടക്കാരി. അടൂർ കണ്ണങ്കോട് സ്വദേശിനിയായ ജാസ്മിൻ 22 വർഷമായി നഴ്സിങ് മേഖലയിൽ ജോലി ചെയ്യുന്നു. തന്റെ കരിയറിലെ 19 വർഷവും കർമഭൂമി യു.എ.ഇയാണ്.
ചെറുപ്പത്തിൽ പോർട്ടൽ ഹൈപ്പർ ടെൻഷൻ എന്ന രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാലത്ത് തന്നെ ശുശ്രൂഷിച്ച നഴ്സുമാരാണ് നഴ്സിങ് മേഖല തിരഞ്ഞെടുക്കാൻ ജാസ്മിന് പ്രചോദനമായത്. പിന്നീട് ദൈവത്തിന്റെ മാലാഖമാരിലൊരാളായി മാറണമെന്ന് തീരുമാനമെടുക്കുമ്പോൾ കുടുംബത്തിൽ നിന്നുണ്ടായ എതിർപ്പിനിടയിലും മാതാപിതാക്കൾ നൽകിയ ആത്മ വിശ്വാസമാണ് മുന്നോട്ട് നയിച്ചത്.
ദുബൈയിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് വേണ്ടിയാണ് സാമൂഹികസേവനത്തിന്റെ വലിയ ലോകത്തേക്കിറങ്ങി ചെല്ലുന്നത്. ഭക്ഷണത്തിന് പോലും വകയില്ലാത്ത രോഗികൾക്ക് യു.എ.ഇയിലെ അസോസിയേഷനുകളുടെ സഹായത്തോടെ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങളുണ്ടായാൽ ശരിയായ ചികിത്സ ലഭിക്കാൻ സാധിക്കാത്ത ഇവരിൽ പലരുടേയും വീടുകൾ സന്ദർശിച്ച് അടിയന്തര സാഹചര്യങ്ങളിലുള്ള രോഗികളെ ആശുപത്രിയിൽ എത്തിക്കാനും ജാസ്മിൻ മുൻകൈയെടുത്തിട്ടുണ്ട്. വിവിധ പ്രവാസി സംഘടനകളുമായി ചേർന്ന് സേവനപ്രവര്ത്തനങ്ങളും നടത്തുന്നുണ്ട്.
കൈരളി ടി.വിയുടെ റിയൽ ഹീറോസ് അവാർഡ് ദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ മമ്മൂട്ടി എന്നിവരിൽ നിന്ന് അടുത്തിടെയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഏഷ്യാനെറ്റ് ബെസ്റ്റ് നഴ്സ് അവാർഡ്, മാസ്റ്റർ വിഷൻ ഇന്റർനാഷനൽ എക്സലൻസി അവാർഡ്, 96.7 നിന്റെ എയ്ഞ്ചൽസ് അവാർഡ് എന്നിവയിലും ജാസ്മിൻ ഇടം പിടിച്ചിരുന്നു. ഫീസ്താ ലക്ഷ്യൂറിയസ് ബിസിനസ് അവാർഡിൽ ജാസ്മിന്റെ പേര് നാമനിർദേശം ചെയ്യപ്പെട്ടു. വേൾഡ് മലയാളി കൗൺസിലിന്റെ ആദരവ്, ആരോഗ്യ മന്ത്രി വീണജോർജിൽ നിന്നും സ്വീകരിച്ചു.
ആലപ്പുഴക്കാരനായ ഭർത്താവ് മുഹമ്മദ് ഷറഫും കുടുംബവും നൽകുന്ന പിന്തുണയാണ് ജാസ്മിനെ മുന്നോട്ട് നയിക്കുന്നത്. മകൻ അക്മൽ ഷറഫ് രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്. മകൾ ഇഷൽ ഷറഫ് നാലാം ക്ലാസ് വിദ്യാർത്ഥിനി.
ദുബൈയിലെ അൽലൊനീജ് ഹെൽത്ത് സെന്ററിലാണ് നിലവിൽ ജോലി. സാമൂഹിക സേവനവുമായി എത്രത്തോളം മുന്നോട്ട് പോവാൻ സാധിക്കുന്നുവോ അത്രത്തോളം മുന്നോട്ട് പോകുമെന്ന് ജാസ്മിൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.