ആഷ നരോത്ര; ഖത്തറിലെ ആദ്യ ഇന്ത്യൻ കൺമണി
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസത്തിന് ഒരു നൂറ്റാണ്ടോളംതന്നെ ചരിത്രമുണ്ടാകും. ബ്രിട്ടീഷുകാർ ഇന്ത്യയും ഗൾഫ് നാടുകളും ഭരിച്ച കാലത്തുതന്നെ ജീവിത സൗഭാഗ്യങ്ങൾ തേടി ഇന്ത്യക്കാർ ലോഞ്ചിലും കപ്പലിലുമേറി ഖത്തർ ഉൾപ്പെടെ ഗൾഫ് നാടുകളിലെത്തി തൊഴിലെടുത്ത് പ്രവാസത്തിന് തുടക്കം കുറിച്ചിരുന്നു. ബാച്ചിലർ പ്രവാസികളുടെ കാലത്ത് കുടുംബസമേതം ഇവിടെ കഴിഞ്ഞവർ അപൂർവങ്ങളിൽ അപൂർവമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു കൗതുക വാർത്ത വെളിപ്പെടുത്തിയിരിക്കുകയാണ് പ്രദേശിക ദിനപത്രമായ ‘ദി പെനിൻസുല’. ഖത്തറിൽ ജനിച്ച ആദ്യ വിദേശിയെന്ന റെക്കോഡിന് ഉടമയായ ഇന്ത്യക്കാരിയെയാണ് പ്രവാസികൾ ഉൾപ്പെടെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നത്. പഞ്ചാബിൽനിന്നുള്ള ആഷ നരോത്രയെന്ന റെക്കോഡുകാരിക്ക് ഇന്ന് വയസ്സ് 71 ആയി.
‘1946ൽ ബ്രിട്ടീഷ് പെട്രോളിയത്തിൽ (പിന്നീട് ഖത്തർ പെട്രോളിയവും ഇപ്പോൾ ഖത്തർ എനർജിയുമായി മാറി) സൈറ്റ് ഫോർമാൻ ആയാണ് പിതാവ് ചരൻ സിങ് ഗിൽ ഇന്ത്യയിൽനിന്ന് ഖത്തറിലെത്തുന്നത്. ബ്രിട്ടീഷ് പെട്രോളിയത്തിന്റെ ദുഖാനിലെ കേന്ദ്രത്തിലായിരുന്നു ജോലി. ഇന്ത്യയിൽനിന്ന് അക്കാലത്ത് ഗൾഫിലേക്ക് വിമാനങ്ങളില്ലാത്തതിനാൽ കപ്പലിലായിരുന്നു വന്നത്. ദുഖാനിൽ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂവെന്ന് അച്ഛൻ പറഞ്ഞു കേട്ടിരുന്നു. 1951ഓടെ കുടുംബങ്ങൾക്കായി നാലു വീടുകൾ നിർമിച്ചു. അവിടേക്കാണ് ജീവനക്കാരുടെ കുടുംബങ്ങളിൽ ആദ്യത്തെ ആളായി അമ്മ ജമുന ദേവി ഗിൽ വരുന്നത്. അവിടെ ആദ്യം ഗർഭിണിയായതും അമ്മയായിരുന്നത്രെ. അങ്ങനെ ബ്രിട്ടീഷ് പെട്രോളിയം ജീവനക്കാരുടെ ഖത്തറിലെ കുടുംബങ്ങളിൽ പിറന്ന ആദ്യത്തെയാളായി ഞാൻ. അന്ന് ഖത്തറിൽ വിദേശി തൊഴിലാളികൾ കുടുംബസമേതം ജീവിച്ചത് ഇവിടെ മാത്രമായതിനാൽ ആദ്യ പ്രവാസിയായി പിറന്നതും ഞാനായിരിക്കും’ -അച്ഛനും അമ്മയും പറഞ്ഞറിഞ്ഞതിന്റെ ഓർമകൾ ആഷ നരോത്ര പങ്കുവെക്കുന്നു.
‘ദുഖാനിൽനിന്ന് കാർ മാർഗം ദോഹയിലെത്താൻ രണ്ടര മണിക്കൂറെങ്കിലും എടുക്കും. ഇന്നത്തെ പോലെ റോഡ് ശൃംഖലയില്ല. അമ്മ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ബി.പിയിലെ മെഡിക്കൽ ടീം പ്രസവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇത്തരമൊരു സാഹചര്യം അവർക്കും ആദ്യമായിരുന്നു. പ്രസവത്തിന് പത്തു ദിവസം മുമ്പ് അടുത്തുള്ള ആശുപത്രിയിലേക്ക് ആകാശമാർഗം മാറ്റാനായിരുന്നു പ്ലാൻ. മികച്ച പരിചരണത്തിന് ദോഹയിലെത്തണം. ദുഖാനിൽ അന്ന് എയർ ഫീൽഡ് ഉണ്ടായിരുന്നു. പക്ഷേ, ദുഖാനിൽനിന്ന് ദോഹയിലെത്തുന്നതിനെക്കാൾ എളുപ്പമായിരുന്നു അയൽ രാജ്യമായ ബഹ്റൈനിലേക്കുള്ള ആകാശ യാത്ര. അങ്ങനെ, ബഹ്റൈനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മ 1952 സെപ്റ്റംബർ 25ന് എനിക്ക് ജന്മം നൽകി. ബി.പി ജീവനക്കാർക്കിടയിൽ പിറന്ന ആദ്യ കുഞ്ഞായിരുന്നു ഞാനെന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു’ -70 പിന്നിട്ട ആഷ ഓർത്തെടുക്കുന്നു.
ഖത്തറിൽ തന്നെ വളർന്ന ആഷ എട്ടാം വയസ്സിൽ പഠനത്തിനായി ഇന്ത്യയിലേക്ക് മടങ്ങി. പിന്നീട്, സ്കൂൾ വേനലവധിക്കു മാത്രമായി മാതാപിതാക്കൾക്ക് അരികിലേക്കുള്ള വരവ്. ക്യൂ.പിയിൽ സിവിൽ എൻജിനീയറിങ് വിഭാഗം സൈറ്റ് സൂപ്പർവൈസറായി മാറിയ പിതാവ് 1983ൽ റിട്ടയർ ചെയ്തെങ്കിലും 2000 വരെ ഖത്തറിൽതന്നെ തുടർന്നു. പഠനം പൂർത്തിയാക്കി 1975ൽ ഖത്തറിൽ തിരിച്ചെത്തിയ ആഷ 2015 വരെ ദോഹയിൽ തന്നെയായിരുന്നു. പിന്നീട്, ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും ഖത്തറിനെ ഹൃദയത്തിൽ സൂക്ഷിച്ച് കഴിയുകയാണ് പതിറ്റാണ്ടുകളുടെ ആത്മബന്ധമുള്ള ഈ വീട്ടമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.