വായനക്കാരുടെ ‘നിധി’യായി ഈ പുസ്തക പ്രസാധക
text_fieldsകേളകം: ‘മതപ്പാടുകൾ’ എന്ന പുസ്തകം 3000 കോപ്പികൾ പിന്നിടുമ്പോൾ പുസ്തക പ്രസാധക എന്ന നിലയിൽ ലിജിന അഭിമാനത്തോടെ ഓർക്കുന്നത് സ്വന്തം ഇഷ്ടങ്ങളെ പിന്തുടരാൻ ഉറച്ച തീരുമാനമെടുത്ത കോവിഡ് കാലത്തെയാണ്. പരമ്പരാഗത മേഖലകൾക്കു പിന്നാലെ പോകാതെ തന്റെ അഭിരുചികളെ പിന്തുടരാൻ ലിജിന നിശ്ചയിച്ചത് 2021 ജനുവരിയിലാണ്. ആ കോവിഡ് ‘നിധി ബുക്സ്’ എന്ന പേരിൽ ഒരു സംരംഭത്തിന് ലിജിന തുടക്കമിടാൻ കാരണം മലയോര മേഖലയിൽ വായനക്കാർക്ക് പുതിയ പുസ്തകങ്ങൾ കിട്ടാനുള്ള പ്രയാസത്തെപ്പറ്റിയുള്ള ചിന്തയാണ്. നിധി ബുക്സ് അധികം വൈകാതെ വായനക്കാരുടെ മനസ്സില് ഇടം നേടിത്തുടങ്ങി. സംതൃപ്തരായ വായനക്കാരിൽനിന്ന് കേട്ടറിഞ്ഞും പറഞ്ഞറിഞ്ഞും ഒരു വർഷത്തിനുള്ളിൽ അഞ്ചു ഭൂഖണ്ഡങ്ങളിലേക്കും പ്രവാസി വായനക്കാർക്കായി പതിവായി പുസ്തകങ്ങളെത്തിക്കുന്ന പ്രിയസംരഭകയായി ലിജിന മാറി. നഗരത്തിലെ പുസ്തകശാലകളിൽ നിന്ന് പുസ്തകങ്ങൾ ലിജിനക്ക് എത്തിച്ചു നൽകാനും പായ്ക്ക് ചെയ്ത പുസ്തകങ്ങൾ ആവശ്യക്കാർക്ക് കൊടുക്കാനും ഭർത്താവ് ശിവദാസനും ഇരുവരുടെയും സുഹൃത്തുക്കളും പിന്തുണയായി തുടക്കം മുതൽ ഉണ്ടായിരുന്നു. വായനയെ പ്രോത്സാഹിപ്പിക്കാൻ വൈവിധ്യങ്ങളായ പരിപാടികളും നിധിബുക്സ് ആവിഷ്കരിച്ചു. ലോക്ഡൗൺ കാലത്ത് പുസ്തക സ്നേഹികളെ ചേർത്ത് വാട്സ് ആപ് ഗ്രൂപ്പും ഫേസ്ബുക്ക് പേജും ഉണ്ടാക്കി.
പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തി. എഴുത്തു വിചാരണ എന്ന പേരിൽ സംവാദ പരിപാടികൾ സംഘടിപ്പിച്ചു. വിനോയ് തോമസും കെ.ആർ. മീരയും ഉൾപ്പെടെയുള്ളവർ എഴുത്തുവിചാരണയിലൂടെ സംവദിച്ചു. ഗീത തോട്ടം രചിച്ച അശരീരികളുടെ ആനന്ദം എന്ന നോവൽ പ്രസിദ്ധീകരിച്ചുകൊണ്ട് നിധി ബുക്സ് പ്രസാധന രംഗത്തേക്കും ചുവടുവച്ചു. യാത്രാവിവരണത്തിന് സാഹിത്യ അക്കാദമി അവാർഡ് നേടിയ പത്രപ്രവർത്തകൻ അരുൺ എഴുത്തച്ഛന്റെ ‘മതപ്പാടുകൾ’ പുറത്തുവന്നതോടെ പ്രസാധകയെന്ന നിലയിൽ ലിജിന ശ്രദ്ധേയയായി. വടക്കേ അമേരിക്കയിലെ സാഹിത്യസ്നേഹികളുടെ സംഘടനയായ ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) രജതജൂബിലി പ്രമാണിച്ച് അമേരിക്കൻ പ്രവാസി എഴുത്തുകാരുടെ രചനകൾ പ്രസിദ്ധീകരിക്കാൻ നിധിയെ സമീപിച്ചു. ലാനയുടെ ‘നടപ്പാതകൾ’ പുറത്തു വന്നതോടെ അതിന്റെ കെട്ടിലും മട്ടിലും ആകൃഷ്ടരായ അമേരിക്കയിലെ നാഷ്വിൽ മലയാളി അസോസിയേഷനും തങ്ങളുടെ പുസ്തകത്തിന്റെ ചുമതല നിധിയെ ഏൽപിച്ചു. കൊട്ടിയൂർ സ്വദേശിയായ ഫ്രാൻസിസ് ദേവസ്യ എഴുതിയ ‘ഞാൻ കണ്ട ബാലി’ എന്ന പുസ്തകമാണ് ലിജിന ഏറ്റവും ഒടുവിൽ പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.