വനിത മുന്നേറ്റത്തിന് ബഹ്റൈനിന്റെ ആദരം
text_fieldsമനാമ: വിവിധ മേഖലകളിൽ ബഹ്റൈനി വനിതകൾ കൈവരിച്ച നേട്ടങ്ങൾക്ക് ആദരമർപ്പിച്ച് രാജ്യം വനിത ദിനം ആചരിച്ചു. എല്ലാ രംഗങ്ങളിലും സ്ത്രീകൾ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പാർലമെന്റിൽ സ്ത്രീകളുടെ എണ്ണത്തിൽ 33.33 ശതമാനം വർധനയാണുണ്ടായത്. ഇത്തവണ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ത്രീകളുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 50 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ശൂറ കൗൺസിലിൽ ആകെ അംഗങ്ങളുടെ 25 ശതമാനം സ്ത്രീകളാണ്. `ബഹ്റൈൻ സമൂഹത്തിൽ സ്ത്രീകൾക്ക് എന്നും മുഖ്യമായ പരിഗണനയാണ് നൽകിയിട്ടുള്ളത്. ആദ്യത്തെ എണ്ണക്കിണർ കണ്ടെത്തുന്നതിനുമുമ്പ്, 1928ൽ പെൺകുട്ടികൾക്കായി ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചതോടെ സ്ത്രീകൾ കൂടുതൽ പുരോഗതി കൈവരിച്ചു.
ബഹ്റൈൻ സ്ത്രീകൾക്ക് അവരുടെ കഴിവുകൾ നിറവേറ്റുന്നതിനും കൂടുതൽ അവകാശങ്ങൾ നേടുന്നതിനും ഹമദ് രാജാവിന്റെ നേതൃത്വത്തിൽ മികച്ച പിന്തുണയാണ് ലഭിക്കുന്നത്.രാജാവിന്റെ ഭാര്യ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സുപ്രീം കൗൺസിൽ ഫോർ വിമൻ രൂപവത്കരണം ഇതിൽ പ്രധാനപ്പെട്ടതാണ്.സ്ത്രീകളുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ശാക്തീകരണ പുരോഗതി ഉറപ്പുവരുത്തുകയാണ് കൗൺസിലിന്റെ ലക്ഷ്യം.10 വർഷത്തിനിടെ തൊഴിൽ ശക്തിയിലെ സ്ത്രീകളുടെ പങ്കാളിത്തം 32 ശതമാനത്തിൽനിന്ന് 43 ശതമാനമായി വർധിച്ചതായി കൗൺസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. പൊതുമേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം 2022ന്റെ രണ്ടാം പാദത്തിൽ 54 ശതമാനമായി. 2012ൽ നിന്ന് ഏഴുശതമാനമാണ് വർധനയുണ്ടായത്.
പൊതുമേഖലയിലെ സ്പെഷലൈസ്ഡ് ജോലികളിൽ സ്ത്രീകളുടെ എണ്ണം 59 ശതമാനമാണ്. സർക്കാർ മേഖലയിലെ എക്സിക്യൂട്ടിവ് സ്ഥാനങ്ങളിൽ 47 ശതമാനവും കൈയാളുന്നത് സ്ത്രീകളാണ്. സ്വകാര്യ മേഖലയിൽ സ്ത്രീ ജീവനക്കാരുടെ എണ്ണം 35 ശതമാനമാണ്. 2012നെ അപേക്ഷിച്ച് അഞ്ചുശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.ജുഡീഷ്യൽ മേഖലയിൽ 12 ശതമാനവും നയതന്ത്ര ഉദ്യോഗസ്ഥരിൽ 33 ശതമാനവും സ്ത്രീകളാണ്. കൊമേഴ്സ്യൽ രജിസ്ട്രേഷന്റെ (സി.ആർ) ഉടമകളായ സ്ത്രീകളുടെ എണ്ണം 2012ലെ 39 ശതമാനത്തിൽനിന്ന് 2021ൽ 43 ശതമാനമായി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വനിതകളുടെ സാന്നിധ്യം എല്ലാ മേഖലയിലും സാധ്യമാക്കാൻ ബഹ്റൈൻ വനിത സുപ്രീം കൗൺസിലിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞതായി സെക്രട്ടറി ഹാല അൽ അന്സാരി വ്യക്തമാക്കി. രാഷ്ട്രീയ, തൊഴിൽ, സാമൂഹിക, വ്യാപാര, വ്യവസായ, നിയമ, കലാ, കായിക, വിദ്യാഭ്യാസ, സംരംഭക മേഖലകളിലെല്ലാം ബഹ്റൈൻ വനിതകൾ വലിയ മുന്നേറ്റമാണ് കഴിഞ്ഞ കാലങ്ങളിൽ നടത്തിയത്. ഇപ്രാവശ്യത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എട്ട് വനിതകൾക്ക് ജയിക്കാൻ സാധിച്ചതും നേട്ടമാണ്.അയൽ രാജ്യങ്ങളുടേതിൽനിന്നും ഭിന്നമായി തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനും വോട്ട് രേഖപ്പെടുത്താനും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനും സ്ത്രീകൾക്ക് നേരത്തെ തന്നെ അവസരം നൽകിയ രാജ്യമാണ് ബഹ്റൈൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.