പൊലീസ് മെഡൽ നേട്ടത്തിൽ അഭിമാനത്തോടെ ചന്ദ്രലേഖ
text_fieldsപെരുമ്പാവൂര്‍: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹയായ എറണാകുളം റൂറല്‍ ജില്ലയിലെ കോടനാട് പൊലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ ഓഫീസര്‍ എം.സി. ചന്ദ്രലേഖ സാമൂഹിക പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥ. ഔദ്യോഗികരംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് അംഗീകാരം ഇവരെ തേടിയെത്തിയത്.
തൃശ്ശൂർ പൊലീസ് അക്കാദമിയില്‍ 10 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി 2004 ഒക്ടോബറിലാണ് ചന്ദ്രലേഖ സംസ്ഥാന പൊലീസിന്റെ ഭാഗമായത്. അങ്കമാലി സ്റ്റേഷനിലായിരുന്നു ആദ്യനിയമനം. സ്ഥലംമാറ്റം ലഭിച്ച് കോതമംഗലത്തെത്തിയപ്പോള്‍ ഷാഡോ പൊലീസ് സംഘത്തില്‍ അംഗമായി. പിന്നീട് കാലടിയിലും പെരുമ്പാവൂരും ട്രാഫിക് യൂനിറ്റുകളിലും ജോലി ചെയ്തു. പെരുമ്പാവൂരില്‍ ജോലി ചെയ്ത കാലയളവില്‍ സ്പെഷ്യല്‍ ബ്രാഞ്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് വനിതകളില്‍ ഒരാളായിരുന്നു.
2013 മുതല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ബോധവത്കരണ ക്ലാസുകള്‍ നല്‍കുന്നതില്‍ ശ്രദ്ധ പതിപ്പിച്ചു. ജോലി സമയം കഴിഞ്ഞും സമൂഹനന്മ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകള്‍ കൂടിയതോടെ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് നടപ്പിലാക്കിയ ‘വളരട്ടെ, വാടാതിരിക്കട്ടെ’ എന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്‌കൂളുകളിലും കോളജുകളിലും ഓര്‍ഫനേജുകളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയിലും ആദിവാസി കോളനികളിലും ചന്ദ്രലേഖ നടത്തിയ ക്ലാസുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
പൊതുജനങ്ങളോടുള്ള പക്വമായ ഇടപെടലുകളിലും കേസന്വേഷണമടക്കമുള്ള പ്രവര്‍ത്തനരംഗങ്ങളിലെ മികവിനും സേനക്കകത്ത് നിന്ന് നിരവധി ഗുഡ് സര്‍വീസ് എന്‍ട്രികള്‍ ലഭിച്ചിട്ടുണ്ട്. കുറിച്ചിലക്കോടാണ് ചന്ദ്രലേഖയുടെ സ്വദേശം. തൊടാപ്പറമ്പ് സുപ്രീം ഡിസ്ട്രിബ്യുട്ടേഴ്സില്‍ ജീവനക്കാരനായ കാഞ്ഞിരക്കാട് മാണിക്യത്താന്‍ വീട്ടില്‍ ഡെന്നിയാണ് ഭര്‍ത്താവ്. മക്കള്‍: ഡിയ, ആന്‍ഡ്രിയ, പിഷോണ്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.