വള കിലുങ്ങുന്ന വളയം
text_fieldsഅസീന
ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന യു.എ.ഇയിൽ ഡ്രൈവിങ് ലൈസൻസ് നേടുകയെന്നത് അൽപം പ്രയാസമുള്ള പണിയാണ്. ലോക നിലവാരത്തിലുള്ള റോഡുകളിൽ വണ്ടിയോടിക്കുമ്പോൾ നിതാന്ത ജാഗ്രതയും വേണം. ഹെവി വാഹനങ്ങളാണെങ്കിൽ സൂക്ഷ്മതക്കൊപ്പം ധൈര്യവും കൈമുതലായിരിക്കണം. എന്നാൽ, ഇവിടെ 13,500 ഗാലൻ സംഭരണ ശേഷിയുള്ള ഇന്ധന ടാങ്കറിന്റെ വളയം പിടിക്കുന്നത് ഒരു മലയാളി യുവതിയാണ്. കൊടുങ്ങല്ലൂർ സ്വദേശിനിയായ അസീന. ജീവിതം കരുപിടിപ്പിക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിനിടയിലാണ് അസീന ഇന്ധന ടാങ്കറിന്റെ ഡ്രൈവര്‍ സീറ്റിലേക്ക് എത്തിപ്പെടുന്നത്.
നാട്ടില്‍ ബസ് ഡ്രൈവറായി ഒരു വര്‍ഷത്തോളം ജോലി ചെയ്തിരുന്ന കൊടുങ്ങല്ലൂർ ശൃംഗപുരം ആഞ്ഞിലി പറമ്പിൽ അഷ്റഫ് നബീസ ദമ്പതികളുടെ മകളായ അസീനക്ക് ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്യണമെന്നത് ഏറെ കാലത്തെ മോഹമാണ്. അങ്ങനെയിരിക്കെയാണ് വീട്ടു ജോലിക്കാരിയായി ദുബൈലെത്തുന്നത്. എന്നാൽ, അടുക്കളയുടെ ചുവരുകളിൽ ശിഷ്ട ജീവിതം തള്ളി നീക്കാൻ ഹസീന ഒരുക്കമായിരുന്നില്ല. ഡ്രൈവിങ് ലൈസന്‍സ് എടുപ്പിക്കാനൊന്നും ആ വീട്ടുകാര്‍ക്ക് വലിയ താല്പര്യമില്ലെന്ന സത്യം തിരിച്ചറിഞ്ഞതോടെ അസീന തന്റെ ലക്ഷ്യവും സ്വപ്നവും അറബിയെ അറിയിച്ചു. അങ്ങനെയെങ്കില്‍ മറ്റൊരു ജോലിക്ക് നോക്കുന്നതിന് അവര്‍ക്ക് വലിയ എതിര്‍പ്പില്ലായിരുന്നു. ഈ വിവരം സുഹൃത്തിനെ അറിയിച്ചപ്പോള്‍ അദ്ദേഹമാണ് നാട്ടുകാരനായ കബീറിനെ ബന്ധപ്പെടുത്തിക്കൊടുക്കുന്നത്.
ആയിടക്കാണ് ഗള്‍ഫ് മാധ്യമത്തിന്റെ ക്ലാസ്സിഫൈഡില്‍ വന്ന ഒരു പരസ്യം കബീറിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. യു.എ.ഇ ലൈസന്‍സില്ലാത്ത പുതു മുഖങ്ങളെയും പരിഗണിക്കുമെന്ന പരസ്യത്തിലെ വാഗ്ദാനം അസീനയെ ഏറെ ആകര്‍ഷിച്ചു. ഉടനെ പരസ്യത്തില്‍ കണ്ട നമ്പറില്‍ ബന്ധപ്പെട്ടു. അജ്മാന് ജറഫിലുള്ള ഒരു ഡീസല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലേക്കായിരുന്നു അവസരം. ആ സമയം ദുബൈ ബര്‍ഷയിലുള്ള ഹസീനക്ക് ഈ കമ്പനി ഇന്റര്‍വ്യൂവിനായി വാഹന സൗകര്യം ഒരുക്കി അജ്മാനിലേക്ക് എത്തിച്ചു. അസീനയുടെ ആത്മവിശ്വാസവും ചടുലതയും കണ്ട കമ്പനി ഇവര്‍ക്ക് അവസരം നല്കാന് തയ്യാറായി. കമ്പനിയിലെ ഏക വനിതയായ അസീനക്ക് പ്രത്യേകമായ സൗകര്യങ്ങള്‍ നൽകി. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗലദാരി ഡ്രൈവിങ് സ്കൂളില്‍ പഠിക്കാനുള്ള വാഹന സൗകര്യവും മലയാളികളുടെ ഉടമസ്ഥതയിലുള്ള അജ്മാനിലെ നോബിള്‍ ടെക്ക് എന്ന കമ്പനി തന്നെ ഒരുക്കി. വളരെ വേഗത്തില്‍ അസീന ഹെവി ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കി.
ലൈസന്‍സ് കിട്ടിയ അസീനക്ക് ഒരു മാസത്തെ പരിശീലനവും നല്കി. ഇപ്പോള്‍ കഴിഞ്ഞ ഒരു മാസമായി അസീന തനിച്ചാണ് വലിയ ടാങ്കര്‍ ലോറി യു.എ.ഇയുടെ റോഡിലൂടെ രാത്രിയും പകലുമില്ലാതെ പായിക്കുന്നത്. ഹമരിയ പോര്‍ട്ടില്‍ നിന്നും ഡീസല്‍ ശേഖരിച്ച് ദുബൈ അല്‍ഖൂസ്, ഫുജൈറ എന്നിവിടങ്ങളിലേക്കും മറ്റും പോകും. ജോലി സമയം പകലും രാത്രിയുമായി മാറി മാറി വരും. എന്നാല്‍, രാത്രിയിലാണ് വാഹനം ഓടിക്കാന്‍ സുഖമെന്ന് അസീന പറയുന്നു. രാത്രിയുടെ ശാന്തതയിൽ യു.എ.ഇയുടെ നഗര, ഗ്രാമ സൗന്ദര്യങ്ങള്‍ ആസ്വദിച്ച് വാഹനമോടിക്കുമ്പോള്‍ വല്ലാത്ത വൈബാണെന്ന് അസീന പറയുന്നു. കമ്പനി ഉടമകളായ അബ്ദുല്‍ സലിം, ശംസുദ്ധീന്‍ സേഫ്റ്റി ഓഫീസറായ ജതീഷ് എന്നിവരുടെ അകമഴിഞ്ഞ സഹകരണം തനിക്ക് വലിയ തുണയാണെന്ന് അവർ നന്ദിയോടെ സ്മരിക്കുന്നു.
അപ്രാപ്യമെന്നു കരുതിയ പല ജോലികളിലും സ്ത്രീകള്‍ ഇന്ന് തിളങ്ങുന്നുണ്ട് എന്നതിന്റെ വലിയ ഉദാഹരണമാണ് ഈ കൊടുങ്ങല്ലൂര്‍ക്കാരി. ഇത്തരം ജോലികളിലേക്ക് ഇനിയും സ്ത്രീകള്‍ കടന്നു വരണമെന്നാണ് അസീനയുടെ അഭിപ്രായം. യു.എ.ഇ പോലുള്ള രാജ്യത്ത് സ്ത്രീകള്‍ക്ക് വളരെ സുരക്ഷിതമാണെന്നതിനാല്‍ ഇത്തരം ജോലികള്‍ വലിയ ജീവിതോപാധിയായി തിരഞ്ഞെടുക്കാന്‍ കഴിയും. അസീനയെ പോലെ ഡ്രൈവർ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം നൽകാൻ തയ്യാറാണെന്ന് നോബിള്‍ ടെക്ക് എന്ന സ്ഥാപനവും അറിയിച്ചിരിക്കുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.