സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവി
text_fieldsപൊന്നാനി: ഇന്ത്യയിലുടനീളം സ്ത്രീകൾക്ക് നിർഭയമായി സഞ്ചരിക്കാമെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ഉദ്യമത്തിലാണ് ദേശീയ കായികതാരവും പർവതാരോഹകയുമായ ആശ മാൽവി. നവംബർ ഒന്നിന് ഭോപാലിൽനിന്ന് സൈക്കിളിൽ യാത്ര തിരിച്ച ഇവർ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങൾ പിന്നിട്ട് കേരളത്തിലെത്തി. പിന്നിട്ട സംസ്ഥാനങ്ങളിലെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചതെന്ന് ഇവർ പറയുന്നു. കേരളത്തിൽ കണ്ണൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ആശയെ സ്വീകരിച്ചു.
പൊന്നാനിയിൽ സബ് കലക്ടർ സച്ചിൻ യാദവ് ആശക്ക് ആശംസ നേരാനെത്തി. കേരളം കഴിഞ്ഞാൽ തമിഴ്നാട്, കർണാടക, ഒഡിഷ വഴി ജമ്മു-കശ്മീരിലേക്കാണ് യാത്ര. ദിവസവും 25 കി.മീറ്ററാണ് സൈക്കിളിൽ സഞ്ചരിക്കുന്നത്. സ്ത്രീകൾ സ്വയംപര്യാപ്തത കൈവരിച്ച് മുൻനിരയിലെത്തുകയെന്നതാണ് യാത്രയുടെ ലക്ഷ്യം. ഇന്ത്യയിലുടനീളം 20,000 കി.മീ. സൈക്കിളിൽ സഞ്ചരിക്കാനാണ് തീരുമാനം.
മധ്യപ്രദേശിലെ രാജ്ഘർ ജില്ലയിലെ നടാറാം ഗ്രാമത്തിൽ സാധാരണ കുടുംബത്തിൽ ജനിച്ച ആശ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇതിനകം ചെറുതും വലുതുമായ മുന്നൂറോളം സൈക്കിൾ റൈഡുകളും നടത്തി. യാത്രാനുഭവങ്ങൾ ഉൾപ്പെടുത്തി പുസ്തകം എഴുതാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.