ഇന്ത്യൻ പാർലമെന്‍റിൽ തിളങ്ങി തൊടുപുഴയുടെ ആൻസി
text_fieldsമൂലമറ്റം: പാർലമെന്‍റിൽ പ്രസംഗിച്ച് അഭിമാനനേട്ടത്തിന്‍റെ തിളക്കവുമായി തൊടുപുഴക്കാരി ആൻസി ജോസഫ്. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി എന്നിവരുടെ ജന്മവാര്‍ഷിക ദിനത്തിൽ ലോക്സഭ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ പ്രസംഗിച്ചാണ് തൊടുപുഴ മണക്കാട് സ്വദേശിനി ആൻസി ജോസഫ് സദസ്സിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയത്.
നെഹ്റു യുവകേന്ദ്രയുടെയും യൂത്ത് വെൽഫെയർ അസോസിയേഷന്‍റെയും നേതൃത്വത്തിൽ പാർലമെന്‍റിൽ പ്രസംഗിക്കാൻ കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർഥിനിയാണ് ആൻസി. എല്ലാ സംസ്ഥാനങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ വിദ്യാർഥി വീതം പങ്കെടുത്ത ചടങ്ങിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചത് എട്ടുപേർക്കാണ്.
ഇതിൽ രണ്ടാമതായിരുന്നു ആൻസിയുടെ ഊഴം. പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ നാഷനൽ കോൺഗ്രസ് മുൻ അധ്യക്ഷനുമായ മദൻ മോഹൻ മാളവ്യയെക്കുറിച്ചാണ് ആൻസി പ്രസംഗിച്ചത്.
ലോക്സഭ സ്പീക്കർ ഓം ബിർള അധ്യക്ഷനായ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരും പങ്കെടുത്തു. തൊടുപുഴ കാർഷിക വികസന ബാങ്ക് ജീവനക്കാരൻ ആനച്ചാലിൽ ജോസഫ് വർക്കിയുടെയും സീത എം. സ്കറിയയുടെയും മകളായ ആൻസി മൂലമറ്റം സെന്റ് ജോസഫ് കോളജില്‍ രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.