ഉൾവെളിച്ചം തേടുന്ന ചിത്രയാത്രകൾ
text_fieldsകുട്ടിക്കാലത്ത് കൗതുകത്തിന് വരച്ചുതുടങ്ങിയതാണ് അശ്വതി. ചിത്ര പഠനത്തിനൊന്നും പോകാതെ ദിവസവും കൊച്ചു വരകള്കൊണ്ട് നോട്ടുബുക്കുകള്‍ നിറച്ചിരുന്ന അശ്വതി വരയെ കാര്യമായി കാണാന്‍ തുടങ്ങിയത് ആർക്കിടെക്ചര്‍ പഠനകാലത്താണ്. പഠനവും ജോലിയുമായി മുഴുസമയവും വരയുടെ ഭാഗമായപ്പോൾ അശ്വതി വരകളെ വീണ്ടും ഇഷ്ടപ്പെടാനും ആസ്വദിക്കാനും തുടങ്ങി. പിന്നീട് വരയോടുള്ള താൽപര്യം കണ്ട് സമ്മാനമായി ലഭിച്ച ഫ്രിഡ കാഹ് ലോയുടെ പുസ്തകം അശ്വതിക്ക് ജീവിതത്തിലെ ഓരോ നിമിഷവും ഡയറിക്കുറിപ്പെന്ന പോലെ പകർത്താൻ പ്രചോദനമായി.
മനുഷ്യെൻറ ഉള്വെളിച്ചത്തിലേക്കുള്ള യാത്രകളായാണ് അശ്വതി തെൻറ ഓരോ ചിത്രത്തെയും കാണുന്നത്. അതുകൊണ്ടുതന്നെ ജീവിതമാകുന്ന യാത്രയിലൂടെ ചിത്രകാരി കടന്നു പോകുമ്പോൾ നേരിടുന്ന വികാര, വിചാരങ്ങളുടെയും ആത്മീയലയത്തിെൻറയും പ്രതിബിംബങ്ങളാണ് വരകളായി പിറവിയെടുക്കുന്നത്. തെൻറ ഉള്ളിലൂടെ കടന്നുപോകുന്ന ഊർജത്തിെൻറ ഒഴുക്കിനെയും വികാരവിചാരങ്ങളെയും സമൂഹം നോക്കിക്കാണുന്ന രീതിയെയും അശ്വതി വരക്കാനുള്ള വിഷയമാക്കുന്നു.
ശരീരത്തെ പ്രകൃതിയുമായി കോർത്തിണക്കിയും ഹൃദയത്തിെൻറ മുഖഭാവമായി വികാരങ്ങളെയും ആത്മാവിെൻറ പൂർണതയിലേക്കുള്ള വെമ്പലിനെ സ്ത്രീ പുരുഷ ബന്ധത്തിെൻറ ആഴം തേടിയും ഊർജത്തിെൻറ ഒഴുക്കായും വ്യത്യസ്ത തലത്തിൽ വ്യത്യസ്ത ശൈലികൾ ഉൾക്കൊണ്ട് വ്യത്യസ്ത നിറങ്ങളിൽ കാൻവാസിൽ രൂപംകൊള്ളുന്നു. ശരീരം എന്ന ചിത്രശ്രേണിയിൽ ഓരോ കാലയളവിലും മനുഷ്യെൻറ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ ചിത്രശലഭത്തിെൻറ ജനനം മുതലുള്ള രൂപാന്തര പ്രക്രിയകളുമായി താരതമ്യപ്പെടുത്തിയിരിക്കുന്നു. പ്രകൃതിയുമായി ഇഴചേർന്ന് നിന്നു കൊണ്ടാണ് ഈ ചിത്രങ്ങൾ രചിച്ചിട്ടുള്ളത്. പ്രപഞ്ചം, ആകാശം, ഭൂമി എന്നിവയുടെ നിറങ്ങളാണ് ഈ ചിത്രങ്ങൾക്കും നൽകിയിരിക്കുന്നത്.
മനസ്സ് എന്ന ചിത്രശ്രേണിയിൽ മനുഷ്യൻ അനുഭവിക്കുകയും നേരിടുകയും ചെയ്യുന്ന വികാരങ്ങളെയാണ് പകർത്തിയത്. ഇതിൽ മിക്കവയും അശ്വതിയുടെ തന്നെ ഛായാചിത്രങ്ങളാണ്. ആത്മാവ് എന്ന ശ്രേണി നോക്കൂ. ശൂന്യതയിൽ നിന്ന് പൂർണതയിലേക്കുള്ള യാത്ര താന്ത്രിക് ആർട്ടായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ആത്മീയതയുടെ ഒരു വശം ഉള്ളതു കൊണ്ട് അതിെൻറ തീവ്രത പൂർണരൂപത്തിൽ കൊണ്ടുവരാൻ ചുവപ്പ്, കറുപ്പ്, വെള്ള നിറങ്ങൾ ഉപയോഗിച്ചിരിക്കുന്നു.
വൃത്തത്തെ തുടക്കവും ഒടുക്കവുമില്ലാത്ത സഞ്ചാരമായും രേഖയെ വളർച്ചയുടെയും വികസനത്തിെൻറയും പ്രതീകമായും ത്രികോണത്തെ ആത്മീയതയിലേക്ക് അടുക്കാനുള്ള തീവ്രമായ ആഗ്രഹത്തിെൻറ ഉറവിടമായും താമരയെ അജ്ഞതയിൽ നിന്ന് ബോധാവസ്ഥയിലേക്കുള്ള പ്രതീകമായും പലയിടങ്ങളിലും കാണാം. മേയ് 15 മുതൽ 23 വരെ കോഴിക്കോട് ലളിതകല അക്കാദമിയിൽ ‘into an introspection’ എന്ന പേരിൽ തെൻറ ചിത്രങ്ങളുമായി അശ്വതിയുണ്ടായിരുന്നു. രണ്ടര വയസ്സുകാരനായ മകൻ അദിദ് അമ്മയുടെ കൂടെ കൊച്ചുവരകളുമായി ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.