'അർപുതമ്മാൾ': പോരാട്ടത്തിന്‍റെ പേര്
text_fields''എന്റെ മകന്റെ സ്വാതന്ത്ര്യത്തിൽ കുറഞ്ഞ ഒന്നും ഈ ജീവിതത്തിൽ ആഗ്രഹിച്ചിരുന്നില്ല. അത് സാധ്യമായിരിക്കുന്നു. ഇനി സാധാരണ മനുഷ്യർ ജീവിക്കുന്നതുപോലെ അവൻ ജീവിക്കുന്നത് എനിക്ക് കാണണം'' -അർപുതമ്മാൾ. വെറുമൊരു പേര് മാത്രമല്ല അർപുതമ്മാൾ, നീതിക്കും മനുഷ്യാവകാശത്തിനും പോരാടുന്ന മനുഷ്യരുടെ പ്രതീകമാണത്.
മകന്റെ മോചനത്തിനായി 1991 ജൂൺ 12 മുതലുള്ള കാത്തിരിപ്പിന് ശുഭപര്യവസാനം. രാജീവ് ഗാന്ധി വധക്കേസിൽ 31 വർഷങ്ങൾക്കുശേഷം പേരറിവാളൻ ജയിൽമോചിതനായി. മകന്റെ നിരപരാധിത്വം തെളിയിക്കാൻ രാവും പകലും ഊണും ഉറക്കവുമില്ലാതെ നീതിപീഠത്തിനു മുന്നിൽ പതറാതെനിന്ന അമ്മയുടെ വിജയം.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച് 19 വയസ്സായ തന്റെ മകനെ സി.ബി.ഐക്ക് മുന്നിൽ ഹാജരാക്കിയ അമ്മയുടെ നിശ്ചയദാർഢ്യമായിരുന്നു ഇരുളറക്കുള്ളിലായ പതിറ്റാണ്ടുകളോളം പേരറിവാളന് തുണയായത്. ശിക്ഷ കാലയളവിലെ നല്ലനടപ്പും മാനുഷിക പരിഗണനയും വെച്ച് പേരറിവാളന് നേരത്തേ കോടതി ജാമ്യം അനുവദിച്ചിരുന്നു.
1991 മേയിലായിരുന്നു അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ജൂണിൽ അറിവ് എന്ന പേരറിവാളനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. എട്ടു വർഷം നീണ്ട വിചാരണക്കൊടുവിൽ പ്രതിപ്പട്ടികയിലെ 26 പേരെയും വധശിക്ഷക്ക് വിധിച്ചു. ബെൽറ്റ് ബോംബ് നിർമിക്കാൻ ഒമ്പതു വോൾട്ട് ബാറ്ററി നൽകിയെന്നായിരുന്നു പേരറിവാളനുമേൽ ചുമത്തിയ കുറ്റം.
വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അർപുതമ്മാളിന്റെ ആദ്യ പോരാട്ടം. ഈ പോരാട്ടങ്ങളുടെ മുൻനിരയിൽ പ്രായം തളർത്താത്ത പോരാട്ടവീര്യത്തോടെ നരച്ചമുടിയും വട്ടക്കണ്ണടയും ഒരു തോൾസഞ്ചിയുമായി ആ അമ്മയെ കാണാമായിരുന്നു. ഒടുവിൽ വിജയം അവരെ തേടിയെത്തി. വധശിക്ഷ സ്റ്റേ ചെയ്തു. പിന്നീട് സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമായി കുറച്ചു.
എന്നാൽ, ബാറ്ററി വാങ്ങിനൽകിയത് എന്തിനുവേണ്ടിയാണെന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്നും പേരറിവാളെൻറ മൊഴിയിൽ പറയാത്ത കാര്യങ്ങൾ താൻ എഴുതിച്ചേർക്കുകയായിരുന്നുവെന്നും സി.ബി.ഐ ഉദ്യോഗസ്ഥൻതന്നെ വെളിപ്പെടുത്തിയതോടെ മകന്റെ മോചനത്തിനായി പിന്നീടുള്ള ഈ അമ്മയുടെ പോരാട്ടം.
കേന്ദ്ര സർക്കാറുകൾ മാറി വന്നിട്ടും മകന്റെ മോചനത്തിനായുള്ള അമ്മയുടെ കാത്തിരിപ്പ് നീണ്ടു. ഒടുവിൽ 31 വർഷത്തിനുശേഷം മകൻ വീണ്ടും അമ്മയുടെ തണലിലേക്ക്. മകനുവേണ്ടി പോരാടിയ അമ്മയുടേതല്ല, മറിച്ച് നീതിക്കായി പോരാടുന്ന ഒരുപാട് സ്ത്രീകളുടെ ഊർജമാണ് അർപുതമ്മാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.