അറബിക് കാലിഗ്രഫിയിൽ വിരിയുന്ന കലാപ്രപഞ്ചം
text_fieldsപ്രവാസി വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന സൽമ ഫാത്തിമ സലീം ഒഴിവുസമയങ്ങൾ പ്രയോജനപ്രദമാക്കാനായി തിരഞ്ഞെടുത്തതാണ് അറബിക് കാലിഗ്രഫി. പിന്നീടിത് പാഷൻ എന്നതിലുപരി പ്രഫഷനായി മാറി. ഖുർആൻ വചനങ്ങളുടെ ദിവ്യാത്മകമായ വാക്കുകളെ കാൻവാസുകളിലും ഫ്രെയിമുകളിലും ഒരുക്കിവെക്കുന്നത് മനോഹരമായ കാഴ്ചകളാണ്. തുടക്കത്തിൽ, കളർ പെൻസിൽ പോർട്രയിറ്റ്, ആക്രിലിക് ചിത്രങ്ങളായിരുന്നു വരച്ചിരുന്നത്. പിന്നീട് കാലിഗ്രഫി മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു.
ഇതുവരെ 250ഓളം ചിത്രങ്ങളും കാലിഗ്രഫി വർക്കുകളും ചെയ്തിട്ടുണ്ട്. എട്ടോളം രാജ്യങ്ങളിലും ആവശ്യക്കാർക്ക് കാലിഗ്രഫി ചിത്രങ്ങൾ വരച്ചുകൊടുത്തിട്ടുണ്ട്, കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നും ഗോൾഡ് മെഡൽ ജേതാവാണ് ഈ എം.ടെക്കുകാരി. സൽമ ജനിച്ചതും വളർന്നതുമെല്ലാം ബഹ്റൈനിലാണ്. പിതാവ് സലീമിന് എംബസിയിലായിരുന്നു ജോലി. മാതാവ് സലീന സലീമും ബഹ്റൈനിൽ ഉണ്ടായിരുന്നു. പ്ലസ്ടു പഠനത്തിന് ശേഷം ബി ടെക്കിന് തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ ചേർന്നു.
അവിടെനിന്നും ഉന്നത വിജയം കരസ്ഥാക്കിയാണ് കോഴിക്കോട് എൻ.ഐ.ടിയിൽ ചേരുന്നത്. തുടർന്ന് ബാംഗ്ലൂരിലെ പ്രമുഖ കമ്പനിയിൽ ഒരു വർഷത്തോളം ജോലി ചെയ്തശേഷം വീണ്ടും ബഹ്റൈനിലേക്ക് വന്നു. ഇവിടെ വന്നതിനു ശേഷമാണ് സൽമ തനിക്ക് ഇഷ്ടപ്പെട്ട ചിത്ര രചനയിലൂടെ പതുക്കെ തന്റെ സർഗശേഷി കഴിവുകൾ വീണ്ടെടുത്തത്.
കാലിഗ്രഫിയെ കുറിച്ച് കൂടുതലറിയാനായി റഫ റാഷിക്കിന്റെയും സലീം ഖാന്റെയും കീഴിൽ പഠനം നടത്തി. സുലുസ്, നഷ്ഖ്സ്ക്രീപ്റ്റ്, കാലിഗ്രഫികളാണ് ചെയ്യുന്നത്. കൂടുതൽ ഇഷ്ടം സുലുസ് കാലിഗ്രഫിയിലാണ്. ബഹ്റൈനിലെ പത്തോളം എക്സിബിഷനുകളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിരവധി അറബ് പ്രമുഖർക്കും രാജകുടുംബങ്ങൾക്കും കാലിഗ്രഫി ചിത്രങ്ങൾ വരച്ചുകൊടുത്തിട്ടുണ്ട്.
ഈജിപ്തിലുള്ള മഹമൂദ് മുസ്തയുടെ കീഴിലാണ് അവസാനമായി നാഷ്ക് കാലിഗ്രഫി പഠിച്ചത്. ഇനിയും ഒരുപാട് പഠിക്കാനുണ്ട് ഈ മേഖലയിൽ, അതിനുള്ള പരിശ്രമത്തിലാണ്. അതിനിടയിൽ ഈ വർഷം മുതൽ തനിക്ക് കിട്ടിയ അറിവുകൾ പകർന്നു കൊടുക്കാനും ഇതിൽ താൽപര്യമുള്ളവർക്ക് ഈ പഠനക്ലാസിൽ ചേരുവാനും അവസരം ഒരുക്കുന്നുണ്ട്. ചിത്രങ്ങളെല്ലാം http://www.instagram.com/salmas_artistry എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ലഭ്യമാണ്.
ഏതൊരു സ്ത്രീക്കും തന്റെ കഴിവുകൾ പരിപോഷിപ്പിക്കാനുള്ള മനസ്സുണ്ടായാൽ അവർക്ക് വിജയിക്കാമെന്ന് ഈ വനിത ദിനത്തിൽ അവർ സാക്ഷ്യ പ്പെടുത്തുന്നു. സ്ട്രക്ചർ എൻജിനീയറായ ഭർത്താവ് സജീബിന്റെയും മക്കളായ മുഹമ്മദ് ഷാഷിലിന്റെയും മുഹമ്മദ് ഷാഹിദിന്റെയും പൂർണ പിന്തുണയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.