ജൂത മുത്തശ്ശി സാറ കോഹന്‍റെ നൂറാം ജന്മദിനം ആഘോഷിക്കുന്നു
text_fieldsമട്ടാഞ്ചേരി: മൂന്നു വർഷം മുമ്പ് മരിച്ച സാറ കോഹൻ എന്ന ജൂതമുത്തശ്ശിയുടെ നൂറാം ജന്മദിനം മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ ഞായറാഴ്ച ആഘോഷിക്കും. ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത് മുസ്ലിം യുവാവാണെന്നത് പരിപാടിയെ വേറിട്ടതാക്കുന്നു.
സാറ കോഹൻ മകന്‍റെ സ്ഥാനത്ത് കണ്ടിരുന്നതും അവരെ ജീവിതാവസാനം വരെ പരിപാലിച്ചിരുന്നതും താഹ ഇബ്രാഹിം എന്ന യുവാവും ഭാര്യ ജാസ്മിനുമായിരുന്നു. ഇവർ തമ്മിലുള്ള മാതൃസ്നേഹത്തിന്‍റെ കഥ ഡോക്യുമെന്‍ററി വരെയായി. ശരത് കോട്ടക്കൽ സംവിധാനം ചെയ്ത സാറ താഹ തൗഫീഖ് ഡോക്യുമെന്‍ററി ആദ്യമായി പ്രദർശിപ്പിച്ചത് 2020ൽ ഇസ്രായേലിലെ ടെൽ അവീവ് യൂനിവേഴ്സിറ്റിയിലാണ്.
ഇന്ത്യൻ അംബാസഡർ സജീവ് സിംഗ്ലയാണിത് പ്രകാശനം ചെയ്തത്. സാറ കോഹന്‍റെ ബന്ധുക്കളായിരുന്നു ഇതിന് അവസരം ഒരുക്കിയത്. താഹ ഭാര്യ ജാസ്മിൻ, സംവിധായകൻ ശരത് എന്നിവരെയും ടെൽ അവീവിലേക്ക് ക്ഷണിച്ചിരുന്നു. സാറ കോഹന്‍റെ പേരിൽ ജൂതത്തെരുവിൽ മ്യൂസിയം ഒരുക്കി വരുകയാണ് താഹ. മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ സാറ മുത്തശ്ശിയുടെ ഓർമക്കായി 101 വിളക്കുകൾ ഞായറാഴ്ച തെളിയും. ഡോക്യുമെന്‍ററി പ്രദർശനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.