അക്രമിയെ ഇടിച്ചുവീഴ്ത്തിയ നേഹക്ക് അഭിനന്ദന പ്രവാഹം
text_fieldsചേളന്നൂർ: കൈയേറ്റത്തിനുമുതിർന്നവരെ കൂറ്റനിടികൊണ്ട് തളച്ച കിക്ക് ബോക്സിങ് താരമായ പ്ലസ് വൺ വിദ്യാർഥിനി നേഹക്ക് അഭിനന്ദന പ്രവാഹവുമായി വ്യക്തികളും സംഘടനകളും. നഗരത്തിലെ സ്കൂൾ വിദ്യാർഥിനിയും പാലത്ത് പുളിബസാർ ഊട്ടുകുളത്തിൽ ആശാരിക്കണ്ടിയിൽ ബിജുവിന്റെയും ദിവ്യയുടെയും ഏക മകളുമായ നേഹയുടെ ആത്മധൈര്യത്തിന്റെ പ്രകടനം പുറത്തറിഞ്ഞതോടെയാണ് അനുമോദനവുമായി നിരവധിപേർ എത്തുന്നത്.
വാർഡ് അംഗം സബിത ഫിദലിന്റെ നേതൃത്വത്തിൽ മഹിള പ്രസ്ഥാന നേതാക്കളും പ്രവർത്തകരും വീട്ടിലെത്തി അനുമോദിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും മഹിള അസോസിയേഷൻ മേഖല കമ്മിറ്റിയംഗവുമായ ഷീന ചെറൂത്ത്, അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗവും ജനപ്രതിനിധിയും മുൻ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന ടി. വത്സല, മേഖല കമ്മിറ്റി അംഗങ്ങളായ ശാന്തകുമാരി, സൗമ്യ എന്നിവരടങ്ങുന്ന സംഘമാണ് നേഹയെ ആദരിക്കാനെത്തിയത്. ടി. വത്സല നേഹയെ പൊന്നാടയണിയിച്ച് അനുമോദിച്ചു.
കഴിഞ്ഞദിവസം രാവിലെ എട്ടോടെയാണ് ഗാന്ധി റോഡിലൂടെ നടന്നുവരവെ റെയിൽവേ ക്രോസിന് സമീപത്ത് നിൽക്കുകയായിരുന്ന മൂന്ന് യുവാക്കൾ മോശമായി സംസാരിക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തത്. മറ്റൊന്നും ചിന്തിക്കാതെ ആയോധന കലയിലെ മുറ പുറത്തെടുക്കുകയായിരുന്നു നേഹ. മൂക്കിനിടിയേറ്റതോടെ അക്രമികൾ പരക്കം പാഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പള്ളിപ്പൊയിൽ സ്വദേശി രതീഷ് മകൻ പോയുടെ കീഴിലാണ് കിക്ക് ബോക്സിങ് പരിശീലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.