അർജന്റീന ഈ വീടിന്റെ ഐശ്വര്യം
text_fieldsകണ്ണൂർ: ഇടതുവശത്ത് ഇതിഹാസമായ ഡീഗോ മറഡോണയുടെ ഒരു വലിയ ചിത്രമുണ്ട്, തലക്കു ചുറ്റും പ്രഭാവലയം. പിന്നെ, ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള നിലവിലെ ടീം, ആരാധകർക്കൊപ്പം ലോകകപ്പ് ലക്ഷ്യമാക്കി നീങ്ങുന്നത് കാണാം.
വലതു കോണിൽ 'ഫുട്ബാൾ നീണാൾ വാഴട്ടെ, മനുഷ്യത്വവും വാമോസ് അർജന്റീനയും നീണാൾ വാഴട്ടെ' എന്ന മുദ്രാവാക്യവും. ലോകകപ്പിനെ വരവേറ്റുള്ള ഫ്ലക്സ്ബോർഡിലെ കാഴ്ചയല്ലിത്. കൂത്തുപറമ്പിനടുത്തുള്ള പാട്യത്തിൽ, മുതിയങ്ങയിലെ മീത്തലെ പുരയിൽ അർജന്റീന ആരാധകൻ ഷിനിത്ത് പാട്യത്തിന്റെ വീടിന്റെ ചുവരിലെ കാഴ്ചകളാണിത്.
വീടിന്റെ പുറംഭിത്തിയിലെ വർണങ്ങൾ ലാ ആൽബിസെലെസ്‌റ്റെ ഷർട്ടിനോട് സാമ്യമുള്ളതാണ്. ലോകകപ്പിന് ഞായറാഴ്ച ഖത്തറിൽ തുടക്കമാകുന്ന ആവേശത്തിലാണ് വീടിന്റെ ചുവരുകളിലും കാൽപന്തുകളിയുടെ ആവേശം വർണത്തിൽ ചാലിച്ചത്.
ഷിനിത്തിന്റെ സുഹൃത്തായ ആർട്ടിസ്റ്റ് ഷൈജു കെ. മാലൂർ വരച്ച 18 അടി നീളവും 10 അടി ഉയരവുമുള്ള ചിത്രം കാണാൻ പാട്യം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ എത്തുന്നുണ്ട്. അവർ ഫോട്ടോകളും വിഡിയോകളും എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയാണ്.
മറഡോണയുടെ കളി കണ്ടപ്പോൾതന്നെ അർജന്റീനയുടെ ആരാധകനായി മാറിയ 39കാരനായ ഷിനിത്ത്, ഇത്തവണ ലാറ്റിനമേരിക്കൻ രാജ്യം ലോകകപ്പ് തിരിച്ചുപിടിക്കുമെന്ന് വിശ്വസിക്കുന്നു.
'ഇത് ഭ്രാന്തല്ല. മൂന്നു വർഷമായി ഒരു മത്സരത്തിൽപോലും തോറ്റിട്ടില്ലാത്ത അർജന്റീന മെസ്സി, പൗലോ ഡിബാല, എയ്ഞ്ചൽ ഡി മരിയ, ലിസാന്ദ്രോ മാർട്ടിനെസ് എന്നിവരോടൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഞാൻ അവരുടെ യാത്ര വളരെക്കാലമായി പിന്തുടരുന്നു -ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറികൂടിയായ ഷിനിത്ത് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.