മാതാവിന്റെ വഴിയേ മകളും; ആയുർവേദ നഗരം ഇനി ആയുർവേദ ഡോക്ടർ ഭരിക്കും
text_fieldsകോട്ടക്കൽ: ചരിത്ര നിമിഷത്തിനാണ് ബുധനാഴ്ച കോട്ടക്കൽ നഗരസഭ കാര്യാലയം സാക്ഷിയായത്. നഗരസഭ രൂപീകൃതമായ 2010ൽ രണ്ടരക്കൊല്ലം ചെയർപേഴ്സനായിരുന്നു ടി.വി. സുലൈഖാബി. വർഷങ്ങൾക്കിപ്പുറം മകൾ ഡോ. ഹനീഷയാണ് ഉമ്മ ഇരുന്ന കസേരയിൽ ഭരണസിരാകേന്ദ്രം നയിക്കുന്നത്.
ഉമ്മക്കൊപ്പം മകളും ആയുർവേദ നഗരത്തിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നുവെന്നതാണ് സവിശേഷത. മകൾ അധികാരമേൽക്കുന്നത് കാണാൻ സത്യപ്രതിഞ്ജ ചടങ്ങിലേക്ക് സുലൈഖാബി എത്തി. ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. വനിത ലീഗ് നേതാവ് കൂടിയാണ് ഇവർ. ഹനീഷ ആദ്യമായാണ് മത്സരിക്കുന്നത്. ടൗൺ വാർഡിൽ ജയിച്ച ഇവർ നിലവിൽ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു.
ഹനീഷയുടെ പിതാവ് കില ഫാക്കൽറ്റി മുൻ അംഗവും കോട്ടക്കൽ സഹകരണ ബാങ്ക് ചെയർമാനുമായിരുന്ന കെ.എം. റഷീദും ഭർത്താവ് ആയുർവേദ ഡോക്ടർ ഹംസയും നേരത്തെ ഇവിടെ എത്തിയിരുന്നു. നഗരസഭ ഹാളിൽ നടന്ന ചടങ്ങുകൾക്ക് ശേഷം കുടുംബാഗങ്ങളോടും നേതാക്കളോടും കൗൺസിലർമാർക്കുമൊപ്പം ഹനീഷ ചെയർപേഴ്സൺ ചേംബറിലേക്ക് എത്തി. ഉദ്യോഗസ്ഥരും വിവിധ സംഘടന ഭാരവാഹികളും ഹനീഷയെ ഹാരാർപ്പണം നടത്തി.
ശേഷം മകൾക്ക് മുത്തം നൽകിയായിരുന്നു സുലൈഖാബിയുടെ മടക്കം. എം.ബി.ബി.എസ് വിദ്യാർഥിയായ മുഹമ്മദ്, പത്താംതരം വിദ്യാർഥിയായ ഹാനിൻ, ഹയറ സൈൻ എന്നിവരാണ് ഹനീഷയുടെ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.