മാരേശ്വരിയെ തേടി സഹോദരൻ എത്തി; കാൽനൂറ്റാണ്ടിന് ശേഷം
text_fieldsപാലാ: മരിയസദനം അന്തേവാസിയെ തേടി 25 വർഷത്തിനുശേഷം സഹോദരനെത്തി. കാൽ നൂറ്റാണ്ട് മുമ്പ് തമിഴ്നാട്ടിൽനിന്ന് പാലാ മരിയസദനത്തിലെത്തിയ മാരേശ്വരി എന്ന 46കാരിയെ തേടിയാണ് സഹോദരൻ കരുണാകരൻ എത്തിയത്.അച്ഛനും അമ്മയും നാലു മക്കളും അടങ്ങിയ കുടുംബമായിരുന്നു മാരേശ്വരിയുടേത്. മാരേശ്വരിക്ക് 13 വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. പിന്നീട് മാനസിക അസ്വസ്ഥതകൾ പ്രകടമാക്കിയ മാരേശേരി എല്ലാവരുടെയും അവഗണനയിൽ കഴിയുകയായിരുന്നു.
21ാം വയസ്സിൽ ആരുടെയൊക്കെയോ ക്രൂരതക്കിരയായി ഗർഭം ധരിച്ചു. മാരേശ്വരിയുടെ ദുരിതകഥ ഹോളിക്രോസ് സഭയിലെ സിസ്റ്റർ ദയറയിൽ കേട്ടറിഞ്ഞ മധുരയിൽ ബിസിനസുള്ള പാലാ സ്വദേശി എൻ.ജെ. കുര്യാക്കോസ് നടുതലകാലായിൽ പാലാ മരിയസദനവുമായി ബന്ധപ്പെട്ട് മാരേശ്വരിയെ പാലായിലെത്തിക്കുകയായിരുന്നു.
1999ൽ മരിയസദനത്തിലെത്തുമ്പോൾ മാരേശ്വരി രണ്ടുമാസം ഗർഭിണിയാണ്. പിന്നീട് പ്രസവ ശുശ്രൂഷകൾക്കായി എറണാകുളത്തെ നിർമല ഭവൻ എന്ന സ്ഥാപനത്തിലേക്ക് മാരേശ്വരിയെ മാറ്റി. പത്തുമാസത്തോളം മാരേശ്വരി തന്റെ ആൺകുഞ്ഞിനോടൊപ്പം ഇവിടെ ചെലവഴിച്ച ശേഷമാണ് മരിയസദനത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട് നിർമലഭവനിൽനിന്ന് കുഞ്ഞിനെ കുട്ടികളില്ലാത്ത ദമ്പതികൾ ദത്തെടുക്കുകയായിരുന്നു.
ചികിത്സയുടെ കാലഘട്ടങ്ങളിലെല്ലാം സ്വന്തം കുഞ്ഞിനെ കാണാൻ സാധിക്കാത്തതിന്റെ നൊമ്പരത്തിലായിരുന്നു മാരേശ്വരി. മാനസികരോഗത്തിൽനിന്ന് മുക്തയായ മാരേശ്വരി മറ്റ് രോഗികൾക്ക് സഹായമായി മരിയസദനത്തിൽ തന്നെ കഴിയുകയായിരുന്നു. സഹോദരിയുടെ വിവരങ്ങൾ അറിഞ്ഞ് 25 വർഷത്തിനുശേഷം മധുരയിൽനിന്ന് സഹോദരൻ കരുണാകരനാണ് മാരേശ്വരിയെ തേടിയെത്തിയത്.
സഹോദരനെ തിരിച്ചറിഞ്ഞ മാരേശ്വരി തന്നെ തേടിയെത്തിയതിലുള്ള സന്തോഷത്തിലാണ്. ഇനിയുള്ള കാലം ഒപ്പം താമസിക്കണമെന്നാണ് കരുണാകരന്റെ ആഗ്രഹം. മാരേശ്വരിയും ഇതിന് സമ്മതം മൂളി. മരിയസദനത്തെ സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബാംഗം തന്നെയാണ് വീടുവിട്ട് പോകുന്നതെങ്കിലും മാരേശ്വരിയുടെ സന്തോഷം കാണുമ്പോൾ സാധാരണ ജീവിതത്തിലേക്ക് ഒരു വ്യക്തിയെകൂടി മടക്കിക്കൊണ്ടുവരുവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് മരിയസദനം ഡയറക്ടർമാരായ സന്തോഷും മിനിയും.
സഹോദരൻ ശനിയാഴ്ച നാട്ടിലേക്ക് തിരിക്കും. തന്റെ കുട്ടിയെ കാണാൻ കഴിയാത്തതിലുള്ള വേദനയിലായിരുന്നു മാരേശ്വരി കഴിഞ്ഞിരുന്നത്. മാരേശ്വരിയുടെ ഈ വേദനയാണ് ചികിത്സ വേണ്ടിവരുന്ന അമ്മമാരുടെ മക്കളെ ഇവിടെതന്നെ പാർപ്പിച്ചുകൊണ്ട് അവരെ എന്നും കാണാനും സ്നേഹിക്കുവാനുമുള്ള ഓരോ അമ്മയുടെയും അവകാശത്തെ സംരക്ഷിക്കുവാനും പ്രചോദനമായതെന്ന് മരിയസദനം സന്തോഷും മിനിയും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.