മഞ്ഞുമാതാ പള്ളിയിലെ കുഴിവെട്ടുകാരി
text_fieldsവൈപ്പിൻ: ''ഇത്രയും കാലത്തിനിടെ ഒരിക്കല്‍ മാത്രമാണ് മരിച്ച മനുഷ്യന് എന്നെ പേടിപ്പിച്ചത്. ആറേഴു കൊല്ലം മുമ്പായിരുന്നു അത്. ചെമ്മീന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആനി തൂങ്ങിമരിച്ചു. ഞാനാണ് കുഴിവെട്ടി ശരീരം അടക്കിയത്. മൂന്നാം നാള് ആനിയുടെ ഭര്‍ത്താവ് ആൻറപ്പനും ആത്മഹത്യ ചെയ്തു. ഒത്ത ഉയരവും തടിയുമുള്ള ആളായിരുന്നു ആൻറപ്പൻ. രാവിലെ മുതൽ വൈകീട്ട് വരെ അന്വേഷിച്ചിട്ടും അത്രയും വലിയ ശവപ്പെട്ടി കിട്ടിയില്ല. ഒടുവിൽ, കിട്ടിയ പെട്ടിയിൽ ശവമടക്കി. ആൻറപ്പെൻറ ദേഹത്തിനു മീതെ മണ്ണു മൂടിയിട്ടും കൈകളും കാലും പുറത്തേക്ക് നീണ്ടുനിന്നു. അന്നു രാത്രിയും പിറ്റേന്നും എനിക്ക് ഉറങ്ങാനായില്ല. കണ്ണിനു മുന്നില്‍നിന്ന് ആ രൂപം മായാന്‍ ഏറെ ദിവസമെടുത്തു.'' നാട്ടുകാർ ബേബിത്താത്തി എന്ന് വിളിക്കുന്ന മറിയത്തിെൻറ വാക്കുകളാണിത്.
വൈപ്പിൻ പള്ളിപ്പുറം മഞ്ഞുമാതാ ദേവാലയത്തിൽ ശവക്കുഴി വെട്ടുന്ന പെണ്ണാണ് ബേബിത്താത്തി. വിശപ്പടക്കാന്‍ നിവൃത്തിയില്ലാതെ കുഴിവെട്ടിയാകാന്‍ ഉറപ്പിച്ച് ബേബി താത്തി സെമിത്തേരിയിലെത്തുമ്പോൾ പ്രായം 14. ഇപ്പോള്‍ 63. ഈ 49 വര്‍ഷത്തിനിടയില്‍ 4000 ത്തിലേറെ കുഴി വെട്ടിയ ബേബി ത്താത്തി മണ്ണിനടിയില്‍ ഭീകരദൃശ്യങ്ങള്‍ പലതും കണ്ടു. നാട്ടുകാരുടെ പരിഹാസം വേറെ, ഇരട്ടപ്പേര് വിളി.
പക്ഷേ, ബേബിത്താത്തി തളർന്നില്ല. ദാരിദ്ര്യംമൂലം കൈവിട്ടുപോകുമായിരുന്ന ജീവിതം മുറുകെപ്പിടിക്കാന്‍ അവരെ ശക്തയാക്കിയത് ഈ തൊഴിലാണ്. മഞ്ഞുമാതാ പള്ളിയുടെ സെമിത്തേരിയില്‍ ബേബിയുടെ അധ്വാനത്തിെൻറ വിയര്‍പ്പു വീഴാത്ത ഒരിടംപോലും ഉണ്ടാകില്ല. പള്ളിയിൽ ഇപ്പോഴുള്ള കല്ലറകളെല്ലാം ഒരുക്കിയത് ബേബിയാണ്. 300 ല്‍പരം കല്ലറകളുണ്ട് സെമിത്തേരിയിൽ. ഇടവകാംഗങ്ങള്‍ ആരെങ്കിലും മരിച്ചെന്നറിഞ്ഞാല്‍ വീട്ടിലെ പണിയെല്ലാം ഒതുക്കി ബേബി പള്ളിയോട് ചേര്‍ന്നുള്ള സെമിത്തേരിയിലെത്തും. ദേവാലയ അധികാരികള്‍ അടയാളപ്പെടുത്തി നല്കിയ കല്ലറയുടെമേലുള്ള കല്‍ക്കെട്ടുകളും മാര്‍ബിളും പൊളിച്ച് പണി തുടങ്ങും.
ഒന്ന്-ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ കുഴിയുടെ ആഴം നാലടി കടക്കും. മുമ്പ് അടക്കം ചെയ്ത മൃതദേഹത്തിെൻറ ശേഷിക്കുന്ന ഭാഗങ്ങള്‍ കുഴിയില്‍നിന്ന് എടുത്തുമാറ്റും. ഒരു കുഴി വെട്ടിയാല്‍ ബേബിക്ക് 1200 രൂപ കിട്ടും. ചോദിച്ചുവാങ്ങുന്നതല്ല, ദേവാലയ അധികാരികള്‍ നിശ്ചയിച്ച കൂലിയാണത് . ഭർത്താവ് ആൻറണി അഞ്ചു കൊല്ലം മുമ്പ് മരിച്ചു. രോഗിയായ മാതാവും വിധവയായ സഹോദരിയും അവരുടെ മക്കളും ഉള്‍പ്പെടുന്ന കുടുംബം മാന്യമായി പുലര്‍ത്തി. സഹോദരിയുടെ മകളെ വിവാഹം ചെയ്തയച്ചു. ഇന്നും അല്ലലില്ലാതെ ജീവിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.