ഷൈനി എന്ന ‘ആണ്‍കുട്ടി’
text_fieldsസ്ത്രീകള്‍ ബുള്ളറ്റ് ഓടിക്കുന്നത് ഇക്കാലത്ത് വലിയ സംഭവമൊന്നുമല്ലെങ്കിലും കറുത്ത കൂളിങ് ഗ്ലാസും വെച്ച് തിരുവനന്തപുരം നഗരത്തിലൂടെ ബുളറ്റില്‍ ചീറിപ്പായുന്ന ഷൈനിയെ കാണുമ്പോള്‍ ഏതൊരു ആണൊരുത്തനും അല്‍പം അസൂയയൊക്കെ തോന്നും. കാരണം, റോയല്‍ എന്‍ഫീല്‍ഡ് ആദ്യമായി വിപണിയിലിറക്കിയ ഓഫ് റോഡ് ബൈക്ക് ഹിമാലയന്‍ സ്വന്തമാക്കിയ ആദ്യ മലയാളിയാണ് ഷൈനി. രണ്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് ഷൈനി ഹിമാലയന്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ ഹിമാലയനിലാണ് ഷൈനിയുടെ സഞ്ചാരം.
കുട്ടിക്കാലം മുതലേ കരുത്തിന്‍റെ പ്രതീകമായ ബുള്ളറ്റിനോട് ഷൈനിക്ക് ഹരമായിരുന്നു. ഈ ഹരം മൂത്തപ്പോള്‍ ശാസ്തമംഗലം ടെമ്പിള്‍ റോഡിലെ മുകുന്ദ നിവാസിലെ കാര്‍ പോര്‍ച്ചിലേക്ക് എത്തിയത് അഞ്ച് റോയല്‍ എന്‍ഫീല്‍ഡുകളാണ്. ഒപ്പം മൂന്ന് ബൈക്കുകളും. ഇതില്‍ 1983 മോഡല്‍ ബുള്ളറ്റാണ് ഷൈനിയുടെ ശേഖരത്തിലെ അമൂല്യസമ്പത്തുകളിലൊന്ന്. ഇപ്പോള്‍ നഗരത്തിലെ സ്ത്രീകളുടെ റോള്‍ മോഡലാണ് ഈ വീട്ടമ്മ. ഷൈനിയുടെ കൊതിപ്പിക്കുന്ന യാത്രകണ്ട് ഇപ്പോള്‍ അഞ്ച് വീട്ടമ്മമാരാണ് ഈ മുപ്പത്തിരണ്ടുകാരിക്ക് കീഴില്‍ ബുള്ളറ്റ് ഓടിക്കാന്‍ പഠിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥനും വലിയച്ഛനുമായ തങ്കരാജിൽ നിന്നാണ് ഷൈനിക്ക് ബുള്ളറ്റിനെക്കുറിച്ചുള്ള ആദ്യ പാഠങ്ങള്‍ പകര്‍ന്നുകിട്ടുന്നത്. അപ്പോഴും ബുള്ളറ്റില്‍ ഒന്നു കൈവെക്കാനുള്ള ധൈര്യം ഇവര്‍ക്കുണ്ടായിരുന്നില്ല. ഒരു പെണ്‍കുട്ടി ബുള്ളറ്റ് ഓടിച്ചാല്‍ നാട്ടുകാര്‍ എന്തു പറയുമെന്ന പേടിയായിരുന്നു ഉള്ളില്‍. എന്നാല്‍, ബിരുദ പഠനത്തിനു ശേഷം സഹോദരിയോടൊപ്പം ഉത്തരേന്ത്യയില്‍ ജോലി നോക്കുന്നതിനിടയിലാണ് ആദ്യമായി ബുള്ളറ്റ് കൈയിലെടുക്കുന്നത്.
ഇതര സംസ്ഥാനക്കാര്‍ക്കു മുന്നിലൂടെ ബുള്ളറ്റ് ഓടിക്കുമ്പോള്‍ ആരും തിരിച്ചറിയില്ലല്ലോ എന്ന വിശ്വാസമായിരുന്നു പിന്നില്‍. ഒരു സഹപ്രവര്‍ത്തകന്‍ നല്‍കിയ ബുള്ളറ്റിലായിരുന്നു സഞ്ചാരം. പിന്നീട് ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി എന്നിവിടങ്ങളിലും ഷൈനി ഒറ്റക്ക് യാത്ര നടത്തി.സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇതിനോടകം ബുളറ്റില്‍ സഞ്ചരിച്ചിട്ടുള്ള ഷൈനിയുടെ ഏറ്റവും വലിയ ആഗ്രഹം രാജ്യം മൊത്തം ബുളറ്റില്‍ സഞ്ചരിക്കണമെന്നാണ്. പിന്നീട് ഒരു ഹാര്‍ലി ഡേവിഡ്സണ്‍ വാങ്ങണമെന്നും.
ജൂണില്‍ യൂത്ത് കമീഷന്‍റെ ആന്‍റി ഡ്രഗ് പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഷൈനിയുടെ നേതൃത്വത്തിൽ ബൈക്ക് ഷോ സംഘടിപ്പിച്ചിരുന്നു. സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ കേരള വനിതാ ക്രിക്കറ്റ് ടീം അംഗമായ ഷൈനിക്ക് 10ാം ക്ളാസില്‍ മികച്ച എന്‍.സി.സി കാഡറ്റിനുള്ള രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിട്ടുണ്ട്. ബുള്ളറ്റ് കമ്പത്തിനു പുറമേ ചിത്രകലയിലും ഷൈനി ഒരു കൈ നോക്കുന്നുണ്ട്. മ്യൂറല്‍ പെയിന്‍റിങ്ങിലാണ് പരീക്ഷണങ്ങള്‍ എല്ലാം. തന്‍റെ ചിത്രങ്ങളെല്ലാം ഉള്‍പ്പെടുത്തി ആഗസ്റ്റില്‍ 'ദാരുഭംഗി' എന്ന പേരില്‍ ഒരു എക്സിബിഷനുള്ള ഒരുക്കവും അണിയറയിലാണ്. എല്ലാത്തിനും പിന്തുണയുമായി ഭര്‍ത്താവ് രാജ്കുമാറും മകന്‍ ലെനിനും ഒപ്പമുണ്ടെന്നതാണ് ഷൈനിയുടെ ഏറ്റവും വലിയ പ്രചോദനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.