ഇന്ന് ലോക മുളദിനം; മുളപൊട്ടിയ ജീവിതം
text_fieldsപരപ്പനങ്ങാടി: മുളകളോടുള്ള പ്രിയം സാബിറ മൂപ്പന് മുളപൊട്ടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വീടിന് ചുറ്റും അര ഏക്കറിലധികം ഭൂമിയിൽ ഭർത്താവും സംസ്ഥാന കർഷകമിത്ര അവാർഡ് ജേതാവുമായ മുല്ലപ്പാട്ട് അബ്ദുറസാഖ് വളർത്തിയെടുക്കുന്ന ഔഷേധാദ്യാനത്തിന് ചാരെയാണ് സാബിറ മൂപ്പൻ 36 ഇനം വ്യത്യസ്ത മുളച്ചെടികൾ വളർത്തി പരിപാലിക്കുന്നത്.
മുള്ളുമുള, കുറ്റിമുള, പെൻസിൽ മുള, വേലിമുള, പച്ചമുള, ബിലാത്തിമുള, മഞ്ഞമുള, കരിമുള, കൊളംബിയൻ മുള, റണ്ണിങ് മുള, പെൻ ഓട, മാട മുള, ഈറ്റ, ബ്ലൂ പിങ്ക് മുള, മലയോട, ലാത്തിമുള, ടൈഗർ ഗ്രാസ് മുള, ആനമുള, വള്ളിമുള, വെള്ളമുള തുടങ്ങി ഇവരുടെ തോട്ടത്തിലെ വൈവിധ്യങ്ങൾ മനോഹരമാണ്. ഭൂമിയിൽ ജലസ്രോതസ്സ് നിലനിൽക്കാനും മണ്ണൊലിപ്പ് തടയാനും തണൽ പരത്താനും മുളച്ചെടികൾ വഹിക്കുന്ന പങ്ക് വലുതാെണന്ന് സാബിറ മൂപ്പൻ പറയുന്നു.
അലങ്കാരച്ചെടികളായി പൂന്തോട്ടങ്ങളിൽ മുളകൾ സ്ഥാനം പിടിച്ചതോടെ ഇവ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചുവെന്നും വീട്ടമ്മമാർക്ക് ഇതൊരു വരുമാനമാർഗമായി മാറ്റാമെന്നും ഇവർ ഉറപ്പുനൽകുന്നു. മുളയരികൊണ്ട് പായസമുണ്ണുന്നവരും മുളയെ ജീവിതോപാധിയായി കാണുന്നവരും കരകൗശല രംഗത്ത് മുളയുടെ പങ്ക് സമർഥമായി ഉപയോഗപ്പെടുത്തുന്ന ഇന്റീരിയർ ഡിസൈനർമാരും സമൂഹത്തിൽ ധാരാളമുണ്ട്. പത്രക്കടലാസിലെ പ്രധാന അസംസ്കൃതചേരുവയും മുളയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.