പ്രതിരോധത്തിന്റെ മീൻമുള്ളുകൾ
text_fieldsആത്മീയതയും ചിത്രകലയും അരികുചേരുേമ്പാൾ പതിവായി കാൻവാസുകളിൽ വിടരുന്ന പതിവ് മാതൃകകളെ നിരാകരിക്കുകയും ചിത്രങ്ങൾക്ക് അതിൽക്കൂടുതലായ ഉത്തരവാദിത്തങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്നും ഉറക്കെ പറയുന്ന ചിത്രങ്ങളുമായി തിരുവസ്ത്രമണിഞ്ഞുകൊണ്ടൊരു ചിത്രകാരി. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി പുതുപ്പാടി സെൻറ് ഫിലിപ്പ് നേരി സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റർ സാന്ദ്ര സോണിയയാണ് മലിനമാക്കപ്പെട്ട സാമൂഹിക വ്യവസ്ഥയെ മറയില്ലാതെ കാൻവാസിൽ പകർത്തുന്നതിലൂടെ ചിത്രകാരിയുടെ ഉള്ളിലെ പ്രതിരോധത്തിന്റെയും പ്രതിഷേധത്തിെൻറയും മൂർച്ചയുള്ള മീൻ മുള്ളുകൾ കാഴ്ചക്കാരെൻറ മനസ്സിെന കുത്തിനോവിപ്പിക്കുന്നത്.
വേർപെടുത്താനാവാത്തവിധം തന്നിൽ അലിഞ്ഞു ചേർന്നിരിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള ആധിയും ആശങ്കകളുമാണ് സാന്ദ്രയുടെ ഒാരോ ചിത്രങ്ങളും. അതേസമയംതന്നെ, നന്മയുടെ നിറമുള്ള നാളുകളെ നിർമിക്കുവാൻ പ്രചോദനമാകുകയും ചെയ്യുന്നുണ്ട് ഇൗ സൃഷ്ടികൾ.സിസ്റ്റർ സാന്ദ്ര സോണിയ ചിത്രങ്ങൾ
ഒറ്റപ്പെടലിന്റെ ആശങ്കകളിൽ ഉള്ളുമുറിഞ്ഞ് ജീവിക്കുന്ന ചുറ്റിലുമുള്ള സാധാരണ മനുഷ്യരുടെ കരച്ചിലുകളെ നിസ്സംഗതയോടെ നോക്കിക്കാണുന്നതിനപ്പുറം വരകളിലെല്ലാം പ്രതിഷേധത്തിന്റെ പുതുമയുള്ള ബിംബങ്ങൾ ചേർത്തുെവച്ച് നിലപാടുകൾ വ്യക്തമാക്കുകയാണ് ഈ ചിത്രകാരി. ഒരു ചിത്രം പൂർത്തിയാവുന്നിടത്ത് തീരുന്നതല്ല നിലവിലുള്ള സാമൂഹിക രാഷ്ട്രീയ പരിസരങ്ങളെ കുറിച്ചുള്ള ആധിയെന്നും അവരുടെ ചിത്രങ്ങൾ നിശ്ശബ്ദമായി പറയുന്നുണ്ട്.
തികഞ്ഞ ആത്മസംയമനത്തോടെ നിരീക്ഷിച്ച് ഒരു മുൻവിധിയും ഇല്ലാതെ തനിക്ക് ഇഷ്ടമുള്ള നിറങ്ങൾ ചേർത്ത് ചിത്രങ്ങളൊരുക്കുന്നിടത്ത് കാഴ്ചക്കാരന്റെ ഉള്ളിൽ ചിന്തനത്തിനുള്ള വലിയൊരു സമസ്യ ബാക്കി വെക്കുകയാണ് ഇവരുടെ ചിത്രങ്ങൾ. താളംതെറ്റുന്ന നീതിബോധത്തിനെതിരെ തന്റെ സ്വത്വം വെളിപ്പെടുത്തിക്കൊണ്ടുതന്നെ നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത ചിത്രഭാഷയിൽ കലഹിക്കുകയാണ് ഈ വിശുദ്ധസ്നേഹം.
കീറി മുറിക്കുകയും പിച്ചിച്ചീന്തപ്പെടുകയും ചെയ്ത പ്രകൃതിയെ കുറിച്ചുള്ള ആകുലതകളിൽ വരച്ച ചിത്രങ്ങൾ കാഴ്ചക്കാരന് പ്രകൃതിയുടെ മുറിവിനെയും സാന്ദ്രയുടെ മനസ്സിനെയും ഒരുപോലെ സ്പർശിക്കാൻ കഴിയുന്നു. നിറഞ്ഞാടിയ ബാല്യകാല സ്മരണകൾ പുതുക്കിപ്പണിത ചിത്രങ്ങളും നമ്മുടെ തിരക്കിട്ട നോട്ടത്തെ പിടിച്ചെടുക്കുന്നു.
പലയിടങ്ങളിലും പിന്തള്ളപ്പെട്ട സ്ത്രീ വരയുടെ വരികളിൽനിന്ന് അതിരുകൾ ലംഘിച്ച് സ്നേഹത്തിന്റെ നിറഞ്ഞ വെളിച്ചവുമായി നമ്മുടെ ഇടയിലേക്ക് വന്നിരിക്കുകയാണ് ഈ ചിത്രകാരി. സന്യാസപഠനകാലത്ത് കിട്ടിയ പ്രോത്സാഹനമാണ് കോഴിക്കോട് യൂനിവേഴ്സൽ ആർട്സിലും തുടർന്ന് ആർ.എൽ.വി കോളജിലും ചിത്രകല അഭ്യസിക്കാൻ ഇവരെ തുണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.