നിറങ്ങളെയും ഫ്രെയിമുകളെയും സ്നേഹിച്ച് രാധിക
text_fieldsകൊല്ലം: മൂന്ന് ‘പി’ കളാണ് പ്രധാനമായും രാധികറാണി എന്ന കലാകാരിയുടെ മേഖല. പെയിന്റിങ്, ഫോട്ടോഗ്രഫി, പോയട്രി... മൂന്നെണ്ണത്തിലും തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. ചിത്രരചനയിൽ നിറക്കൂട്ടുകളിലൂടെ ആസ്വാദക മനംകവരുകയും ഫോട്ടോഗ്രഫി പ്രിയത്തിലൂടെ ഏറെ പ്രിയപ്പെട്ട ഹോബിയെ ചേർത്തുനിർത്തുന്നു, വാക്കുകൾ ഏറെ പ്രിയപ്പെട്ടതാകുമ്പോൾ കവിതകളിലൂടെയും ആരാധകരിലേക്ക് എത്തുന്നു. സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ രാധിക റാണി കുട്ടിക്കാലം മുതലേ ചിത്രങ്ങൾ വരച്ചിരുന്നെങ്കിലും ചിത്രരചന ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയത് 2014 മുതലാണ്.
ഒരു വിഷയം ലഭിച്ചാൽ അതിനെക്കുറിച്ച് ഗവേഷണം നടത്തി ശേഷം വ്യത്യസ്തതരത്തിൽ പല രീതിയിലാണ് ചിത്രങ്ങൾ വരക്കുന്നത്. ഗണപതിയുടെ ചിത്രമാണ് ഇതേരീതിൽ ആദ്യം വരച്ചത്. പിന്നീട് ജ്യാമതീയ അക്കങ്ങളും ചിത്രരചനയുടെ ഭാഗമായി. സുഗന്ധവ്യഞ്ജനങ്ങളുടെ കഥപറഞ്ഞ ഗസ്റ്റോ ചിത്ര പ്രദർശനത്തിലൂടെ കവിതയും ചിത്രരചനയും ഒരേ നൂലിൽ കോർത്തിണക്കിയും ആസ്വാദക പ്രശംസനേടി. സുഗന്ധവ്യഞ്ജനങ്ങളുടെ ചരിത്രം വരയിലും വാക്കുകളിലും നിറഞ്ഞ വിസ്മയമായിരുന്നു ആ ചിത്രങ്ങൾ.
പ്രിയപ്പെട്ട മാക്രോ ഫോട്ടോഗ്രഫിയിൽ പകർത്താൻ ഏറെ ഇഷ്ടമുള്ള ശലഭങ്ങളുടെ ജീവിതമാണ് രാധികയുടെ ഏറ്റവും പുതിയ ചിത്രരചനാപരീക്ഷണം. ചിത്രശലഭങ്ങളുടെ പരിണാമം ആണ് ഇത്തവണ കാൻവാസിൽ പകർത്തുന്നത്. നിലവിൽ ഇൗ തീമിൽ ഉള്ള ചിത്രങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ്. ഇംപാസ്റ്റോ ടെക്നിക് ഉപയോഗിച്ചാണ് രാധികയുടെ ചിത്രരചന. ഇന്ത്യൻ, ഇൻക, റോമൻ, പേർഷ്യൻ, ചൈനീസ്, സുമേറിയൻ സംസ്കാരങ്ങൾ ഉപയോഗിക്കുന്ന ഗണിതരൂപങ്ങൾ കൊണ്ടും രാധിക ചിത്രകലയിൽ പരീക്ഷണം നടത്താറുണ്ട്.
ഗോൾഡൻ റേഷ്യോ, പൈതഗോറസ് സിദ്ധാന്തം എന്നീ പൊതുവായ ഗണിതരീതികൾ ഉപയോഗിച്ചും രാധിക ചിത്രം വരച്ചിട്ടുണ്ട്. ബംഗളൂരു, ചെന്നൈ, ദുൈബ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ രാധിക ഇതിനകം 12ഓളം ചിത്രപ്രദർശനങ്ങളാണ് നടത്തിയത്. ഹിന്ദിയിലും ഇംഗ്ലീഷിലും കവിതകൾ രചിക്കുന്നതും ഏറെ പ്രിയപ്പെട്ടതാണ്. ഇതിനകം 80ഓളം ആന്തോളജികൾ രചനയുടെ ഭാഗമായി. വിവിധ കവിതാസമാഹാരങ്ങളും പുറത്തിറക്കി.
ജന്തുലോകത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇഷ്ടപ്പെടുന്ന മാക്രോ ഫോട്ടോഗ്രാഫറും പ്രകൃതിശാസ്ത്രജ്ഞയുമാണ് കൊല്ലം തേവള്ളി സ്വദേശിയായ രാധിക റാണി. പുതിയ ചിത്രപ്രദർശനവുമായി വൈകാതെ ആസ്വാദകർക്കിടയിലേക്ക് തിരികെയെത്താനുള്ള ശ്രമത്തിലാണ് രാധിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.