അശ്വതി, തൃശൂരില്‍ നിന്നുള്ള പ്രഥമ വനിത അഗ്നിവീര്‍
text_fieldsആളൂര്‍: 2022ല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച അഗ്നിപഥ് പദ്ധതി വഴി കരസേനയില്‍ അഗ്നിവീര്‍ ആയി തെരഞ്ഞടുക്കപ്പെട്ട ആളൂര്‍ ഷോലയാര്‍ സ്വദേശിനി അശ്വതി പരിശീലനം പൂർത്തിയാക്കി. റിപ്പബ്ലിക് ദിന പരേഡിനുശേഷം കരസേനയില്‍ അശ്വതി അംഗമാകും. രാജ്യത്തെ ആദ്യ അഗ്നിവീര്‍ വനിത മിലിറ്ററി പൊലീസ് ബാച്ചിലേക്ക് തെരഞ്ഞടുക്കപ്പെട്ട നൂറുപേരില്‍ ഒരാളാണ്. കേരളത്തില്‍നിന്ന് ഏഴുപേരാണ് തെരഞ്ഞടുക്കപ്പെട്ടത്. ഇതില്‍ തൃശൂര്‍ ജില്ലയില്‍നിന്ന് അശ്വതി മാത്രം.
ആളൂര്‍ ഷോലയാര്‍ കോപ്പുള്ളിപറമ്പില്‍ പരേതനായ ഉല്പലാക്ഷന്റേയും കമലയുടേയും ഇളയ മകളാണ്. സ്കൂള്‍ തലം മുതലേ കായിക മല്‍സരങ്ങളില്‍ സമ്മാനങ്ങള്‍ നേടാറുള്ള ഈ മിടുക്കി കലാമല്‍സരങ്ങളിലും തിളങ്ങിയിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പഠന കാലത്ത് ഹൈജംപ്, ലോങ്ജംപ്, പവര്‍ ലിഫ്റ്റിങ് എന്നിവയിലും മെഡലുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്.
ഫിസിക്സില്‍ ബി.എസ്സി ബിരുദം നേടിയ അശ്വതി കഴിഞ്ഞ വര്‍ഷമാണ് എഴുത്തുപരീക്ഷയിലും കായികക്ഷമത പരീക്ഷയിലും യോഗ്യത നേടി പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം മൂന്നിനാണ് ഏഴു മാസത്തെ പരിശീലനം ബംഗളൂരുവില്‍ പൂര്‍ത്തിയാക്കിയത്. പത്ത് വര്‍ഷം മുമ്പ് അച്ഛന് ഉല്പലാക്ഷന് മരിച്ചു. അമ്മയുടെ പ്രോല്‍സാഹനമാണ് കായികരംഗത്തെ നേട്ടത്തിനും അഗ്നിവീര്‍ സെലക്ഷനില്‍ പങ്കെടുക്കാനും പ്രചോദനമായത്. കേരള ഫീഡ്സില് ജോലി ചെയ്യുന്ന സന്ദീപ്, സെയിൽസ്മാനായ സന്ദേശ് എന്നിവരാണ് സഹോദരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.