പാഴ് വസ്തുക്കളെ മികച്ച കലാസൃഷ്ടികളാക്കുകയാണീ ബ്ലെയ്സി
text_fieldsമനാമ: അതി മനോഹരമായ ക്രാഫ്റ്റ് - ആർട്ട് വർക്കുകളിലൂടെ ശ്രദ്ധേയയാകുകയാണ് ബ്ലെയ്സി ബിജോയ്.14 വർഷമായി ബഹ്റൈനിൽ പ്രവാസിയായ തൃശൂർ ജില്ലയിലെ തൃപ്രയാർ വലപ്പാട് സ്വദേശിനിയായ ബ്ലെയ്സി ബിജോയ് പാഴ് വസ്തുക്കളും മറ്റും ഉപയോഗിച്ചാണ് മനോഹരമായി കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നത്.സ്കൂൾ പഠനകാലത്ത് അച്ഛൻ പേപ്പർ കൊണ്ട് ക്രാഫ്റ്റ് ഉണ്ടാക്കി കാണിച്ചു കൊടുത്തു. അന്ന് തുടങ്ങിയ താൽപ്പര്യമാണ് പിന്നീട് ഈ രംഗത്ത് സജീവമാകാൻ കാരണം. പിന്നീട് സ്റ്റാമ്പ്, മിഠായി കവർ, കുപ്പിവളപ്പൊട്ട്, സിഗരറ്റ് പേക്കറ്റ് എന്നിവയുടെ ശേഖരണവും ന്യൂസ് പേപ്പറിലെ പ്രധാന വാർത്തകൾ കട്ട് ചെയ്ത് സൂക്ഷിക്കൽ, റെസിപ്പി കളക്ഷൻ എന്നിവയും ഹോബിയാക്കി.
പ്ലസ് ടു വിന് പഠിക്കുമ്പോൾ ലോക്കൽ ചാനലിൽ അവതാരികയായിരുന്നിട്ടുണ്ട്. ലൈവ് മ്യൂസിക്കൽ പ്രോഗ്രാമും ചെയ്തിട്ടുണ്ട്.ഡിഗ്രി പഠന കാലത്ത് കുഞ്ഞുണ്ണി മാഷോടൊപ്പം ഒരു ആൽബത്തിലും അഭിനയിക്കാനുള്ള ഭാഗ്യം ബ്ലെയ്സിക്ക് ഉണ്ടായി. കുഞ്ഞുണ്ണി മാഷിൻ്റെ കുട്ടിക്കാലം ചിത്രീകരിച്ചപ്പോൾ മാഷിൻ്റെ സഹോദരിയായാണ് അഭിനയിച്ചത്.കുട്ടിക്കാലം മുതൽ നൃത്തത്തോട് വലിയ കമ്പമായിരുന്നു. സ്കൂൾ പഠനകാലത്ത് ഭരതനാട്യം അഭ്യസിച്ചെങ്കിലും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വിവാഹം കഴിഞ്ഞ് ബഹ്റൈനിൽ എത്തിയ ശേഷം 2019 ൽ പ്രമുഖ നൃത്ത പരിശീലകൻ ഭരത് ശ്രീ രാധാകൃഷ്ണൻ മാസ്റ്ററുടെ കീഴിൽ അരങ്ങേറ്റം നടത്തി ചിരകാലാഭിലാഷം സഫലമാക്കി. മക്കൾ സ്കൂളിൽ പോയി തുടങ്ങിയതിന് ശേഷമാണ് ബ്ലെയ്സി ക്രാഫ്റ്റ് - ആർട്ട് വർക്കുകളിൽ സജീവമായത്. ഡോർട്ട് ആർട്ട്, സ്റ്റിപ്പ്ലിങ്ങ് ആർട്ട്, കലണ്ടർ ബോട്ടിൽ ആർട്ട്, ഇല്യൂഷൻ ആർട്ട്, ടെറാക്കോട്ട ജ്വല്ലറി മെയ്ക്കിംഗ്, ക്രീപ്പ് പേപ്പർ ഫ്ലവർ മേക്കിംഗ്, ക്ളേ ആർട്ട്, ക്രാഫ്റ്റ് ഫ്രം ബെസ്റ്റ് ഔട്ട് ഓഫ് വെയിസ്റ്റ് ഇതൊക്കെയാണ് ബ്ലെയ്സി വീട്ടിലിരുന്ന് ചെയ്യുന്നത്.
ഒരു വർഷം അക്കൗണ്ടന്റ് ആയി ജോലി ചെയ്തിട്ടുണ്ട്. പാചക മൽസരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ഭർത്താവ് ബിജോയ് തച്ചിൽ ബഹ്റൈൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുന്നു. ബിജോയ് ബഹ്റൈൽ എത്തുന്നതിന് മുമ്പ് 12 വർഷം നാട്ടിൽ കരാട്ടെ പരിശീലകൻ ആയിരുന്നു. മകൻ ബെൽവിൻ ഇന്ത്യൻ സ്കൂളിൽ എട്ടിലും മകൾ ബെറ്റ്സ ന്യൂ ഹോറിസോൺ സ്കൂളിൽ 5 ലും പഠിക്കുന്നു.ബ്ലെയ്സിക്ക് ബ്ലെയ്സ്സ് ക്രീയേഷൻസ് എന്ന പേരിൽ സ്വന്തമായി ഒരു യൂടൂബ് ചാനലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.