അനിലയുടെ കരവിരുതുകൾ
text_fieldsഅനിലയുടെ കരവിരുതിൽ വീട്ടിലും ജോലി സ്ഥലത്തും വിരിയുന്നത് നിരവധി ചിത്രങ്ങളും കലാരൂപങ്ങളുമാണ്. കൈകൊണ്ടും ഭാവനാസമ്പന്നമായ മനസ്സ് കൊണ്ടും നിർമ്മിച്ച അത്തരം നിരവധി ഇനങ്ങൾ അനിലയുടെ പക്കലുണ്ട്.
നൃത്തത്തിനും നാടകങ്ങൾക്കും വേണ്ടിയുള്ള കലാരൂപങ്ങൾ നിർമ്മിക്കുക, ചുമരുകളിൽ മനോഹര ചിത്രങ്ങൾ വരക്കുക, ഉപയോഗിച്ച് വലിച്ചെറിയുന്ന കുപ്പികളും പാത്രങ്ങളും കടലാസുകളുമുപയോഗിച്ച് വിവിധ രൂപങ്ങളുണ്ടാക്കുക, ഗാർബേജ് കവറുകൾ ഉപയോഗിച്ച് കുട്ടികൾക്കുള്ള മനോഹരമായ ഉടുപ്പ് തയാറാക്കുക തുടങ്ങിയവയെല്ലാം അനിലയുടെ വിനോദങ്ങളായണ്. ഇതിന് പുറമെ കാർഡ് ബോർഡുകൾ, പേപ്പറുകൾ എന്നിവ ഉപയോഗിച്ച് ചെണ്ട, തോണി തുടങ്ങിയ രൂപങ്ങൾ നിർമ്മിക്കും. പാഴ് വസ്തുക്കളിൽ നിന്ന് മനോഹരമായ രൂപങ്ങൾ നിർമ്മിക്കുന്നതിനാൽ ‘ഗാർബേജ് കലക്ടർ’ എന്ന വിളിപ്പേരുമുണ്ട് അനിലക്ക്.
എയർ ഡ്രെ ക്ലൈ മോഡൽസ്, ബോട്ടിൽ ആർട്ട്, ആക്രിലിക് പെയിന്റിങ്, ക്യാൻവാസ് ഓയിൽ പെയിന്റ്, മിക്സഡ് മീഡിയ ആർട്ട്, ഗ്ലാസ് പെയിന്റിങ്, വാർളി ആർട്ട്, ലിപ്പൻ ആർട്ട്, ചുമർ ചിത്രരചന, ഫാബ്രിക് പെയിന്റിങ്, പൈറോഗ്രഫി ആർട്ട് തുടങ്ങി അനില കഴിവ് തെളിയിച്ച മേഖല നിരവധിയാണ്. ഒയാസിസ് ഇന്റർനാഷനൽ സ്കൂളിൽ ചിത്രകല അധ്യാപികയായ അനില സ്കൂളിന്റെ ചുമരുകളിൽ മനോഹരമായ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
രാജ്യത്തിന്റെ പൈതൃകം വിളിച്ചോതുന്ന പെയിന്റിങ് സ്കൂളിന്റെ ചുമരിൽ വരച്ചത് ഏറെ ആകർഷണീയമാണ്. പ്രമുഖ വ്യക്തികളുടെ കട്ടൗട്ട് നിർമിച്ച് അവക്ക് നിറങ്ങൾ പകരുന്നതും അനിലയുടെ ഹോബിയിൽപെടും. സിമന്റും പാഴ് വസ്തുക്കളും ഉപയോഗിച്ച് മരങ്ങളും ജീവൻ തുടിക്കുന്ന മയിലും അരയന്നവും ആനയുടെ തലയും തുമ്പിക്കൈയും മാനുമെല്ലാം നിർമിച്ചിട്ടുണ്ട്. കടലാസുകളും കാർഡ്ബോർഡുകളും കൊണ്ട് സ്റ്റേജ് ഡെക്കറേഷൻ ജോലികളും ചെയ്യും.
കലാരംഗത്ത് മാത്രമല്ല, തന്റെ കഴിവുകൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന ഏത് സാഹചര്യത്തിലും ആരെയും സഹായിക്കാൻ തയ്യാറാണ് അനില. നിരവധി അവാർഡുകളും അഭിനന്ദനങ്ങളും ലഭിച്ചിട്ടുണ്ട്. എറണാകുളം തൃപ്പണിത്തുറ സ്വദേശിയാണ് അനില. അൽഐൻ ഹോസ്പിറ്റലിലെ ബയോമെഡിക്കൽ എഞ്ചിനീയർ അഭിലാഷ് ആണ് ഭർത്താവ്. ഒയാസിസ് ഇന്റർനാഷണൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി അമേയ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.