സൈക്കിൾ മോഷ്ടാവിനെ പിടികൂടി: എസ്.പി.സി കാഡറ്റുകൾക്ക് അഭിനന്ദന പ്രവാഹം
text_fieldsഇരവിപുരം: സ്കൂളിൽനിന്നു സൈക്കിൾ മോഷ്ടിച്ചുകടന്നുകളയാൻ ശ്രമിച്ചയാളെ പിന്തുടർന്ന് പിടികൂടിയ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളായ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾക്ക് അഭിനന്ദന പ്രവാഹം.
വാളത്തുംഗൽ ഗവ. ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽനിന്ന് സൈക്കിൾ മോഷ്ടിച്ച വാളത്തുംഗൽ ആക്കോലിൽ നഗർ ഗോപികാ ഭവനിൽ അനീഷിനെ ആണ് (36) ഇവർ പിന്തുടർന്ന് പിടികൂടിയത്. സ്കൂൾ കലോത്സവം നടക്കുന്നതിനിടയിലായിരുന്നു മോഷണം.
നേരത്തേ മൂന്നു തവണ ഇവിടെനിന്ന് സൈക്കിൾ മോഷ്ടിച്ചുപോകുന്നതിന്റെ സി.സി ടി.വി ദൃശ്യം ലഭിച്ചിരുന്നെങ്കിലും മുഖം മറച്ചിരുന്നതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കവാടത്തിൽ കാവൽ നിന്ന സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളോട് മകൾക്ക് ചോറ് കൊടുക്കാനുണ്ടെന്ന് പറഞ്ഞാണ് മോഷ്ടാവ് സ്കൂൾ വളപ്പിൽ കടന്നത്. പിന്നാലെ സൈക്കിളുമായി പുറത്തേക്ക് പോകുന്നതിനിടയിൽ സമീപം ഉണ്ടായിരുന്ന അഭിരാമി, ആതിര എന്നീ കാഡറ്റുകൾ മോഷ്ടാവിനെ തിരിച്ചറിഞ്ഞു പിന്നാലെ ഓടി. കവാടത്തിൽ നിന്ന മുസൈന ബാനുവും റോമയും ചേർന്ന് മോഷ്ടാവിനെ തടഞ്ഞുനിർത്തി.
മുസൈന ബാനുവിനെ തള്ളിയിട്ട ശേഷം സൈക്കിൾ ഉപേക്ഷിച്ച് മോഷ്ടാവ് ഓടി. പിന്നാലെ കാഡറ്റുകളും ഓടി. ബഹളം കേട്ട് മറ്റു വിദ്യാർഥികളും രക്ഷാകർത്താക്കളും നാട്ടുകാരും പിന്നാലെ പാഞ്ഞു. വീടുകളുടെ ചുറ്റുമതിലുകൾ ചാടിക്കടന്ന് 500 മീറ്ററോളം പിന്നിട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.
തുടർന്ന് ഇയാളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. നിസ്സാര പരിക്കേറ്റ മുസൈന ബാനുവിന് സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി.
വാർത്ത അറിഞ്ഞ ഉടൻതന്നെ സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ്, അഡീഷനൽ എസ്.പി സോണി ഉമ്മൻ കോശി, ജില്ല ക്രൈം ബ്രാഞ്ച് അസി. കമീഷണർ സക്കറിയാ മാത്യു, വിവിധ സ്കൂളുകളിലെ കമ്യൂണിറ്റി പൊലീസ് ഓഫിസർമാർ എന്നിവർ കുട്ടി പൊലീസുകാർക്ക് അഭിനന്ദനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.