നടുക്കുന്ന ഓര്‍മകള്‍ ഓർത്തെടുത്ത് ബൊമ്മി
text_fieldsമാനന്തവാടി: പടമല ചാലിഗദ്ദയിലെ പനച്ചിയില്‍ അജിയെ കൊന്ന റേഡിയോ കോളര്‍ ഘടിപ്പിച്ച കൊലയാളിയാന കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി കോളനിക്കും പരിസര പ്രദേശത്തും നിലയുറപ്പിച്ചുണ്ടെന്ന അനൗണ്‍സ്മെന്റ് വാഹനം കടന്ന് പോയപ്പോഴാണ് 85കാരി ബൊമ്മിയമ്മ പഴയ ഓര്‍മകള്‍ ചികഞ്ഞത്.
കൃത്യമായി പറഞ്ഞാല്‍, 35 വര്‍ഷം മുമ്പാണ് ബൊമ്മിയമ്മയുടെ ഭര്‍ത്താവ് ചെല്ലനെ കാട്ടാന കൊലപ്പെടുത്തിയത്. മണ്ണുണ്ടി കോളനിയിലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആദ്യ വ്യക്തിയായിരുന്നു ചെല്ലന്. തുടര്‍ന്ന് വിവിധ വര്‍ഷങ്ങളില്‍ മറ്റ് മൂന്ന് പേര് കൂടി കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ നീലഗിരിയില്‍ നിന്ന് 1972ല്‍ ഇവിടേക്ക് കുടിയേറിയതാണ് ബൊമ്മി. ഇപ്പോഴത്തെ കൊലയാളി ആനയെ ഭയന്ന് കോളനിയിലെ പലരും പുറത്തിറങ്ങാറില്ലെന്ന് ബൊമ്മി പറഞ്ഞു.
ആനയിറങ്ങിയതുമൂലം പണിക്കുപോകാനും അലക്കാനും കുളിക്കാനും പറ്റാത്ത പ്രയാസവും ഈ വയോധിക പങ്കുവെച്ചു. കൊലയാളി ആനയുടെ സാന്നിധ്യമുള്ളതിനാല്‍ 24 മണിക്കൂറും വനംവകുപ്പ് ആര്.ആർ.ടി സംഘം ക്യാമ്പ് ചെയ്യുന്ന ആശ്വാസത്തിലാണ് ബൊമ്മി. കാളിന്ദി നദിക്കു മുന്നിലാണ് കോളനി സ്ഥിതിചെയ്യുന്നത്.
പുഴയോട് ചേര്‍ന്ന് പന്ത്രണ്ടോളം കുടുബങ്ങളാണുള്ളത്. ഇവരില്‍ കാട്ടുനായ്ക്ക, അടിയ, വെട്ടക്കുറുമ വിഭാഗങ്ങളിലായി 40 കുടുംബങ്ങള്‍ കോളനിയില്‍ കഴിയുന്നു. ആനയെ മയക്കുവെടിവെച്ച് പിടിച്ചു കൊണ്ടുപോയാല്‍ തങ്ങള്‍ക്ക് പഴയജീവിതം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് ബൊമ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.