കിളിമഞ്ചാരോ കൊടുമുടി കീഴടക്കി 13കാരി
text_fieldsദുബൈ: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ വടക്ക് കിഴക്കൻ താൻസാനിയയിലെ കിളിമഞ്ചാരോ കീഴടക്കി 13കാരിയായ ഇമാറാത്തി പെൺകുട്ടി. അയ ഫഖീഹ് എന്ന പെൺകുട്ടിയാണ് അതി സാഹസികമായ ദൗത്യം പൂർത്തീകരിച്ചത്. ഇതോടെ കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇമാറാത്തി എന്ന പദവിയിൽ അയയുടെ പേര് ചേർക്കപ്പെടും. നേരത്തെ കൊടുമുടി കീഴടക്കിയ സൈഫ് എന്നുപേരുള്ള 14കാരന്‍റെ പേരിലാണ് നിലവിൽ ഈ റെക്കോർഡുള്ളത്. തന്‍റെ ബന്ധു കൂടിയായ ഇവരുടെ റെക്കോർഡാണ് അയ തകർത്തിരിക്കുന്നത്.
‘റൂം ടു റീഡ്’ എന്ന വിദ്യഭ്യാസ സംവിധാനത്തെ കുറിച്ച ബോധവൽകരണം കൂടി ലക്ഷ്യമിട്ടാണ് അയ സാഹസിക യാത്ര നടത്തിയത്. കുടുംബത്തിലെ തന്നെ പലരും നേരത്തെ സമാനമായ ദൗത്യങ്ങൾ പൂർത്തിയാക്കിയത് ആത്മവിശ്വാസം പകരുകയും ചെയ്തു. പിതാമഹനും കുടുംബവുമാണ് തനിക്ക് വലിയ നേട്ടത്തിന് പ്രചോദനമായതെന്ന് അയ പറയുന്നു. യു.എ.ഇയിൽ നിന്ന് പുറപ്പെട്ട അധ്യാപകരായ സ്ത്രീകളുടെ കൂട്ടത്തിലാണ് യാത്ര പുറപ്പെട്ടത്. പരിചയ സമ്പന്നയായ ഒരു ഗൈഡും കൂടെയുണ്ടായിരുന്നു. പലരും ദൗത്യം പൂർത്തീകരിക്കാന കഴിയുമോ എന്നതിൽ സംശയം പ്രകടിപ്പിച്ചപ്പോൾ സഹോദരിയും മാതാവും പിന്തുണ നൽകി പ്രോൽസാഹിപ്പിച്ചെന്ന് അയ വെളിപ്പെടുത്തി. ജീവിതത്തിൽ നിർവഹിച്ച ഏറ്റവും കഠിനമായ പ്രവൃത്തിയായിരുന്നു മലകയറ്റം.
കാലിൽ രക്തം കല്ലിക്കുകയും ശ്വാസ തടസുണ്ടാവുകയും ചെയ്തിരുന്നു. കൊടുമുടിയുടെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത് തീർച്ചയായും വളരെ ശ്രമകരമായിരുന്നു -അവൾ കൂട്ടിച്ചേർത്തു. കൂടുതൽ സാഹസിക യാത്രകൾക്കുള്ള ആഗ്രഹമാണ് കിളിമഞ്ചാരോ കീഴടക്കിയശേഷം അയ പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.