മാതൃകയായി അനിതയും അംബികയും; ശബരീഷിന്‍റെ പ്രാര്‍ഥന ഫലിച്ചു
text_fieldsഗുരുവായൂര്‍: ഒരു മാസം മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നഷ്ടപ്പെട്ട പണവും രേഖകളുമടങ്ങുന്ന പഴ്‌സില്‍നിന്ന് രേഖകളെങ്കിലും തിരിച്ചു കിട്ടണേ എന്ന പ്രാര്‍ഥനയിലായിരുന്നു കൊല്ലം മേടയില്‍മുക്ക് ശ്രീപത്മം വീട്ടില്‍ ശബരീഷ്. ദിവസങ്ങള്‍ പിന്നിട്ടതോടെ ആ പ്രതീക്ഷയും ഇല്ലാതായി തുടങ്ങിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ടെമ്പിള്‍ സ്റ്റേഷനില്‍നിന്നും വിളിയെത്തിയത്. പഴ്‌സിലുണ്ടായിരുന്ന പണവും രേഖകളുമെല്ലാം ഒന്നും നഷ്ടപ്പെടാതെ സുരക്ഷിതം.
ഗുരുവായൂര്‍ നഗരസഭയുടെ ഹരിത കര്‍മ സേനാംഗങ്ങളായ അംബിക ജയാനന്ദനും അനിത രാജനുമാണ് പഴ്‌സ് കിട്ടിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചോറൂണിന് ശേഷമുള്ള ഇലയുടെ അവശിഷ്ടങ്ങള്‍ ചൂല്‍പ്പുറത്തെ ബയോപാര്‍ക്കിലെത്തിച്ച് കഴിഞ്ഞ തിങ്കളാഴ്ച സംസ്കരിക്കാനായി വേര്‍തിരിക്കുമ്പോഴാണ് ഇവര്‍ പഴ്‌സ് കണ്ടത്.
ഉടന്‍ മാലിന്യ സംസ്കരണത്തിന് നേതൃത്വം നല്‍കുന്ന ഐ.ആര്‍.ടി.സി കോ ഓഡിനേറ്റര്‍ മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി. വിഷ്ണു എന്നിവരെ വിവരമറിയിച്ചു. തുടര്‍ന്ന് പഴ്‌സ് ടെമ്പിള്‍ പൊലീസിന് കൈമാറി. പൊലീസ് ശബരീഷുമായി ബന്ധപ്പെട്ട് എസ്.ഐമാരായ ഐ.എസ്. ബാലചന്ദ്രന്‍, കെ. ഗിരി എന്നിവരുടെ സാന്നിധ്യത്തില്‍ പഴ്‌സ് ഉടമക്ക് കൈമാറി.
ചോറൂണിന് ശേഷം ഇല കളയുന്നതിനിടെ പഴ്‌സ് കൂടി വീണതാകാമെന്ന് ശബരീഷ് പറഞ്ഞു. ചോറൂണിന് ശേഷം നെയ് വിളക്ക് ശീട്ടാക്കിയുള്ള പ്രത്യേക ദര്‍ശനത്തിന് പണമടക്കാന്‍ നോക്കിയപ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ടതറിഞ്ഞത്. ഏറെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അംബികക്കും അനിതക്കും നന്ദി പറഞ്ഞ് ക്ഷേത്ര ദര്‍ശനവും നടത്തിയാണ് ശബരീഷ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.