വളർച്ചയുടെ പടവിൽ ഈ വീട്ടമ്മ
text_fieldsചെറുതോണി: പരിശ്രമിച്ചാൽ വിജയത്തിന്റെ പടികൾ അനായാസം ഓടിക്കയറാമെന്ന് തെളിയിക്കുകയാണ് മുരിക്കാശ്ശേരിയിലെ ബിന്ദുവെന്ന വീട്ടമ്മ. 2016ൽ ചെറിയ മുതൽ മുടക്കിൽ ആരംഭിച്ച ഇടപ്പറമ്പിൽ ഫ്ലവർ മിൽ എന്ന സ്ഥാപനത്തിന്റെ വളർച്ചയുടെ പിന്നിൽ പ്രതിസന്ധികളിൽ തളരാതെ പിടിച്ചുനിന്നതിന്റെ കഥയാണ് പറയാനുള്ളത്.
ഇടപ്പറമ്പിൽ മുരളിയുടെ ഭാര്യ ബിന്ദു ക്ഷീരശ്രീ കാലിത്തീറ്റയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. കുടുംബശ്രീ ജില്ല മിഷന്റെ സഹായത്തോടെയാണ് കാലിത്തീറ്റ നിർമാണം തുടങ്ങുന്നത്. ഇതിനായി തൃശൂർ മണ്ണുത്തിയിൽപോയി പരിശീലനം നേടുകയും ചെയ്തു. വ്യവസായ ഓഫിസിൽനിന്നുള്ള പരിശീലനവും ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള സഹായവും ഒത്തുചേർന്നപ്പോൾ ഈ രംഗത്ത് നല്ലൊരു സംരംഭകയാണ് താനെന്നു തെളിയിക്കാൻ അധിക സമയം വേണ്ടിവന്നില്ല.
കാലിത്തീറ്റക്ക് പിന്നിലെ റവ, മൈദ, ആട്ട, ഗോതമ്പുപൊടി തുടങ്ങി മുളകുപൊടി, മല്ലിപ്പൊടി, സാമ്പാറുപൊടി തുടങ്ങി ഒരു വീട്ടിലേക്കാവശ്യമുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും എത്തിച്ചുകൊടുക്കുന്ന സംരംഭത്തിനും പിന്നീട് തുടക്കമിട്ടു. ഫ്ലവർ മില്ലിൽനിന്നാണ് ഇവയെല്ലാം ചെയ്യുന്നത്. മുരിക്കാശ്ശേരിയിൽനിന്നു തേക്കുംതണ്ടിലേക്ക് തിരിയുന്ന സ്കൂൾ ജങ്ഷനിലുള്ള സ്ഥാപനത്തിൽനിന്ന് റിസിപ്പി എന്ന പേരിൽ മുളകുപൊടി, മല്ലിപ്പൊടി, സാമ്പാർ പൊടി തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായതെല്ലാം എത്തിച്ചുകൊടുക്കാൻ തുടങ്ങി.
ഓരോ കച്ചവട സ്ഥാപനത്തിലേക്കും ആവശ്യമായ സാധനങ്ങൾ വാഹനത്തിൽ സ്ഥലത്തെത്തിച്ച് കൊടുക്കും. സംരംഭം വിജയം കണ്ട് തുടങ്ങിയതോടെ ബിന്ദുവിന് ആത്മവിശ്വാസം ഏറിയിട്ടുണ്ട്.ഇന്ന് പ്രതിമാസം രണ്ടു ലക്ഷത്തോളം രൂപ വിറ്റുവരവുള്ള സ്ഥാപനമായി വളർന്നുകഴിഞ്ഞു. സ്ഥാപനം വളർന്നതിന് പിന്നിൽ ബാങ്ക് വായ്പയുമുണ്ട്. വാത്തിക്കുടി പഞ്ചായത്തിലെ ബിന്ദുവിന്റെ ഈ പ്രസ്ഥാനം പല കുടുംബങ്ങൾക്കും അത്താണികൂടിയാണ്. തിരുവനന്തപുരത്ത് എൽഎൽ.ബിക്കു പഠിക്കുന്ന വർഷയും ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന മകൻ ആഘോഷും മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.