Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightആശ സുരേഷ് എന്ന സോപാന...

ആശ സുരേഷ് എന്ന സോപാന സംഗീത കലാകാരി

text_fields
bookmark_border
asha suresh
cancel
camera_alt

ആശ സുരേഷ്

ഇടയ്​ക്കവാദന രംഗം​ കാലാകാലങ്ങളായി പൂർണമായും പുരുഷ മേഖല ആണെന്നിരി​െക്ക, ക്ഷേത്രകലകളുടെ ഈറ്റില്ലമെന്നറിയപ്പെടുന്ന ഇരിങ്ങാലക്കുടയിൽ നിന്ന്​ ആശ സുരേഷ് സോപാന സംഗീത കലാകാരിയാകുന്നത് വെറു മൊരു കൗതുകവാർത്തയല്ല

ആചാരങ്ങളുടെ മുറുക്കിപ്പിടിത്തം ഭേദിക്കുന്നതിൽ അത്രയൊന്നും വിജയം നേടാൻ കഴിഞ്ഞിട്ടില്ലാത്തൊരു ക്ഷേത്രകലയാണ് സോപാന സംഗീതമെന്നറിയാമെങ്കിലും, അർപ്പിതമനസ്സോടെ അതിനെ ഉപാസിച്ചുകൊണ്ടിരിക്കുകയാണ് ഇരിങ്ങാലക്കുട ക്രൈസ്​റ്റ്​ കോളജിലെ ഫൈനൽ എം.എ വിദ്യാർഥി ആശ സുരേഷ്. മു​േന്ന നടന്ന ദർശനത്തിനുശേഷം അടച്ച ക്ഷേത്രനട അടുത്ത ദർശനത്തിന് തുറക്കുന്നതുവരെ ഇടയ്ക്ക കൊട്ടി സ്തുതികൾ ആലപിക്കുന്നതാണ് കീഴ്വഴക്കം.

കേരളത്തിലെ പരമ്പരാഗത മേള ഉപകരണങ്ങളിൽ ഏറ്റവും ആദരണീയമായതെന്ന് കരുതപ്പെടുന്ന ഇടയ്ക്കയുടെ അകമ്പടിയിൽ, ശ്രീകോവിലിലേക്കു പ്രവേശിക്കാനുള്ള സോപാനപ്പടിയുടെ സമീപത്തു നിന്നുകൊണ്ട് പാടുന്നതിനാൽ ഇത് സോപാന സംഗീതം എന്നറിയപ്പെടുന്നു. 'നിലത്തുവെയ്ക്കാത്ത' ദേവവാദ്യ ഉപകരണമായതിനാൽ, ഇടയ്ക്കയോട് ഇടപെടുന്നത് ഏറെ ആദരവോടെയും. കാലാകാലങ്ങളായി ഈ അനുഷ്ഠാനം പൂർണമായും പുരുഷമേഖല ആണെന്നിരി​െക്ക, ക്ഷേത്രകലകളുടെ ഈറ്റില്ലമെന്നറിയപ്പെടുന്ന ഇരിങ്ങാലക്കുടയിൽ ഒരു പെൺകുട്ടി സോപാനസംഗീത കലാകാരിയാകുന്നത് കേവലമൊരു കൗതുക വാർത്തയല്ല. അവരുമായുള്ള സംഭാഷണം:

സ്ത്രീകൾക്കും സാധ്യമാണ്

ഒരു ക്ഷേത്രാചാരം എന്നനിലയിൽ പുരുഷന്മാരാണ് സോപാന സംഗീതം ആലപിച്ചുകൊണ്ടിരിക്കുന്നത്. കൈമാറിക്കിട്ടിയ ഈ വ്യവസ്ഥ കാലങ്ങളായി പിന്തുടർന്നുപോരുന്നുവെന്നതും ശരിയാണ്. എന്നാൽ, സോപാന സംഗീതം പോലെയുള്ളൊരു ക്ഷേത്രകല പുരുഷന്മാരെപ്പോലെത്തന്നെ, ഒരുപക്ഷേ, പുരുഷന്മാരെക്കാൾ മികവോടുകൂടിത്തന്നെ, സ്ത്രീകൾക്കും അവതരിപ്പിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഭാരം കൂടിയ ചെണ്ട ചുമലിൽ തൂക്കി, ഇരു കൈകൾ കൊണ്ടും തകൃതിയായി കൊട്ടുന്നത്രയും ക്ലേശം, ചെറിയ ഉപകരണമായ ഇടയ്ക്ക വായനക്കും ഒപ്പമുള്ള വായ്പ്പാട്ടിനുമില്ല​േല്ലാ. ഇടയ്ക്കയുടെ ഒരു വട്ടത്തിൽ മാത്രമേ കൊട്ടുന്നുള്ളൂ. അഭിരുചിയുള്ളവർക്ക്, സ്ത്രീ-പുരുഷ ഭേദ​െമന്യേ, നന്നായി പാടാൻ കഴിയും. അർഥം മനസ്സിലാക്കി പാടുമ്പോഴും അതിനൊത്ത് താളത്തിൽ കൊട്ടുമ്പോഴുമാണ് സോപാന സംഗീതത്തിന് ചേതന ലഭിക്കുന്നത്.

വിമർശിക്കപ്പെട്ടില്ല

സോപാന സംഗീതം സ്ത്രീ അനുഷ്ഠിക്കുന്നതിനാൽ വിവേചനപരമായ വിമർശനങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഇക്കാലങ്ങളിൽ ധാരാളം ഗുരുക്കന്മാർ പെൺകുട്ടികളെയും ഇടയ്ക്ക വാദനം അഭ്യസിപ്പിക്കുന്നുണ്ട്. എ​െൻറ ഇടയ്ക്ക വായനയിലോ കീർത്തന ആലാപനത്തിലോ പിഴവുകളുള്ളതായി ആരും ചൂണ്ടിക്കാട്ടിയിട്ടുമില്ല. അറിയാം, ഞാൻ ഒരു തുടക്കക്കാരിയാണ്. പ​േക്ഷ, പരിശീലനം ലഭിച്ചാൽ ഇടയ്ക്ക മനോഹരമായി ആർക്കും കൊട്ടാവുന്നതേയുള്ളൂ. അഭ്യാസം പതിവായുണ്ടെങ്കിൽ കൂടുതൽ മികവോടുകൂടി അനുഷ്ഠിക്കാൻ കഴിയുകയും ചെയ്യും. ഏതു കലയും അങ്ങനെയല്ലേ? സാധകവും കൈവഴക്കവുമാണ് നിർണായകമാകുന്നത്. ഈ സംഗീതാർച്ചനയുടെ മെച്ചപ്പെട്ട അവതരണങ്ങൾ സാധ്യമാകണമെങ്കിൽ പാട്ടിലും കൊട്ടിലും നിരന്തരമായ ഗൃഹപാഠങ്ങൾ അനിവാര്യമാണ്. ആൺ-പെൺ വ്യത്യാസമില്ലാത്തൊരു യാഥാർഥ്യമല്ലേ ഇത്?

സംസ്കൃതിയുടെ ഭാഗം

ക്ഷേത്രനടയുടെ ഇടതു വശത്തു നിന്നുകൊണ്ട് ആലപിക്കുന്ന സോപാന സംഗീതം ഹാർദമായൊരു നാദോപാസനയാണ്. കർണാടക സംഗീതം കേരളത്തിൽ പ്രചാരം നേടുന്നതിനു മുമ്പുതന്നെ ഇടയ്ക്കയിൽ താളമിട്ടു പാടുന്ന ഈ കീർത്തന രൂപം ഇവിടെ നിലവിലുണ്ടായിരുന്നു. ആരംഭ കാലങ്ങളിൽ ഈ അവതരണത്തെ കൊട്ടിപ്പാട്ടുസേവ എന്നും വിളിച്ചിരുന്നു. മഹാകവി ജയദേവരുടെ അഷ്​ടപദി ശ്ലോകങ്ങളായിരുന്നു ആലപിച്ചിരുന്നത്. പ്രശസ്ത ആട്ടക്കഥാകൃത്ത് ഉണ്ണായിവാര്യരുടെ ജന്മസ്ഥലമാണ് ഇരിങ്ങാലക്കുട. കൂടിയാട്ടം കലാകാരൻ അമ്മന്നൂർ മാധവചാക്യാരും ഇവിടെയാണ് ജനിച്ചത്.


കൂടൽമാണിക്യ ക്ഷേത്ര പരിസരത്താണ് കഥകളിയും കൂടിയാട്ടവും തുള്ളലും ആട്ടക്കഥകളും രൂപം കൊള്ളുകയോ വികസിക്കുകയോ ചെയ്തത്. സ്വാഭാവികമായും ക്ഷേത്രകലകൾ ഇവിടെയുള്ളവർ നെഞ്ചിലേറ്റുന്നു. ആ സംസ്കൃതിയുടെ ഒരു ഭാഗമാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കുട്ടിക്കാലത്ത് എനിക്ക്​ ഇടയ്ക്കയോട് തോന്നിയ ഇഷ്​ടം വീട്ടുകാർ നിരുത്സാഹപ്പെടുത്താതിരുന്നതിനാലാണ് ഞാൻ ഈ വാദ്യം പഠിച്ചത്. രണ്ടു മൂന്ന് ചെറിയ ക്ഷേത്രങ്ങളിൽ മാത്രമാണ്, അവിടത്തെ ഭാരവാഹികളുടെ അഭ്യർഥന മാനിച്ച്, സോപാനത്തിനരികെ നിന്നുകൊണ്ട് ഞാൻ ഇടയ്ക്ക കൊട്ടിപ്പാടിയത്. ക്ഷേത്ര പരിസരങ്ങളിലെ ആഘോഷങ്ങളിലും പൊതുവേദികളിലും ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയ ലൈവ് പരിപാടികളിലുമാണ് ഞാൻ പതിവായി ഇടയ്ക്ക കൊട്ടി പാടുന്നത്.

ഇടയ്ക്കയോട് ആരാധന

കുട്ടിക്കാലത്ത് അച്ഛനമ്മമാരുമൊത്ത് തൊട്ടടുത്തുള്ള കൂടൽമാണിക്യ ക്ഷേത്രത്തിൽ പോകുമ്പോഴൊക്കെ ശ്രദ്ധിച്ചിരുന്നത് ഇടയ്ക്ക കലാകാരനെയായിരുന്നു. ഈ വാദ്യം പഠിക്കണമെന്ന മോഹം അക്കാലങ്ങളിൽ തന്നെ ഉള്ളിൽ നാമ്പിട്ടിരുന്നു. ഇടയ്ക്കയുടെ ആകർഷകമായ രൂപവും അതിൽ തൂക്കിയിട്ടിരിക്കുന്ന വിവിധ വർണങ്ങളിലുള്ള പൊടിപ്പുകളും വല്ലാതെ ആകർഷിച്ചു. നൂലുകൊണ്ടുണ്ടാക്കിയ 64 പൊടിപ്പുകളുടെ കുലകൾ ഇടയ്ക്കയെ ഏറെ ചേലൊത്തതാക്കുന്നു. ഓരോ പൊടിപ്പും ഓരോ കലയെ പ്രതിനിധാനം ചെയ്യുന്നതാണ്. ഭാരതീയ സിദ്ധാന്തമനുസരിച്ച്, കലകളെ 64 വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഗീതം, വാദ്യം, നൃത്യം, നാട്യം തുടങ്ങി അതങ്ങനെ പോകുന്നു. ഇതെല്ലാം പിന്നീടാണ് അറിഞ്ഞത്. ചെറുപ്പത്തിൽ തോന്നിയത് കൗതുകം മാത്രമായിരുന്നു. അന്ന് തോന്നിയ അഭിനിവേശം ഇന്നും കുട്ടികൾക്ക് തോന്നുന്നുണ്ട്. ഈയിടെ, പൊടിപ്പുകൾ ചൂണ്ടിക്കാണിച്ച്, ഒരു കുട്ടി എന്നോട് ചോദിച്ചു; 'ചേച്ചീ, അതിലെ ഒരു ബാൾ എനിക്ക്​ തരുമോ'യെന്ന്!

ഒമ്പതാം വയസ്സിൽ തുടക്കം

അടുത്തുതന്നെ താമസിക്കുന്ന ഇരിങ്ങാലക്കുട പി. നന്ദകുമാർ മാരാർ നടത്തിയിരുന്ന ഇടയ്ക്ക പരിശീലന കേന്ദ്രത്തിൽ, ഗുരുവിന് 101 രൂപ ദക്ഷിണ കൊടുത്ത്, വിദ്യാർഥിയായി ചേർന്നു. പെൺകുട്ടിയായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അൽപം മുതിർന്ന ചേട്ടന്മാരായിരുന്നു സതീർഥ്യർ. സ്കൂൾ വിട്ടു വന്നതിനു ശേഷം, പതിവായി ഇടയ്ക്കയുടെ ബാലപാഠമായിരുന്നു തുടർന്നുവന്ന നാളുകളിൽ. ചതുരക്കട്ടയിൽ (കൈമെത്ത) കൈവഴക്കത്തിനായി ഏകദേശം ഒരു കൊല്ലം കൊട്ടി. സാധകം പൂർണതയിലെത്തിയ ഒരു നാൾ, ഗുരു ഒരു ഇടയ്ക്കയെടുത്ത് എ​െൻറ ചുമലിൽ തൂക്കിത്തന്നു. കച്ചയുടെ (strap) നീളം എ​െൻറ പൊക്കത്തിനനുസരിച്ച് ചെറുതാക്കി.

ആശ കുടുംബാംഗങ്ങളോടൊപ്പം

തുടർന്ന്, സാധകം ചെയ്ത പ്രകാരം കൊട്ടാൻ ആജ്ഞാപിച്ചു. അങ്ങനെ ഞാൻ ആദ്യമായി ഇടയ്ക്ക കൊട്ടി. ഗുരുവിൽനിന്ന് സ്വന്തമായൊരു ഇടയ്ക്ക വാങ്ങിയതും കൂടെ പാടേണ്ട ഗീതികകൾ തിരഞ്ഞെടുത്തതുമൊക്കെ പിന്നീടെത്തിയ കാലങ്ങളിലാണ്. ഇടയ്ക്കയുടെ മഹനീയത പാലിച്ചുള്ള വരികളേ സോപാന സംഗീതത്തിനായി തിരഞ്ഞെടുക്കാവൂയെന്ന ഒരു നിർദേശം മാത്രമേ ഗുരു മുന്നോട്ടു​െവച്ചുള്ളൂ. ആരിൽ നിന്നും ആലാപന കല മുറപ്രകാരം പഠിച്ചിട്ടില്ലാത്ത ഞാൻ, ഗുരുവി​െൻറ ഉപദേശം മാനിച്ചുകൊണ്ടുള്ള ഗീതികകൾ തിരഞ്ഞെടുക്കുകയും വായ്ത്താരികൾ രൂപപ്പെടുത്തിയതും അവ പാടി അനർഗളമാക്കുകയും ഉചിതമായി ഇടയ്ക്ക വാദനം ചിട്ടപ്പെടുത്തുകയുമൊക്കെ ചെയ്തത് പിന്നീട് ഘട്ടം ഘട്ടമായാണ്.

അനൗപചാരിക അരങ്ങേറ്റം

ഒരു കല പൂർണമായി പഠിച്ചശേഷം അരങ്ങേറ്റം നടത്തുന്നതാണ് കൂടുതൽ ഉത്തമമെന്ന് കരുതുന്നു. ഞാനിപ്പോഴും സോപാന സംഗീതത്തി​െൻറ ഒരു അധ്യോതാവ്‌ മാത്രമാണ്. ഇടയ്ക്ക വായനയുടെ വ്യാപ്തിയും സോപാന സംഗീതത്തി​െൻറ അർഥങ്ങളുമറിയാൻ കാതങ്ങൾ എത്രയോ ഇനിയും താണ്ടേണ്ടതുണ്ട്. അതിനാൽ, ഔപചാരികമായൊരു അരങ്ങേറ്റത്തിന് ഇതുവരെയും മുതിർന്നില്ല. എന്നാൽ, ആദ്യമായി ഇടയ്ക്ക കൊട്ടിപ്പാടിയത് മുകുന്ദപുരം താലൂക്കിലുള്ള പൂമംഗലം വെങ്ങാട്ടുംപിള്ളി ശിവക്ഷേത്രത്തിലാണ്. തുടർന്ന് ഗുരുവായൂർ, മള്ളിയൂർ തുടങ്ങിയ അനേകം ഇടങ്ങളിൽ സോപാന സംഗീതം അവതരിപ്പിച്ചിട്ടുണ്ട്.

അനുഭവങ്ങൾ

പോകുന്നിടത്തെല്ലാം പലരും എന്നെ തിരിച്ചറിയുകയും അവതരണങ്ങളെ വിലയിരുത്തി സംസാരിക്കുകയും സന്തോഷമറിയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എ​െൻറ ഓൺലൈൻ പരിപാടികൾ ഈ ആവിഷ്കാരത്തെ കൂടുതൽ ജനകീയമാക്കിയതിനാൽ, ഈ ആവിഷ്കാര ശാഖയിൽ വളർന്നുവരുന്നവർക്ക് സ്വീകാര്യത ഏറിവരുന്നതായും അവരിൽനിന്നുതന്നെ അറിയാൻ കഴിഞ്ഞിട്ടുണ്ട്. അവർ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മോശമായ ഒരനുഭവവും ഇതുവരെ ഉണ്ടായിട്ടില്ലയെന്നതും സന്തോഷം നൽകുന്നു.

2019ൽ, കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടതുൾപ്പെടെ കുറെ അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ടെങ്കിലും, ഈ അടച്ചുപൂട്ടൽ കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ നിരവവധി ലൈവ് പരിപാടികൾ ചെയ്ത് സോപാന സംഗീതത്തെ സാധാരണ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ നേട്ടമായി കരുതുന്നത്. പടിഞ്ഞാറെ ഇരിങ്ങാലക്കുടയിലെ പേഷ്ക്കാർ റോഡിനോട് ചേർന്നാണ് വീട്​. രാജി സുരേഷും വി. സുരേഷ് കുമാറും മാതാപിതാക്കൾ. അർജുൻ സുരേഷ് ജ്യേഷ്ഠസഹോദരൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asha SureshSopana SangeethamEdakka
News Summary - Asha Suresh the Sopana Sangeetham or Edakka Artist
Next Story