വിസ്മയിപ്പിച്ച് തസ്നയുടെ കരവിരുതുകൾ
text_fieldsഅധ്യാപനത്തോടൊപ്പം ചിത്ര കലാ രംഗത്തും വിസ്മയമാകുകയാണ് മലയാളി പ്രവാസിയായ തസ്ന നാലകത്ത് ശംസുദ്ധീൻ. കയ്യക്ഷരങ്ങൾ കൊണ്ടും കലാരൂപങ്ങൾകൊണ്ടും ചിത്രങ്ങൾകൊണ്ടും തസ്ന തീർക്കുന്ന കലാസൃഷ്ടികൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരു പോലെ പ്രചോദനമേകുന്നതാണ്. ഏറ്റവും ഒടുവിൽ യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ പേര് അറബിയിൽ ആയിരത്തോളം തവണ എഴുതി അദ്ദേഹത്തിന്റെ ചിത്രം ടൈപ്പോഗ്രാഫിയിൽ രൂപപ്പെടുത്തിയിരിക്കുകയാണ് ഈ കലാകാരി.
പേന ഉപയോഗിച്ചാണ് പേരുകൾ എഴുതിയത്. രണ്ട് മീറ്റർ ഉയരവും ഒന്നര മീറ്റർ വീതിയുമുള്ള ചാർട്ട് പേപ്പറിൽ മൂന്ന് ദിവസംകൊണ്ടാണ് മനോഹരമായ ചിത്രം തയ്യാറാക്കിയത്. ഒയാസിസ് ഇന്റർനാഷണൽ സ്കൂളിൽ സൂക്ഷിച്ചുവെച്ച ചിത്രം യു.എ.ഇയിലെ ഏതെങ്കിലും എക്സിബിഷൻ സെന്ററുകൾക്കോ മ്യൂസിയങ്ങൾക്കോ കൈമാറണമെന്നാണ് തസ്നയുടെ ആഗ്രഹം.
ചെറു പ്രായത്തിലേ തസ്നയുടെ ൈകയിൽ എപ്പോഴും പെൻസിലും പേപ്പറും ഉണ്ടാകുമായിരുന്നു. ഇപ്പോഴും ഒഴിവുസമയങ്ങളിൽ എന്തെങ്കിലും വരച്ചുകൊണ്ടിരിക്കുക എന്നത് ശീലമാണ്. താൻ പഠിച്ച സ്കൂളിലെ ചിത്രകലാ അധ്യാപകൻ ജ്യോതിരാജ് നൽകിയ പ്രോത്സാഹനമാണ് ചിത്രകലയിലേക്ക് തിരിയാൻ പ്രചോദനം. കൂട്ടുകാരും കുടുംബാംഗങ്ങളും നൽകിയ പ്രോത്സാഹനങ്ങളും കരുത്തായി.
വിവാഹ ശേഷം ഭർത്താവും വരയ്ക്കാനുള്ള എല്ലാവിധ പ്രോത്സാഹനവുമായി പിന്നിലുണ്ട്. വിശേഷ അവസരങ്ങളിൽ തസ്നക്ക് സമ്മാനമായി ഭർത്താവ് സമ്മാനിച്ചിരുന്നതും വരയ്ക്കാനുള്ള ഉപകരണങ്ങളാണ്. യാത്രയിൽ കാണുന്ന സ്ഥലങ്ങൾ അതുപോലെ വരച്ചുവെക്കുന്ന പതിവുമുണ്ട്. അധ്യാപികയായ തസ്ന തന്റെ കുട്ടികളെ പഠിപ്പിക്കാനും താൻ വരച്ച ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നു.
ചുമരുകളിൽ മനോഹര ചിത്രങ്ങൾ വരയ്ക്കുക, ഉപയോഗിച്ച് വലിച്ചെറിയുന്ന കുപ്പികളും പാത്രങ്ങളും കടലാസുകളുമുപയോഗിച്ച് വിവിധ രൂപങ്ങളുണ്ടാക്കുക. കാലിഗ്രാഫി, പെയ്ന്റിങ്, പോസ്റ്റർ നിർമാണം, കാർട്ടൂൺ ഡ്രോയിങ്, കയ്യെഴുത്ത് എന്നീ മേഖലകളിലെല്ലാം തസ്ന കഴിവ് തെളിയിച്ചിട്ടുണ്ട്. സ്കൂൾ പഠനകാലത്ത് സ്കൂൾ തലങ്ങളിലും ജില്ലാതലങ്ങളിലും നിരവധി സമ്മാനങ്ങളാണ് തസ്നയെ തേടിയെത്തിയത്.
സ്കൂൾ പഠനകാലത്ത് ദേശീയ വിദ്യാഭ്യാസ, മാനുഷിക വിഭവ വികസന വകുപ്പ് അഖിലേന്ത്യ തലത്തിൽ നടത്തിയ ആർട്ട് ടാലന്റ് പരീക്ഷയിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. കോളജ് പഠനകാലത്തും നിരവധി സമ്മാനങ്ങൾ തസ്നയെ തേടിയെത്തിയിട്ടുണ്ട്. ഒയാസിസ് ഇന്റർനാഷണൽ സ്കൂളിൽ കിന്റർഗാർട്ടൻ അധ്യാപികയാണ് തസ്ന. തൃശൂർ കേച്ചേരി, നാലകത്ത് ശംസുദ്ധീന്റെയും ഷാജിതയുടെയും മകളാണ്. ക്വോളിറ്റി കൺട്രോൾ എൻജിനീയറായ റിഷാദ് മുഹമ്മദ് ആണ് ഭർത്താവ്. മകൻ റിസ്വാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.