ഷിഫ മറിയം; 'ദി ബൊട്ടാണിക്കൽ വിമൻ'
text_fieldsഎം.എ പൊളിറ്റിക്കല്‍ സയന്‍സുകാരിക്ക് തൊടിയിലെന്താണ് കാര്യമെന്നു ചോദിക്കുന്നവര്‍ യൂട്യൂബില്‍ 'ബൊട്ടാണിക്കല്‍ വിമൻ' എന്നൊന്ന് തിരയണം. തിരൂര്‍ പരിയാപുരത്തുകാരി ഷിഫ മറിയം നിങ്ങളുടെ ധാരണ തിരുത്തും. പുതിയ തലമുറ തൊടിയിൽ വിരിയിക്കുന്ന കാഴ്ചകൾ കണ്ണിനെ തണുപ്പിക്കും. ഒരു വര്‍ഷം കൊണ്ടുതന്നെ യൂട്യൂബില്‍ ഒന്നര ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാരെയും സ്ഥിരം പ്രേക്ഷകരെയും സൃഷ്ടിക്കാനായ 'ബൊട്ടാണിക്കല്‍ വുമണ്‍' സംസാരിക്കുന്നു.
ലിസിക്കി തന്ന ഉണർവ്
പഠനവും ഗവേഷണവും ഒക്കെയായി മുന്നോട്ടുപോകുന്നതിനിടയിലാണ് യൂട്യൂബ് ചാനല്‍ എന്ന ആശയം മനസ്സില്‍ മുളപൊട്ടുന്നത്. ഏതു വിഷയത്തെക്കുറിച്ച് ചാനല്‍ തുടങ്ങണം എന്നതിനെക്കുറിച്ച് അധികമൊന്നും ചിന്തിക്കേണ്ടി വന്നില്ല. ബൊട്ടാണിക്കല്‍ ഗാര്‍ഡനിങ്ങും ഉദ്യാനപാലനവുമെല്ലാം കുഞ്ഞിലേ കൂടെയുള്ളതാണ്.
സസ്യങ്ങളെ പരിചരിച്ചും ഗാര്‍ഡനൊരുക്കിയും വഴിതെളിച്ചവർ കുടുംബത്തിലുണ്ട്. വല്യുമ്മയുടെയും വല്യുപ്പയുടെയും കഥകളെല്ലാം പച്ചപ്പിന്‍റെ കുളിർമയുള്ളതായിരുന്നു. അതുകൊണ്ടുതന്നെ കുഞ്ഞുനാളുതൊട്ടേ മണ്ണിനോടും ചെടികളോടും ഇഴപിരിക്കാനാവാത്ത ബന്ധം എനിക്കുണ്ട്.
പിന്നെ, ചൈനീസ് യൂട്യൂബ് ചാനലായ ലിസിക്കിയുടെ (liziqi) കടുത്ത ആരാധികയാണ് ഞാന്‍. അവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും അവതരിപ്പിക്കുന്നതും കിനാവ് കാണും പോലെയാണ്. ദൃശ്യങ്ങളില്‍ മാന്ത്രികത പുരട്ടിയ ലിസിക്കിയെ അനുകരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. വലിയ ക്രൂ തന്നെ ആ ചാനലിന് പിറകിലുണ്ട്. നമ്മളുടെ പരിമിതമായ വിഭവശേഷി ഉപയോഗപ്പെടുത്തി ഒരു ചാനല്‍ തുടങ്ങാന്‍ ഞാനും തീരുമാനിച്ചു.
ഇവിടം സ്വര്‍ഗമാണ്
ബൊട്ടാണിക്കല്‍ കേന്ദ്രീകരിച്ച് ഒരു ചാനൽ തുടങ്ങാമെന്ന് കേട്ടപ്പോള്‍ വീട്ടുകാര്‍ക്കും പൂര്‍ണസമ്മതം. വിവരം അറിഞ്ഞയുടന്‍ തന്നെ കാമറമാനായി ബന്ധു ഇസ്ഹാറെത്തി. ദൃശ്യങ്ങള്‍ മനോഹരമാണെന്ന് പലരും പറയാറുള്ളതിൻെറ െക്രഡിറ്റ് പൂര്‍ണമായും അവനുള്ളതാണ്. വീടിനോടു ചേര്‍ന്ന് മാവും പ്ലാവും എല്ലാം നിറഞ്ഞുനില്‍ക്കുന്ന രണ്ടേക്കര്‍ സ്ഥലം ഞങ്ങള്‍ക്കുണ്ട്.
അതിനിടയില്‍ കോളസ്, ഫെന്‍, കലാത്തിയ തൊട്ട് നാടന്‍ പനിക്കൂര്‍ക്ക വരെയുള്ള വൈവിധ്യമായ ഇലസസ്യങ്ങള്‍ നട്ടുപിടിപ്പിച്ചു. ഇതിന് അലങ്കാരമായി റോസും വാടാമല്ലിയും മാരിഗോള്‍ഡും മറ്റനേകം പൂക്കളും ഇടതൂര്‍ന്നുവളരുന്ന കുഞ്ഞുപൂന്തോട്ടവുമുണ്ട്. വര്‍ണമത്സ്യങ്ങളുള്ള ചെറുകുളവും മുളകൊണ്ടുള്ള ക്രാഫ്റ്റിങ്ങുകൾ വേറെയും. ഇവക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ അറിയാതെ നമ്മളും ഒരു ശലഭമാകും.
എന്‍റെ യൂട്യൂബ് പ്രേക്ഷകരില്‍ കൂടുതല്‍ പേരും 15 വയസ്സിനും 25നും ഇടയിലുള്ളവരാണ്. അവരെ ആകര്‍ഷിക്കുന്ന ഗാര്‍ഡനിങ് രീതികളും ക്രാഫ്റ്റിങ്ങുമാണ് അവതരിപ്പിക്കാറുള്ളത്. ചെടികളും വിത്തുകളുമെല്ലാം ചോദിച്ച് ഒരുപാട് പേര്‍ എത്താറുണ്ട്.
മുളയില്‍ കാര്യമുണ്ട്
പ്രേക്ഷകരില്‍ കൂടുതല്‍ പേരും 15നും 25നും ഇടയിലുള്ളവരാണ്. അതുകൊണ്ട്തന്നെ അവരെ ആകര്‍ഷിക്കു ഗാര്‍ഡനിങ്ങ് രീതികളും ക്രാഫ്റ്റിങ്ങുമാണ് അവതരിപ്പിക്കാറുള്ളത്. ചെടികളും വിത്തുകളുമെല്ലാം ചോദിച്ച് ഒരുപാട് പേര്‍ എത്താറുണ്ട്. ഗവേഷണത്തിരക്കുകള്‍ ഉളളതിനാല്‍ എല്ലാവര്‍ക്കും ഇവ എത്തിക്കാന്‍ കഴിയാറില്ല എന്നതാണ് വാസ്തവം. ക്രാഫ്റ്റിങ്ങില്‍ മുള തന്നെയാണ് എന്‍റെ സ്ഥിരം 'വേട്ടമൃഗം'.
മുളയെ നമ്മളൊന്നങ്ങ് സ്നേഹിച്ചു കൊടുത്താല്‍ ഒരുപാട് വിസ്മയങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് അനുഭവം. മുള കൊണ്ടുള്ള നിര്‍മിതികള്‍ ഉദ്യോനത്തിന് നല്ല ഭംഗിയും നല്‍കും.ചെറിയ ഗാര്‍ഡനിങ് ടിപ്സ്, ഇന്‍ഡോര്‍ ഗാര്‍ഡന്‍ മെയ്ക്കിങ്, വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ് എന്നിങ്ങനെ വൈവിധ്യമായ വിഷയങ്ങളില്‍ വിഡിയോകള്‍ ചെയ്തിട്ടുണ്ട്. കുടുംബത്തിലുളളവര്‍ക്കും ഇതെല്ലാം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതിനാല്‍ തന്നെ അവരും കൂടെത്തന്നെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.