Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightആതിര പ്രീതറാണി:...

ആതിര പ്രീതറാണി: സ്വപ്നാകാശങ്ങളിലേക്ക് പറന്നടുക്കുകയാണവൾ

text_fields
bookmark_border
astronaut Athira Preetha Rani
cancel
camera_alt

ആ​തി​ര പ്രീ​തറാ​ണി

'ആകാശമേ, വഴിമാറിക്കൊള്ളുക; ഞാനിതാ വരുന്നു'.

ഭൂമിയുടെ ആകർഷണ വലയത്തെ ഭേദിച്ച് വോസ്തോക്ക് എന്ന പേടകം ശൂന്യാകാശത്തേക്ക് പറന്നകലുമ്പോൾ അതിനുള്ളിലിരുന്നുകൊണ്ട് വാലന്റിന തെരഷ്കോവക്ക് അങ്ങനെ മാത്രമേ പറയാനാകുമായിരുന്നുള്ളൂ. ആദ്യമായി ഒരു വനിത ബഹിരാകാശ യാത്ര നടത്തിയ ചരിത്ര സന്ദർഭം. മുൻഗാമികൾ ചെയ്തതുപോലെ ഔപചാരികതയുടെ പതിവു 'യാത്രാവാക്യ'ങ്ങൾ അവർ മനഃപൂർവം വെട്ടിമാറ്റി. പകരം, വലിയൊരു രാഷ്ട്രീയ പ്രഖ്യാപനം തന്നെ നടത്തി. അതിനെ സ്വപ്നസാക്ഷാത്കാരത്തിന്റെ വിളംബരം എന്നു വിശേഷിപ്പിച്ചവരുണ്ട്. പുരുഷാധിപത്യ ലോകമെങ്കിലും, സ്ത്രീകളുടെ ആകാശത്തിനും അതിരുകളില്ലെന്ന മുദ്രാവാക്യമായിരുന്നു അതെന്ന് നിരീക്ഷിച്ചവരുമുണ്ട്. ഏതായാലും, പിൽക്കാലത്ത് ലോകത്തെ കോടിക്കണക്കിന് പെൺകുട്ടികളെ ആകാശയാത്രക്ക് സ്വപ്നം കാണാൻ പ്രേരിപ്പിച്ച വാക്കുകളായിരുന്നു അത്. ആഗ്രഹിച്ചതുപോലെത്തന്നെ, ആ യാത്രയിൽ ആകാശം വാലന്റിനക്ക് വഴിമാറി. അതുകഴിഞ്ഞ് അവരുടെ ഓരോ പിൻഗാമികൾക്കും.

വാലന്റിനക്കുശേഷം എഴുപത്തഞ്ചോളം വനിതകൾ ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്. ഓരോ യാത്രയിലും വാലന്റിനയുടെ ആ പ്രഖ്യാപനം ആവർത്തിക്കപ്പെടുന്നു. ആ വാക്കുകളുടെ അതേ വഴിയിലാണിപ്പോൾ ആതിരയും. ആതിര പ്രീതറാണി എന്നാണ് മുഴുവൻ പേര്. തിരുവനന്തപുരം സ്വദേശി. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസക്കുകീഴിൽ ആകാശയാത്രക്കുള്ള പരിശീലനത്തിന് ആതിര തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പരിശീലനം പൂർത്തിയാകുന്നമുറക്ക് ആകാശം കീഴടക്കാൻ ആതിരക്ക് അധികം കാത്തുനിൽക്കേണ്ടിവരില്ല. കൽപന ചൗളക്കും സുനിത വില്യംസിനും ശേഷം ഗഗനയാത്രക്കൊരുങ്ങുന്ന മറ്റൊരു ഇന്ത്യൻ വനിത. ആദ്യ മലയാളി. ആകാശയാത്രയിലെ വിസ്മയങ്ങൾ പോലെത്തന്നെയാണ് ആതിരയുടെ ജീവിതകഥയും. ലക്ഷ്യബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വഴികളിലൂടെ പതറാതെ സഞ്ചരിച്ചപ്പോഴാണ് ഗഗനദൗത്യത്തിന്റെ ശുഭവാർത്ത അവരെത്തേടിയെത്തിയത്. കാനഡയിലെ ഒട്ടോവയിൽനിന്ന് വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ, ആതിരയിൽ നിറഞ്ഞുനിൽക്കുന്നതും അതേ ആത്മവിശ്വാസമാണ്.

'ആസ്ട്രോ' വഴി കാനഡയിലേക്ക്

ആറു വയസ്സുള്ളപ്പോൾ അച്ഛൻ കൊണ്ടുവന്ന കളിപ്പാട്ട വിമാനത്തോടുതോന്നിയ കൗതുകം. അവിടെനിന്നാണ് ആ സ്വപ്നത്തിന് ചിറകുമുളക്കുന്നത്. പിന്നെ, വിമാനങ്ങളുടെയും റോക്കറ്റുകളുടെയും ബഹിരാകാശ പേടകങ്ങളുടെയുമൊക്കെ ലോകത്തെ അറിയാനുള്ള ശ്രമങ്ങളായി. സ്കൂൾ പഠനകാലം ആകാശയാത്രകളുടെ അന്വേഷണങ്ങൾ കൂടിയായിരുന്നു. ആയിടക്കാണ്, തിരുവനന്തപുരത്ത് ഒരു ജ്യോതിശാസ്ത്ര സംഘടനക്ക് ഒരുകൂട്ടം ശാസ്ത്രപ്രചാരകർ മുൻകൈയെടുത്ത് രൂപംനൽകിയത്. 'ആസ്ട്രോ' എന്നായിരുന്നു സംഘടനയുടെ പേര്; അമച്വർ ആസ്ട്രോണമേഴ്സ് ഓർഗനൈസേഷൻ എന്നതിന്റെ ചുരുക്കപ്പേരാണ് 'ആസ്ട്രോ'. 2009ൽ, അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം കേന്ദ്രമാക്കി രൂപം നൽകിയ സംഘടന.

ആതിരയും സംഘവും നിർമിച്ച എയർക്രാഫ്റ്റ്

ചാന്ദ്രയാൻ -1ന്റെയൊക്കെ വിജയവിക്ഷേപണമൊക്കെ വാർത്തയിൽ നിറഞ്ഞുനിൽക്കുന്ന കാലം കൂടിയാണത്. അന്നത്തെ മ്യൂസിയം ഡയറക്ടർ അരുൾ ജെറാൾഡ് പ്രകാശ്, പ്രഫ. കെ. പാപ്പൂട്ടി തുടങ്ങിയവരൊക്കെയായിരുന്നു നേതൃത്വത്തിലുണ്ടായിരുന്നത്. ഇന്നിപ്പോൾ എല്ലാ ജില്ലകളിലും ശാഖകളുള്ള ആസ്ട്രോ വലിയൊരു ജനകീയ ശാസ്ത്രപ്രചാരക സംഘമായൊക്കെ വളർന്നിരിക്കുന്നു. തുടക്കത്തിൽ, എല്ലാ മാസവും ഐ.എസ്.ആർ.ഒയിലെയും മറ്റും പ്രഗത്ഭരായ ആളുകൾ നയിക്കുന്ന ക്ലാസുകളൊക്കെ പതിവായിരുന്നു. 2013 മുതൽ ആതിരയും 'ആസ്ട്രോ'യിൽ സജീവമായി. മിക്ക ക്ലാസുകളിലും പങ്കെടുക്കും. ആ ക്ലാസുകൾ തന്റെ സ്വപ്നത്തിലേക്കുള്ള പ്രായോഗികവഴികളുടെ ദിശാസൂചകങ്ങളായിരുന്നു; പിന്നീട് ജീവിതസുഹൃത്തായി മാറിയ ഗോകുൽ ദാസ് ബാലചന്ദ്രനെ പരിചയപ്പെടുന്നതും 'ആസ്ട്രോ'യുടെ ക്ലാസ് മുറിയിൽവെച്ചുതന്നെ.

ആതിരയെ ഡോക്ടറായി കാണണമെന്നാണ് അച്ഛനും അമ്മയും ആഗ്രഹിച്ചത്. പ്ലസ് ടു കഴിഞ്ഞതോടെ, ആ വഴിയിൽ അവർ ചില പദ്ധതികളൊക്കെ മുന്നോട്ടുവെക്കുകയും ചെയ്തു. പക്ഷേ, അപ്പോഴേക്കും ആകാശയാത്രയെന്ന മോഹം ആതിരക്ക് ശരിക്കും തലക്കുപിടിച്ചിരുന്നു. വാലന്റിനയെയും സാലി റൈഡിനെയുമെല്ലാംപോലെ ഫൈറ്റ് പൈലറ്റാവുക; അതുവഴി അവരെപ്പോലെ പറക്കുക. ഇതായിരുന്നു ലക്ഷ്യം. നാഷനൽ സ്പേസ് ഒളിമ്പ്യാഡിലും ഐ.എസ്.ആർ.ഒ സംഘടിപ്പിച്ച സ്പേസ് ക്വിസിലുമെല്ലാം വിജയിയായി ആ മോഹങ്ങളിലേക്കവൾ ഏറെ നടന്നടുക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ, ആതിരയുടെ മറ്റൊരു 'പോളിസി'യും രക്ഷിതാക്കളുടെ 'ഡോക്ടർ മോഹ'ത്തിന് തിരിച്ചടിയായി. പ്രായപൂർത്തിയായാൽ പിന്നെ ജീവിക്കാൻ സ്വന്തമായി സമ്പാദിക്കണമെന്ന് ആതിരക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ, തുടർപഠനത്തിന് പോകുന്നുണ്ടെങ്കിൽ അത് സ്വന്തമായി അധ്വാനിച്ച പണംകൊണ്ടായിരിക്കുമെന്നവൾ ഉറപ്പിച്ചു. സമ്പാദിച്ചുകൊണ്ട് പഠിക്കുക; അതുവഴി തന്റെ സ്വപ്നങ്ങളിലേക്കടുക്കുക. ഇത് രണ്ടും സാധ്യമാകണമെങ്കിൽ ഒരൊറ്റ മാർഗമേയുള്ളൂ: ഏതെങ്കിലും വികസിത വിദേശരാജ്യത്തേക്ക് കടക്കുക. ഇന്ത്യയിലാണെങ്കിൽ, ആ സമയം വനിതകൾക്ക് ഫൈറ്റ് പൈലറ്റാകാൻ കഴിയുകയുമില്ല. ആ അന്വേഷണം എത്തിയത് ഒട്ടോവയിലെ അൽഗോക്വിൻ കോളജിലാണ്. അവിടെ 'റോബോട്ടിക്സ്' പഠിക്കാൻ സ്കോളർഷിപ് കിട്ടിയതോടെ സ്വപ്നയാത്രക്ക് ചിറകുമുളച്ചുതുടങ്ങി.

2018ൽ, കാനഡയിലേക്ക് പറക്കുമ്പോൾ ആതിരക്ക് വയസ്സ് 19. കൈയിൽ കുറച്ചു ഡോളറും ആവശ്യത്തിനുള്ള വസ്ത്രങ്ങളും മാത്രം. തീർത്തും വ്യത്യസ്തമായ കാലാവസ്ഥയും ജീവിതരീതികളുമൊക്കെയുള്ള നാട്. അവിടെ പൊരുത്തപ്പെടാൻ കുറച്ചുസമയമെടുത്തു. റോബോട്ടിക്സ് പഠനത്തിനാണ് വന്നതെങ്കിലും ഫൈറ്റ് പൈലറ്റ് പരിശീലനമായിരുന്നു ആത്യന്തിക ലക്ഷ്യം. കാനഡയിൽ, വ്യോമസേനയുടെ ഭാഗമാവാതെതന്നെ ഫൈറ്റ് പൈലറ്റ് പരിശീലനം നേടാനുള്ള അവസരമുണ്ട്. എങ്ങനെയെങ്കിലും അവിടെനിന്ന് സർട്ടിഫിക്കറ്റ് നേടണം. അതിനായി, പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ചെറിയ ജോലി ചെയ്യാൻ തുടങ്ങി. ആ സമ്പാദ്യത്തിൽനിന്നാണ് പറക്കാനുള്ള പരിശീലനങ്ങൾ നടത്തിയത്. 20ാം വയസ്സിൽ ആദ്യമായി ഒരു ഫൈറ്റർ ജെറ്റിൽ പറക്കുമ്പോൾ അത് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയും ആഹ്ലാദവുമായിരുന്നു ആതിരക്ക്. ഇതിനിടയിൽ ഗോകുലുമായുള്ള വിവാഹവും നടന്നു. 'ആസ്ട്രോ' കാലത്ത് പരിചയപ്പെടുമ്പോൾ ഐ.എസ്.ആർ.ഒയിൽ ജി.എസ്.എൽ.വിയുടെ മാർക്ക് 3 പ്രോജക്ടിൽ സയന്റിസ്റ്റായിരുന്നു ഗോകുൽ. ഗവേഷണ മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും ആതിരയുടെ സ്വപ്നസഞ്ചാരത്തിന്റെ ഭാഗമാകുന്നതിനുംവേണ്ടി ഗോകുലും ഒട്ടോവയിലെത്തി.

ഇലോൺ മസ്കിനെപ്പോലെ

ഇതിനിടെ, ആതിര ബിസിനസ് മാനേജ്മെന്റിലും ചില കോഴ്സുകൾ ചെയ്തിരുന്നു. ഗോകുൽ, എയ്റോസ്പേസ് മെഷീൻ ലേണിങ്ങിൽ ഗവേഷണവും ആരംഭിച്ചു. ആയിടക്കാണ്, കാഡിയാക് (Canadian Aerospace Diversity, Inclusion and Advocacy Council) എന്ന പേരിൽ ഇരുവരും ചേർന്നൊരു സംഘടനക്ക് രൂപം നൽകിയത്. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ഗവേഷണത്തിനും നിർമാണ പ്രവർത്തനങ്ങൾക്കുമായുള്ളൊരു സ്റ്റാർട്ടപ്പായിരുന്നു അതെന്ന് പറയാം. ആതിരയായിരുന്നു പ്രസിഡന്റും സി.ഇ.ഒയും. ഗോകുൽ ചീഫ് ടെക്നിക്കൽ ഓഫിസറും. ഇത്തരത്തിൽ ഒരുപാട് സംഘടനകളുണ്ട് കാനഡയിൽ. ആ കൂട്ടത്തിൽ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാപന മേധാവിയെന്ന നിലയിൽ ആതിര അന്നേ രാജ്യത്ത് ശ്രദ്ധിക്കപ്പെട്ടു. അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകവേയാണ് കഴിഞ്ഞ മാർച്ചിൽ പുതിയൊരു ആശയം ഇരുവരും ചേർന്ന് രൂപപ്പെടുത്തിയത്: ഇലോൺ മസ്കിനെപ്പോലെ സ്വന്തമായൊരു സ്പേസ് കമ്പനി സ്ഥാപിക്കുക! സത്യത്തിൽ അവരെ സംബന്ധിച്ച് അത് പുതിയ ആശയമായിരുന്നില്ല. വർഷങ്ങളായി ഇരുവരും ചർച്ച ചെയ്യുന്ന കാര്യം തന്നെയായിരുന്നു. ഫൈറ്റ് പൈലറ്റ് ട്രെയിനിങ്ങും കാഡിയാകിന്റെ പ്രവർത്തനങ്ങളുമെല്ലാം സ്പേസ് കമ്പനിയെന്ന ആശയത്തെ പ്രയോഗതലത്തിലേക്കെത്തിച്ചു. കഴിഞ്ഞ മാർച്ചിൽ 'എക്സോ ജിയോ എയ്റോസ്പേസ്' എന്ന പേരിൽ കമ്പനി പ്രവർത്തനമാരംഭിച്ചു.


'എക്സോജിയോ' ശാസ്ത്രലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന ആശയങ്ങൾ ഏറെ പുതുമയുള്ളതും നിർണായകവുമാണ്. ബഹിരാകാശ പര്യവേക്ഷണ-ഗവേഷണങ്ങളിൽ ഇന്ന് ശാസ്ത്രലോകത്തിന് ഏറ്റവും വലിയ തലവേദനയായി നിൽക്കുന്നത് ഓർബിറ്റുകളിലെ 'മാലിന്യ'ങ്ങളാണ്. ഭ്രമണപഥത്തിൽ കറങ്ങിക്കൊണ്ടിരിക്കെ, ഒരു സാറ്റലൈറ്റ് പൊട്ടിത്തെറിച്ച് ചിന്നിച്ചിതറിയെന്ന് സങ്കൽപിക്കുക. 'സ്പേസ് ഡെബ്രിസ്' എന്നറിയപ്പെടുന്ന ഈ മാലിന്യങ്ങൾ പിന്നെയും അവിടെ കറങ്ങിക്കൊണ്ടിരിക്കും. പലപ്പോഴും മറ്റു സാറ്റലൈറ്റുകളുടെ വഴിമുടക്കും ഇവ; 'ഗ്രാവിറ്റി' എന്ന ഹോളിവുഡ് ചിത്രത്തിലും മറ്റും കണ്ടതുപോലെ. ഇത്തരത്തിൽ 500 കോടി മാലിന്യം ഭ്രമണപഥത്തിലുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ 'മാലിന്യ'ങ്ങൾ തൂത്തുവാരി ശൂന്യാകാശ സഞ്ചാരപാതയെ ക്ലീനാക്കിയെടുക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി പ്രത്യേകം സാറ്റലൈറ്റുകൾ നിർമിക്കാനുള്ള തയാറെടുപ്പിലാണ് ആതിരയും ഗോകുലും. ഇതിനുപുറമെ, വേറെയും സാറ്റലൈറ്റുകൾ കമ്പനി നിർമിക്കുന്നുണ്ട്. 'ഈഗ്ൾ മിഷൻ' എന്നാണ് ഈ പദ്ധതിയുടെ പേര്.

ഭ്രമണപഥത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കൃത്രിമോപഗ്രഹങ്ങൾ അപ്രതീക്ഷിതമായി ഇന്ധനക്കുറവുമൂലമോ മറ്റോ നിലച്ചുപോകാറുണ്ട്. അങ്ങനെ പ്രവർത്തനരഹിതമാകുന്ന ഉപഗ്രഹങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള 'വർക്ക്ഷോപ് സാറ്റലൈറ്റു'കളുടെ നിർമാണമാണ് അതിലൊന്ന്. ഇങ്ങനെ ഇന്ധനം നിറക്കാനും റിപ്പയറിങ്ങിനുമായി പ്രത്യേകം സാറ്റലൈറ്റുകൾ പ്രവർത്തിച്ചാൽ, ഭൂമിയിൽനിന്ന് വിക്ഷേപിക്കുന്ന കൃത്രിമോപഗ്രഹങ്ങളുടെ എണ്ണം കുറക്കാൻ കഴിയും. സാമ്പത്തികശേഷി കുറഞ്ഞ രാജ്യങ്ങൾക്കും കൃത്രിമോപഗ്രഹ വിക്ഷേപണം സാധ്യമാകും. ലോവർ ഓർബിറ്റിൽനിന്നും ഹയർ ഓർബിറ്റിലേക്ക് സാറ്റലൈറ്റുകളെ എത്തിക്കുന്ന സാങ്കേതിക വിദ്യയും 'എക്സോജിയോ'യിൽ വികസിപ്പിക്കുന്നുണ്ട്. കൂടാതെ, ചാന്ദ്രദൗത്യത്തിനും കമ്പനിക്ക് പദ്ധതിയുണ്ട്. പ്രധാനമായും കാർഗോ മിഷനാണ് ലക്ഷ്യമിടുന്നത്. കൃത്രിമോപഗ്രഹങ്ങളിലേക്ക് സാധനസാമഗ്രികൾ എത്തിക്കുന്ന പേടകങ്ങൾ നിർമിച്ചുനൽകി, ഗവേഷണ സ്ഥാപനങ്ങളുടെ പര്യവേക്ഷണ പരിപാടിയുടെ ഭാഗമാവാനുള്ള ശ്രമത്തിന്റെ ഭാഗമായിക്കൂടിയാണിത്.


ആകാശയാത്രക്കൊരുങ്ങുന്നു

ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണോട്ടിക്കൽ സയൻസസ് എന്നൊരു സംഘടനയുണ്ട്. ലോകത്തിലെ ആദ്യ ജനകീയ ബഹിരാകാശ ഗവേഷണ കേന്ദ്രം എന്നുവേണമെങ്കിൽ ഈ സ്ഥാപനത്തെ വിശേഷിപ്പിക്കാം. മനുഷ്യനെ ബഹിരാകാശ യാത്രക്ക് സജ്ജമാക്കാനുള്ള അനൗദ്യോഗികവേദി. നാസയും കനേഡിയൻ സ്പേസ് ഏജൻസിയുമൊക്കെ ഈ സംരംഭത്തിൽ പങ്കാളികളാണ്. നാസയുടെ സഹായത്തോടെ ഇവർ നടത്തുന്ന ബഹിരാകാശ യാത്ര പരിശീലന പദ്ധതിയാണ് 'പ്രോജക്ട് പോസം' (POSSUM -Polar Suborbital Science in the Upper Mesosphere). ലത്തീൻ ഭാഷയിൽ 'പോസം' എന്നാൽ 'എനിക്ക് കഴിയും' എന്നാണർഥം. ഈ പദ്ധതിയിലേക്കായി തിരഞ്ഞെടുക്കപ്പെട്ട ഒരുഡസൻ പേരിലൊരാളാണിപ്പോൾ ആതിര. ഫ്ലോറിഡയിൽ നാസയുടെ നേതൃത്വത്തിൽ നടക്കുന്ന പരിശീലന പരിപാടിക്കുപോകാനുള്ള ഒരുക്കത്തിലാണിപ്പോൾ ആതിര. ഫൈറ്റ് ജെറ്റ് ഓടിച്ചുള്ള പരിചയത്തിന്റെയും എക്സോജിയോ സമ്മാനിച്ച അനുഭവത്തിന്റെയും ആത്മവിശ്വാസത്തിലാണ് ആതിര അപേക്ഷ സമർപ്പിച്ചത്. അതിപ്പോൾ സ്വപ്നസാഫല്യത്തിലേക്കെത്തിയിരിക്കുന്നു. ഫ്ലോറിഡയിലേക്ക് പോകുംമുമ്പ്, ഫൈറ്റ് പൈലറ്റ് ലൈസൻസും ഒരുപക്ഷേ, ആതിരക്ക് ലഭിച്ചേക്കും.

ആതിരയും ഭർത്താവ് ഗോകുൽ ദാസും

ഏതാനും വർഷങ്ങൾക്കുള്ളിൽ, ആതിരക്കുവേണ്ടി ആകാശം വഴിമാറിയ പുതിയ കഥകൾ കേൾക്കാനായേക്കും. പോസം പ്രോജക്ടിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് നാസയും ഇലോൺ മസ്കിന്റെ സ്പേസ് എക്സുമൊക്കെ അവരുടെ യാത്രകൾക്ക് ഇപ്പോൾ മുന്തിയ പരിഗണന നൽകുന്നുണ്ട്. ബഹിരാകാശ യാത്രികരുടെ പ്രധാന തിരഞ്ഞെടുപ്പ്-പരിശീലന കേന്ദ്രം 'പോസം' ആയി മാറിയിരിക്കുന്നു എന്നുപറഞ്ഞാലും തെറ്റാവില്ല. മസ്കിന്റെ 'സ്പേസ് എക്സ്' അടുത്തിടെ ബഹിരാകാശത്തേക്കയച്ചത് പോസം പദ്ധതിയിൽനിന്നായിരുന്നു. അടുത്ത വർഷം ആസ്ട്രേലിയ ബഹിരാകാശത്തേക്കയക്കുന്ന ആദ്യ വനിത കിം എല്ലിസ് മുൻ വർഷങ്ങളിൽ ഈ പരിശീലനം പൂർത്തിയാക്കിയതാണ്. ഈ ഗണത്തിൽ ആതിരയുടെ പേരും ശുഭവാർത്തയായി നമുക്കുമുന്നിലെത്തുമെന്ന് പ്രതീക്ഷിക്കാം. l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:astronautKalpana ChawlaKalpana ChawlaSunita WilliamsSunita WilliamsAthira Preetha Rani
News Summary - astronaut Athira Preetha Rani
Next Story