അർബുദത്തോട് പൊരുതി എ പ്ലസ് നിറവിൽ ഫാത്തിമ ഷഹാന
text_fieldsതിരൂരങ്ങാടി: രോഗം തളർത്തിയെങ്കിലും മനോധൈര്യം നഷ്ടപ്പെടുത്താതെ ഫാത്തിമ ഷഹാന നേടിയത് സമ്പൂർണ എ പ്ലസ് വിജയം. മലപ്പുറം തെന്നല പഞ്ചായത്തിലെ തറയിൽ സ്വദേശി കളത്തിങ്ങൽ ഫാത്തിമ ഷഹാനയാണ് പ്ലസ് ടു സയൻസ് ഗ്രൂപ്പിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. എടരിക്കോട് പി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്നു ഷഹാന.
2018ലാണ് ഷഹാനയെ പനിയെ തുടർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ വെച്ചാണ് ഷഹാനക്ക് രക്താർബുദം സ്ഥിരീകരിച്ചത്. ഇപ്പോൾ ചൂലൂരിലെ എം.വി.ആർ കാൻസർ സെൻററിൽ ചികിത്സ തുടരുകയാണ്. രണ്ട് വർഷം മുമ്പ് ആഴ്ചയിൽ നാല് തവണ കീമോതെറപ്പി ചെയ്തുകൊണ്ടിരിക്കുേമ്പാഴാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
ഡോക്ടർമാർ എതിർത്തെങ്കിലും ഷഹാനയുടെ നിർബന്ധത്തിന് വഴങ്ങി പ്രത്യേക അനുമതി വാങ്ങി പരീക്ഷ എഴുതി. നിശ്ചയദാർഢ്യത്തിന് മുന്നിൽ അർബുദം അന്ന് വഴിമാറി. ഫലം വന്നപ്പോൾ ഷഹാനക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ്. തുടർന്ന് പ്ലസ് ടു എടരിക്കോട് പി.കെ.എം സ്കൂളിൽ ചേർന്ന് പഠിച്ചു. മരുന്ന് കഴിച്ച് തളർന്ന് പോകാറുണ്ടെങ്കിലും സ്കൂളിലെ അധ്യാപകർ ഷഹാനക്ക് കൈത്താങ്ങായി കൂടെ നിന്നു.
ബുധനാഴ്ച ഫലപ്രഖ്യാപനം വന്നപ്പോൾ തെന്നല നിവാസികളെ മുഴുവൻ ആനന്ദകണ്ണീരണിയിച്ചു ഈ മിടുക്കി. മുഴുവൻ വിഷയത്തിലും എപ്ലസ് വാങ്ങി മറ്റുള്ളവർക്കും മാതൃകയായിരിക്കുകയാണ് ഷഹാന. ഷഹാനയുടെ രോഗം വേഗത്തിൽ മാറണമെന്ന പ്രാർഥനയിലാണ് കുടുംബം. തുടർ പഠനം നടത്താനാണ് ഷഹാനയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.