അനൗദ് അൽ അസ്മരി: ഫിഫ ബാഡ്ജ് ലഭിച്ച ആദ്യ സൗദി വനിത റഫറി
text_fieldsജുബൈൽ: ഫെഡറേഷൻ ഓഫ് ഇന്റർനാഷനൽ ഫുട്ബാൾ അസോസിയേഷന്റെ (ഫിഫ) രാജ്യാന്തര റഫറി ബാഡ്ജ് ലഭിക്കുന്ന ആദ്യ സൗദി വനിതയായി അനൗദ് അൽ അസ്മരി. സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷനാണ് (എസ്.എ.എഫ്.എഫ്) ഇക്കാര്യം അറിയിച്ചത്. 2018ൽ സൗദി വിമൻസ് ലീഗിലെ മത്സര പരമ്പരയിൽ റഫറിയായാണ് അൽ-അസ്മരി കായിക ജീവിതത്തിന് ആരംഭം കുറിക്കുന്നത്. 2023ലെ അന്താരാഷ്ട്ര റഫറിമാരിൽ ഒരാളായാണ് ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സൗദി കായിക ചരിത്രത്തിൽ അന്താരാഷ്ട്ര ബാഡ്ജ് ലഭിക്കുന്ന ആദ്യത്തെ സൗദി വനിത റഫറി ആയതിൽ വളരെ സന്തോഷമുണ്ടെന്ന് അസ്മരി പറഞ്ഞു.
സ്ത്രീകൾ ഗെയിംസിൽ കളിക്കുന്നതിനുള്ള വിലക്ക് നീക്കിയ ശേഷം 2021 നവംബറിലാണ് സൗദി അറേബ്യ 16 ടീമുകളുടെ പങ്കാളിത്തത്തോടെ ആഭ്യന്തര വനിത ലീഗ് ആരംഭിച്ചത്. ജർമൻ വെറ്ററൻ മോണിക്ക സ്റ്റാപ് പരിശീലിപ്പിക്കുന്ന സൗദി വനിത ദേശീയ ടീം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സീഷെൽസിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോൽപിച്ചുകൊണ്ട് ആദ്യ അരങ്ങേറ്റം കുറിച്ചു. 2026ലെ ഏഷ്യൻ വനിത കപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ അപേക്ഷ സമർപ്പിച്ചുകഴിഞ്ഞു. 2027ലെ പുരുഷന്മാരുടെ ഏഷ്യൻ കപ്പിന് സൗദി ആതിഥേയത്വം വഹിക്കും. ഈജിപ്തും ഗ്രീസും സംയുക്തമായി 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയും പദ്ധതിയിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.