ഏതിരുളും തോൽക്കും, മായ ടീച്ചറുടെ സ്വപ്നങ്ങൾക്ക് മുന്നിൽ
text_fieldsതൊടുപുഴ: മായ ടീച്ചർ മനോഹരമായി പഠിപ്പിക്കുമ്പോൾ ശിഷ്യർക്ക് മുന്നിൽ അറിവിന്റെ പുതിയ വെളിച്ചം പടരും. അവരുടെ ശബ്ദങ്ങളിലൂടെ അത് തിരിച്ചറിയുബോൾ ആ അധ്യാപികയുടെ കണ്ണുകളിലെ ഇരുട്ട് സന്തോഷത്തിനും ആഹ്ലാദത്തിനും വഴിമാറും. കഴിഞ്ഞ എട്ട് വർഷത്തിനിടെ അകക്കണ്ണിന്റെ ഊർജംകൊണ്ട് ആയിരങ്ങൾക്ക് അറിവ് പകർന്ന മായ, വിദ്യാർഥികൾക്കും സഹപ്രവർത്തകർക്കും മായാത്ത ദൃഢനിശ്ചയത്തിന്റെ പ്രതീകമാണ്.
തൊടുപുഴ കാഞ്ഞിരമറ്റം ഗവ. ഹൈസ്കൂളിലെ മലയാളം അധ്യാപികയാണ് എ.എം. മായ. ജന്മനാ പൂർണമായും കാഴ്ചശക്തിയില്ലാത്ത മായയുടെ ജീവിതം അതിശയിപ്പിക്കുന്ന അതിജീവനത്തിന്റേത് കൂടിയാണ്. പ്രാരബ്ധങ്ങൾ ഏറെ നിറഞ്ഞതായിരുന്നു വീട്. അതുകൊണ്ട്തന്നെ പഠിച്ച് നല്ലൊരു ജോലി നേടണമെന്നത് വാശിയായി. ബി.എ. മലയാളവും ബി.എഡും പാസായതിന് പുറമെ ജോലി ലഭിച്ചശേഷം വിദൂരവിദ്യാഭ്യാസം വഴി ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.
താൻ പഠിപ്പിക്കുന്ന കുട്ടികൾ പരീക്ഷകളിൽ ഉന്നതവിജയം നേടിയപ്പോൾ മായ സ്കൂളിന്റെതന്നെ അഭിമാനമായി. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി എന്നിവയുടെയെല്ലാം ചുമതല മായക്കാണ്. സിലബസ് മാറുന്ന ഘട്ടത്തിൽ പാഠഭാഗങ്ങൾ ഓഡിയോ രൂപത്തിലാക്കി മനസ്സിലുറപ്പിക്കും.
പിന്നീട് പുതിയ സിലബസ് വരുന്നതുവരെ എല്ലാം മനഃപാഠമാണ്. കവിതയും കഥകളുമെല്ലാം നിറയുന്ന ക്ലാസ് കുട്ടികൾ എത്ര നേരവും കേട്ടിരിക്കും. ഭർത്താവും നാല് മാസം പ്രായമായ കുഞ്ഞുമടങ്ങുന്ന കുടുംബത്തിന്റെ കാര്യങ്ങളും ഇതോടൊപ്പം മറ്റാരുടെയും സഹായമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നു. വീട്ടിലെ എല്ലാ ജോലികളും മായ സ്വന്തമായി ചെയ്യും.
ഭർത്താവാണ് രാവിലെ മായയെ സ്കൂളിൽ എത്തിക്കുന്നത്. ഒരുവട്ടം പോയാൽ പിന്നീട് ആ ക്ലാസ്മുറിയും പരിസരവുമെല്ലാം മനഃപാഠമാണ്. ശബ്ദംകൊണ്ട് ഓരോ കുട്ടിയെയും തിരിച്ചറിയും. പഴയ ശിഷ്യർ ഇടക്കിടെ കാണാനെത്തും. പത്താംക്ലാസ് പരീക്ഷയടുത്തപ്പോൾ തോൽക്കുമെന്ന് ഭയന്ന് പഠനം നിർത്താനൊരുങ്ങിയ വിദ്യാർഥിയെ കുറഞ്ഞ ദിവസംകൊണ്ട് പഠിപ്പിച്ച് നല്ല മാർക്കോടെ വിജയിപ്പിക്കാനായത് അധ്യാപക ജീവിതത്തിലെ മറക്കാനാവാത്ത ഓർമ.
സഹപ്രവർത്തകരും വിദ്യാർഥികളും ഭർതൃവീട്ടുകാരും നൽകുന്ന പിന്തുണയാണ് തന്റെ ശക്തിയും വെളിച്ചവുമെന്ന് മായ പറയുന്നു. ട്രാവൽ ഏജൻസി നടത്തുന്ന ഭർത്താവ് നിർമൽ സെബാസ്റ്റ്യനും കാഴ്ച ശക്തിയില്ല. എങ്കിലും മായയുടെ സ്വപ്നങ്ങൾ ഇരുൾ മൂടിയിട്ടില്ല. അവക്കിപ്പോഴും നക്ഷത്രത്തിളക്കമാണ്. ഹയർ സെക്കൻഡറി അധ്യാപിക ആകുക എന്നതാണ് അടുത്ത ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.