തിരുവള്ളൂർ വില്ലേജ് ഓഫിസർ കെ.ആർ. ശാലിനിക്ക് മികച്ച വില്ലേജ് ഓഫിസർ പുരസ്കാരം
text_fieldsആയഞ്ചേരി: ജില്ലയിലെ ഏറ്റവും മികച്ച വില്ലേജ് ഓഫിസർമാർക്കുള്ള റവന്യൂ വകുപ്പിന്റെ പുരസ്കാരം തിരുവള്ളൂർ വില്ലേജ് ഓഫിസർ കെ.ആർ. ശാലിനിക്ക്. ലാൻഡ് റവന്യൂ, സർവേ, ദുരന്തനിവാരണ വകുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഓരോ ജില്ലയിലെയും മൂന്നുവീതം വില്ലേജ് ഓഫിസർമാർക്ക് റവന്യൂ ദിനാഘോഷത്തിന്റെ ഭാഗമായി ഈ മാസം 24ന് വൈകീട്ട് നാലിന് കൊല്ലം സി. കേശവൻ സ്മാരക ടൗൺ ഹാളിലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ കൈമാറും.
വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫിസിലെത്തുന്നവർക്ക് വേഗത്തിൽ രേഖകൾ തയാറാക്കിക്കൊടുക്കുന്നതിലും ജനസൗഹൃദ ഓഫിസാക്കി മാറ്റുന്നതിലും വീട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചത് പരിഗണിച്ചാണ് ശാലിനിക്ക് പുരസ്കാരം നൽകുന്നത്.
വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് മഴയിൽ ചോർന്നൊലിച്ചിരുന്ന വില്ലേജ് ഓഫിസിന് സ്വന്തം കെട്ടിടവും ജീവനക്കാർക്ക് താമസ സൗകര്യമുൾപ്പടെയുള്ള സ്മാർട്ട് കെട്ടിടം ഒരുക്കുന്നതിലും വില്ലേജിന്റെ ഡിജിറ്റൽവൽക്കരണത്തിലും അനുബന്ധ കാര്യങ്ങളിലും ഇവർ ജനകീയ പങ്കാളിത്തത്തോടെ നിർണായക പങ്കുവഹിച്ചു. 2018ൽ അന്നത്തെ കലക്ടർ യു.വി. ജോസിൽ നിന്നും ഗുഡ് സർവിസ് എൻട്രി ലഭിച്ചിരുന്നു.
കോവിഡ് കാലത്തടക്കം ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയ തങ്ങളുടെ വില്ലേജ് ഓഫിസർക്ക് അർഹമായ അംഗീകാരം തേടിയെത്തിയതിലുള്ള സന്തോഷത്തിലാണ് സഹപ്രവർത്തകരും നാട്ടുകാരും. തിരുവള്ളൂർ പാടാശ്ശേരി കൊയിലോത്ത് വീട്ടിൽ താമസക്കാരിയായ ശാലിനിയുടെ ഭർത്താവ് കോഴിക്കോട് ഊരാളുങ്കൽ റിസർച്ച് സെന്റർ റിസർച്ച് ഡയറക്ടർ ഇ.പി. സന്ദേഷ് ആണ്. തിരുവള്ളൂർ ജി.എം.യു.പി സ്കൂൾ രണ്ടാംതരം വിദ്യാർഥിനി താര നിലാഷ ഏക മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.